
ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഈയിടെയാണ് പുറത്തിറങ്ങിയത്. ഭൂമിക്കായുള്ള ആദിവാസി ജനതയുടെ പോരാട്ടവും അതിനെ അടിച്ചമര്‍ത്തുന്ന ഭരണകൂടവും തുടര്‍ന്നുള്ള പോലീസ് സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നാം മറന്നുതുടങ്ങിയ ചില പോരാട്ടങ്ങളെ ഓര്‍മപ്പെടുത്തുകയാണ് ട്രെയിലര്‍.
To every battle for justice, To every fight against injustice, This one is for them all എന്ന വാചകത്തിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അനീതിക്കെതിരെ നീതിക്കായി പോരാടിയവര്‍ക്ക് സമര്‍പ്പിച്ചുളള ട്രെയിലറിലെ ദൃശ്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന ആദിവാസി പോരാട്ടത്തെയാണ്. വനത്തിനകത്ത് കുടില്‍ കെട്ടിയ ആദിവാസികളെയും അവര്‍ക്ക് നേരെ തോക്കും ലാത്തികളുമായി പാഞ്ഞടുക്കുന്ന പൊലീസുകാരെയും ട്രെയിലറില്‍ കാണാം.
'വാക്ക് പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്' എന്ന സമരപ്പന്തലിലെ വാചകം മുത്തങ്ങ സമരത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇത്. ട്രെയിലറിലെ ആര്യ സലീമിന്റെ കഥാപാത്രത്തിന് ഭൂസമരത്തിന് നേതൃത്വം നല്‍കിയ സി കെ ജാനുവുമായി സാമ്യം ഉണ്ട്. inspired from true events എന്ന വാചകം കൂടി എത്തുന്നതോടെ മുത്തങ്ങ തന്നെയായിരിക്കാം നരിവേട്ടയുടെ കഥാ പശ്ചാത്തലം എന്ന് വേണം കരുതാന്‍.
ഇനി, നാം മറന്നു തുടങ്ങിയ മുത്തങ്ങയിലെ ഭൂസമരം എന്തായിരുന്നുവെന്ന് നോക്കാം
ആദിവാസികള്‍ക്ക് അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കാന്‍ 1975 ല്‍ ആദിവാസി ഭൂസംരക്ഷണ നിയമം വന്നെങ്കിലും അത് നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരുകളും തയ്യാറായില്ല. ഭരണഘടനയുടെയും നിയമ വ്യവസ്ഥയുടെയും പിന്‍ബലം ഉണ്ടായിരുന്നിട്ടും ആദിവാസികളുടെ ഭൂമിയെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്തില്ല. 1975 ലെ നിയമം നിലവില്‍ കൊണ്ടുവരുന്നതിനായി പ്രതിഷേധങ്ങള്‍ ആരംഭിച്ചതോടെയാണ് കേരളത്തില്‍ ആദിവാസി ഭൂ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്.
അങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടു വന്ന ആദിവാസി ഭൂപ്രക്ഷോഭങ്ങളെ ഒന്നിപ്പിച്ച് മുന്നേറുന്നതിനായി സി കെ ജാനു, എം ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗോത്രമഹാസഭ എന്ന സംഘടന രൂപീകരിച്ചു. 90കളുടെ അവസാനത്തില്‍ കേരളത്തില്‍ ഉടനീളം ആദിവാസി മേഖലകളില്‍ ഉണ്ടായ പട്ടിണി മരണങ്ങളെ തുടര്‍ന്ന് 2001 ല്‍ ഗോത്രമഹാസഭ യുടെ നേതൃത്വത്തില്‍ ആദിവാസികള്‍ സെക്രട്ടറിയറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു.
2001 ഒക്ടോബറില്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി സമരക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. അതോടെ കുടില്‍കെട്ടി സമരം ആദിവാസികള്‍ അവസാനിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഭൂവിതരണം സാധ്യമാക്കാം എന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്നു ലഭിച്ചതോടെ ആണ് അവര്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ആദിവാസികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. ഒടുവില്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസികള്‍ സമരത്തിന് തയ്യാറെടുത്തു.
2003 ജനുവരി മൂന്നിന് നൂറു കണക്കിന് ആദിവാസി കുടുംബങ്ങള്‍ മുത്തങ്ങയിലെ വനമേഖലയില്‍ പ്രവേശിച്ച് അവിടെ കുടിലുകള്‍ കെട്ടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 700 ഓളം കുടിലുകളിലായി രണ്ടായിരത്തോളം ആദിവാസികള്‍ സമരഭൂമിയില്‍ നിലയുറപ്പിച്ചു. സമരം ആരംഭിച്ച്, ഒന്നര മാസം പിന്നിട്ടപ്പോള്‍, ഫെബ്രുവരി 19 ന് വലിയ പൊലീസിന്റെ വലിയ സന്നാഹം തന്നെ ആദിവാസികളെ ഒഴിപ്പിക്കുന്നതിനായി മുത്തങ്ങയിലെത്തി.
പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആയുധങ്ങളുമായി ആദിവാസി കുടിലുകളിലേക്ക് ഇരച്ചുകയറിയെത്തിയ പൊലീസ് സ്ത്രീകളെയും കുട്ടികളെയുമടക്കം കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. നിലത്തുവീണവരെ പൊതിരെ തല്ലി. ബൂട്ടുകള്‍കൊണ്ട് ചവിട്ടിമെതിച്ചു. കുടിലുകള്‍ക്ക് തീയിട്ടു, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലും വെടിയുതിര്‍ത്തു. സമരഭൂമി കത്തിച്ചാമ്പലായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലാണ് കേരളം അന്ന് മുത്തങ്ങയില്‍ കണ്ടത്.
അന്നത്തെ ആ സംഘര്‍ഷത്തില്‍ 2 പേരാണ് കൊല്ലപ്പെട്ടത്. ഒന്ന് ആദിവാസി യുവാവ് ജോഗി. മറ്റൊരാള്‍ വിനോദ് എന്ന പോലീസുകാരന്‍. ജോഗിയുടെത് ദുരൂഹ മരണമായി രജിസ്റ്റര്‍ ചെയ്ത പോലീസ് വിനോദിന്റെ മരണത്തില്‍ നിരവധി ആദിവാസികളെ പ്രതികളാക്കി കേസെടുത്തു. അവരെ കാലങ്ങളോളം പീഡിപ്പിച്ചു, സംഭവം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത് പോലും. അവര്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്. മൂന്ന് നേരം കൃത്യമായി കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത ആദിവാസികള്‍ ഇന്നും ഒരുതുണ്ട് ഭൂമി ലഭിക്കാതെ, സമരത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി വയനാട്ടില്‍ ഉണ്ട്.
Content Highlights: tovino thomas movie narivetta trailer muthanga adivasi movement wayanad