'തലൈവർ ഫാൻ ബോയ്' ഒരുക്കുന്ന 'നടിപ്പിൻ നായകൻ സംഭവം'; റെട്രോയ്ക്ക് ടിക്കെറ്റെടുക്കാൻ കാരണങ്ങളുണ്ട്

തന്റെ മുന്‍ സിനിമകളുടെ അതേ പവറില്‍ കാര്‍ത്തിക് സുബ്ബരാജ് മാജിക് ഇവിടെയും ആവര്‍ത്തിച്ചാല്‍ ഉറപ്പായും പറയാം SURIYA IS BACK എന്ന്

dot image

കഴിഞ്ഞ വര്‍ഷത്തെ മാര്‍ച്ച് മാസം. തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ്യുടെ അവസാന ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന സമയം. പേട്ട, ജിഗര്‍ത്തണ്ട തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പേരാണ് ദളപതിയുടെ അവസാന ചിത്രവുമായി ചേര്‍ത്തുവെച്ച് കേട്ടത്. അങ്ങനെ നില്‍ക്കവേ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നു. എന്നാല്‍ വിജയ് ആയിരുന്നില്ല, നടിപ്പിന്‍ നായകന്‍ സൂര്യയായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ നായകന്‍. ലവ്, ലാഫ്റ്റര്‍, വാര്‍ എന്ന ടാഗ്ലൈനുമായി വന്ന സൂര്യ 44 പിന്നീട് റെട്രോയായി മാറി. ഇപ്പോള്‍ റിലീസ് ഇങ്ങ് അടുത്ത് നില്‍ക്കുമ്പോള്‍ സിനിമയുടെ മേല്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സൂര്യയ്ക്കായി ഒരുക്കി വെച്ചിരിക്കുന്നത് മാജിക്ക് എന്താണ് എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ മേല്‍ പ്രതീക്ഷ നല്‍കുന്ന കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

റെട്രോ സിനിമയിലെ ചിത്രം

കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ഈ സിനിമയുടെ ഹൈപ്പ് കൂട്ടുന്നതിന് പ്രധാന കാരണം. പിസ എന്ന ആദ്യചിത്രത്തിലൂടെ കൊണ്ട് ന്യൂ ജനറേഷന്‍ തമിഴ് സിനിമകള്‍ക്ക് തുടക്കം കുറിച്ച കാര്‍ത്തിക് സുബ്ബരാജ് പിന്നീട് ഇങ്ങോട്ട് ജിഗര്‍ത്തണ്ട, ഇരൈവി, മെര്‍ക്കുറി, പേട്ട, മഹാന്‍, ജിഗര്‍ത്തണ്ട ഡബിള്‍ എക്‌സ് എന്നിങ്ങനെ ചെയ്ത എല്ലാ സിനിമകളിലും വ്യത്യസ്തതകിലൂടെ തന്റെ കയ്യൊപ്പ് പതിച്ച വ്യക്തിയാണ്. ആ വ്യത്യസ്തത, പുതുമ ഇവിടെ റെട്രോയിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഒരു സൂപ്പര്‍താരത്തെ, ആരാധകര്‍ക്ക് ആഘോഷിക്കും വിധം ഒരുക്കുന്നതിനുള്ള കാര്‍ത്തിക് സുബ്ബരാജിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്. പേട്ട എന്ന ചിത്രം നോക്കിയാല്‍ രജനികാന്ത് എന്ന സൂപ്പര്‍താരത്തിന്റെ മോശപ്പെട്ട അവസ്ഥയിലായിരുന്നു കാര്‍ത്തിക് സുബ്ബരാജ് അദ്ദേഹത്തെക്കൊണ്ട് നാന്‍ വീഴവേന്‍ എന്‍ട്ര് നിനൈത്തായോ എന്ന് പറയിപ്പിച്ചത്. അതുപോലെ ചിയാന്‍ വിക്രമിന് മഹാനിലൂടെ കാര്‍ത്തിക് നല്‍കിയ മൈലേജും ചെറുതല്ല. ഇവിടെ അല്‍പ്പം മോശം ഫേസിലൂടെ പോകുന്ന സൂര്യയ്ക്ക് റെട്രോയിലൂടെ ഒരു വമ്പന്‍ ഹിറ്റ് കാര്‍ത്തിക് സുബ്ബരാജ് നല്‍കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മാത്രമല്ല റെട്രോയുടെ രചനാ സമയത്ത് തന്റെ മനസ്സില്‍ രജനികാന്തായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. ഒരു പക്കാ തലൈവര്‍ ഫാന്‍ ബോയ് എന്ന് പേര് കേട്ട കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ മനസ്സില്‍ കൊണ്ടെഴുതിയ കഥ നിസ്സാരമാവില്ലല്ലോ.

