
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രാമായണ ടീസര്‍ വലിയ സ്വീകാര്യത നേടുന്നതിനൊപ്പം മറ്റൊരു ചിത്രം എയറിലായിരിക്കുകയാണ്. മുമ്പ് രാമയണ കഥ സിനിമയാക്കിയ ആദിപുരുഷിനെയാണ് സോഷ്യല്‍ ലോകം ട്രോളുന്നത്.
ഇതിന് പിന്നാലെ ആദിപുരുഷ് ചിത്രത്തിലെ 'ജയ് ശ്രീറാം' എന്ന പാട്ടിന്‍റെ ഫോര്‍ കെ വിഡിയോ വീണ്ടും ടി സീരിസ് യൂട്യൂബിൽ അപ്ലേഡ് ചെയ്തിരിക്കുകയാണ്. രാമായണ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ പാട്ട് പുറത്തുവിട്ടത് കൊണ്ട് തന്നെ ഇത്രയ്ക്ക് അസൂയ പാടില്ലെന്നും പ്രഭാസിനോട് ഈ ചതി വേണ്ടിയിരുന്നില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. ഒന്ന് മറന്ന് വരുമ്പോൾ വീണ്ടും ഓർമിപ്പിച്ച് പ്രഭാസിനോട് വില കളയല്ലേയെന്നും കമന്റുകൾ ഉണ്ട്.
രാമായണത്തിനെ ആസ്പദമാക്കിയായിരുന്നു ആദിപുരുഷും പുറത്തിറങ്ങിയത്. എന്നാൽ മോശം വിഷ്വൽ ഇഫക്റ്റ്സ്, മോശം കഥാപാത്ര നിർമ്മിതി എന്നിവയുടെ പേരിൽ സിനിമ ട്രോൾ ചെയ്യപ്പെട്ടിരുന്നു. കഥാപാത്രങ്ങൾ മോശമായ ഭാഷയിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളും പരാതികളുമാണ് വന്നത്. പ്രഭാസിന്റെ സ്റ്റാർഡത്തിനെ ആദിപുരുഷിൻ്റെ സംവിധായകനായ ഓം റൗട്ടിന് ഉപയോഗിക്കനായില്ലെന്നുമാണ് കമന്റുകൾ.
അതേസമയം, രണ്ട് ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.
Content Highlights: Adipurush team releases new video