സൂര്യയും കാർത്തിക്ക് സുബ്ബരാജും

സിനിമയ്ക്ക് പ്രതീക്ഷ നല്‍കുന്ന അടുത്ത കാര്യം, അത് റെട്രോയിലെ നായകന്റെ പേര് തന്നെയാണ്… സൂര്യ. ബ്ലാക്ക് ഡ്രസ്സും ധരിച്ച് കയ്യില്‍ തോക്കുമായി കൊല സ്വാഗില്‍ നടന്നുവരുന്ന സൂര്യയെ ആയിരുന്നു റെട്രോയുടെ ആദ്യ പ്രൊമോയില്‍ കണ്ടത്. പിന്നീട് ഇങ്ങോട്ട് വന്ന ഓരോ അപ്‌ഡേറ്റിലും സൂര്യ എന്ന പെര്‍ഫോമറുടെ അഴിഞ്ഞാട്ടം ഉറപ്പ് നല്‍കുന്നുണ്ട്. അതുപോലെ സിനിമയുടെ ടാഗ് ലൈന്‍ നോക്കിയാല്‍ 'ലവ്, ലാഫ്റ്റര്‍, വാര്‍' എന്നാണ്. 'സൂര്യ സോണ്‍' എന്ന് വിളിക്കാന്‍ കഴിയുന്നതാണ് നടന്റെ സിനിമകളിലെ പ്രണയ നിമിഷങ്ങള്‍. ഒരു ജനറേഷനെ കൊണ്ട് 'നാന്‍ അത് സൊല്ലിയെ ആവണം… നീ അവളോ അഴക്' എന്ന് പറയിപ്പിച്ച നായകന്റെ മനോഹരമായ പ്രണയ നിമിഷങ്ങള്‍ ഇവിടെയും പ്രതീക്ഷിക്കാം. കഴിഞ്ഞ കുറച്ച് നാളുകളായി കേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കും ബോക്‌സ് ഓഫീസിലെ വെല്ലുവിളികള്‍ക്കുമെല്ലാം റെട്രോയിലൂടെ സൂര്യ മറുപടി നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

റെട്രോ റിലീസ് ചെയ്യുമ്പോള്‍ മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ആയിട്ടുള്ള രണ്ടു ഫാക്ടറുകള്‍ കൂടിയുണ്ട്. മലയാളത്തിന്റെ സ്വന്തം ജയറാമും ജോജു ജോര്‍ജും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അന്യഭാഷാ സിനിമകളില്‍ പോയി അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്റെ പേരില്‍ ജയറാം ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇവിടെ അത് ഉണ്ടാകില്ല എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ടീസറിലും ട്രെയ്‌ലറിലുമെല്ലാം ജയമാറിന്റെ മികവുറ്റ പ്രകടനം ഉറപ്പ് നല്‍കുന്നുമുണ്ട്. ജോജുവിലേക്ക് വന്നാല്‍ റെട്രോയുടെ ട്രെയ്‌ലറിന്റെ അവസാന ഭാഗത്തെ DADDY IS COMING എന്ന ഡയലോഗ് മാത്രം മതി, നടന്റെ ക്യാരക്ടറിന് ഹൈപ്പ് കൂട്ടാന്‍.

ജയറാമും ജോജു ജോര്‍ജും

സിനിമയുടെ അടുത്ത പ്രോമിസിംഗ് ഫാക്ടര്‍ എന്തെന്നാല്‍ സന്തോഷ് നാരായണന്റെ മ്യൂസിക് തന്നെയാണ്. പിസ മുതല്‍ ഇങ്ങോട്ട് കാര്‍ത്തിക് സുബ്ബരാജിന്റെ ഒട്ടുമുക്കാല്‍ സിനിമകളുടെയും നെടുംതൂണ്‍ എന്ന് വിളിക്കാം സന്തോഷ് നാരായണന്റെ സ്‌കോറുകളെ. കബാലിയെ 'നെരുപ്പ് ഡാ' എന്ന് ഇന്‍ട്രൊഡ്യൂസ് ചെയ്ത സന്തോഷ് നാരായണന്‍ ഇവിടെ സൂര്യയ്ക്കും കിടിലന്‍ ബിജിഎം തന്നെ നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇതിനകം റെട്രോയിലെ കനിമ പാട്ടൊക്കെ ഇന്‍സ്റ്റ റീലുകളില്‍ തരംഗമാണ്.

ആക്ഷന്‍ സീക്വന്‍സുകളാണ് സിനിമയുടെ ഹൈപ്പ് കൂട്ടുന്ന മറ്റൊരു ഫാക്ടര്‍. റെട്രോ ഒരു വലിയ ആക്ഷന്‍ ചിത്രമാണ് എന്നും സിനിമയില്‍ 20 ആക്ഷന്‍ സീനുകളുണ്ട് എന്നുമാണ് ആക്ഷന്‍ ഡയറക്ടര്‍ കേച്ച കംഫക്ദീ ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്, അതും പല സ്‌റ്റൈലിലുള്ളത്. അയന്‍ സിനിമയിലെ പാര്‍ക്കര്‍ ജംപും ആദവനിലെ പാലത്തിന് മുകളില്‍ നിന്നുള്ള ചാട്ടവും എല്ലാം സ്വയം ചെയ്ത സൂര്യ ഇക്കുറിയും സ്റ്റണ്ട് ഡബിളുകളെ ഉപയോഗിച്ചിട്ടില്ല എന്നും കേച്ച കംഫക്ദീ വ്യക്തമാക്കിയിട്ടുണ്ട്. അയനിലും ഏഴാം അറിവിലുമെല്ലാം കണ്ട സൂര്യയുടെ കിടിലന്‍ ആക്ഷന്‍ മൊമെന്റ്സ് ഇവിടെയും പ്രതീക്ഷിക്കാം. റെട്രോയുടെ ട്രെയ്‌ലറില്‍ ആ വെടിച്ചില്ല് ഫൈറ്റുകളുടെ ഗ്ലിമ്പ്‌സ് കാര്‍ത്തിക് സുബ്ബരാജും അല്‍ഫോന്‍സ് പുത്രനും കാണിച്ചിട്ടുമുണ്ട്.

ലവും ലാഫ്റ്ററും വാറും നിറഞ്ഞ് നില്‍ക്കുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ തന്നെയാകും റെട്രോ എന്ന് പ്രതീക്ഷിക്കാം. തന്റെ മുന്‍സിനിമകളുടെ അതേ പവറില്‍ കാര്‍ത്തിക് സുബ്ബരാജ് മാജിക്ക് ഇവിടെയും ആവര്‍ത്തിച്ചാല്‍ ഉറപ്പായും പറയാം SURIYA IS BACK എന്ന്.

Content HIghlights: Five reasons to watch Retro movie

dot image
To advertise here,contact us
dot image