
മലയാളത്തിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. നടന്റേതായി അടുത്ത് പുറത്തിറങ്ങിയ മാർക്കോ, മാളികപ്പുറം തുടങ്ങിയ സിനിമകൾ വലിയ വിജയമാണ് നേടിയത്. ഇതിൽ മാർക്കോ 100 കോടി ക്ലബിൽ ഇടം പിടിക്കുകയും നോർത്തിൽ അടക്കം വലിയ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ടു ഉയർന്നിരിക്കുന്നത്.
മറ്റൊരു സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദൻ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തല്ലിയെന്ന പരാതിയുമായി നടന്റെ മാനേജർ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇൻഫോപാർക്ക് പൊലീസ് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നടൻ മുഖത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ പതിനെട്ട് വർഷമായി മലയാള സിനിമയിൽ പല താരങ്ങളുടെയും പി ആർ വർക്കുകളും സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളും ചെയ്തു വരുന്ന ആളാണ് പരാതിക്കാരനായ വിപിൻ കുമാർ. ഒപ്പം കഴിഞ്ഞ ആറ് വർഷത്തോളമായി ഉണ്ണി മുകുന്ദന്റെ മാനേജരുമാണ് ഇദ്ദേഹം. അടുത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം നരിവേട്ടയുടെ പ്രൊമോഷനായി ബന്ധപ്പെട്ടു വിപിൻ പ്രവർത്തിച്ചിരുന്നു. ചിത്രം കണ്ട് സ്വന്തം സോഷ്യൽ മീഡിയ പേജിൽ അഭിനന്ദനവുമായി വിപിൻ എത്തിയിരുന്നു. ഇത് കാരണമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചതെന്നാണ് വിപിൻ കുമാർ ആരോപിക്കുന്നത്. ഒപ്പം തന്നെ മർദ്ദിക്കാനിടയുണ്ടാക്കിയ മറ്റു സാഹചര്യങ്ങളെക്കുറിച്ചും വിപിൻ പരാതിയിൽ പറയുന്നുണ്ട്.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ മാർക്കോ സിനിമ ഹിറ്റായിരുന്നുവെങ്കിലും തുടർന്നെത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന സിനിമ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. അന്ന് മുതൽ ഉണ്ണി മുകുന്ദൻ മാനസികമായി നിരാശയിലാണെന്നും ചിത്രത്തിലെ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണെന്നും വിപിൻ തന്റെ പരാതിയിൽ പറയുന്നുണ്ട്. നടനെ തേടി വലിയ ഓഫറുകൾ ഒന്നും എത്തിയിരുന്നില്ല, ഇതിന്റെ ഫ്രസ്ട്രേഷന്‍ നടൻ മറ്റുള്ളവരോട് തീർക്കുകയാണെന്നാണ് മാധ്യമങ്ങളോട് വിപിൻ പറയുന്നത്. മാത്രമല്ല അടുത്തിടെ ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. വമ്പൻ ബഡ്ജറ്റിലാണ് ഈ സിനിമ ഒരുങ്ങാനിരുന്നത്. ഗോകുലം മൂവീസ് ആയിരുന്നു ഈ സിനിമ നിർമാണം. എന്നാൽ സിനിമയുടെ നിർമാണത്തിൽ നിന്നും ഗോകുലം മൂവീസ് പിന്മാറിയതും ഉണ്ണി മുകുന്ദനെ അസ്വസ്ഥനാക്കിയെന്നും വിപിൻ പറയുന്നു.
ഒപ്പം ഒരു പ്രമുഖ താരത്തെ വെച്ച് അനൗൺസ് ചെയ്ത് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ണി മുകുന്ദൻ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വെച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ടു നിർമാതാവിനോട് സംസാരിക്കാൻ വിപിനോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അത് നടക്കാതെ വന്നതിലുള്ള അമർഷം ആ നിർമാതാവിനെയും തന്നെയും അസഭ്യം പറഞ്ഞാണ് ഉണ്ണി മുകുന്ദൻ തീർത്തതെന്നും വിപിൻ പരാതിയിൽ പറയുന്നു.
ഉണ്ണി മുകുന്ദനോടൊപ്പം വർക്ക് ചെയ്ത പലർക്കും സമാന അനുഭവം ഉണ്ടായതിനെത്തുടർന്നാണ് പുറത്തുപോയതാണെന്നും മാനേജർ വിപിൻ പറയുന്നു. ആറു വര്‍ഷമായി പുള്ളിയുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്, പടം വിജയിക്കാത്തതിന്റെ ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നത് കൂടെയുള്ളവരോടാണ്, കൂടെയുണ്ടായിരുന്ന ആരും ഇപ്പോഴില്ല, തനിക്ക് കേള്‍ക്കാവുന്നതിനു ഒരു പരിധിയുണ്ടെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞു. നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ട അന്നുരാത്രി ഉണ്ണി വിളിച്ചിട്ടു ഇനി മാനേജര്‍ പണിവേണ്ടെന്ന് പറയുകയും താന്‍ ഓകെ പറയുകയും ചെയ്തതായും വിപിൻ പറഞ്ഞു. എന്നാൽ അപ്രതീക്ഷിതായി തന്നെ വിളിച്ച് കാക്കനാടുള്ള ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെടുകയും ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി യാതൊരു പ്രകോപനവും കൂടാതെ മർദിച്ചെന്നുമാണ് വിപിൻ പറയുന്നത്. വേറെ ഒരു താരം സമ്മാനമായി തന്ന തന്റെ കണ്ണാടി ഉണ്ണി ചവിട്ടിപ്പൊട്ടിച്ചെന്നും വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫിലിം ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന പല കാര്യങ്ങളുണ്ട്, അതൊക്കെ താന്‍ വഴിയേ പറയാം എന്നാണ് വിപിൻ തുടർന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എഎംഎംഎ, ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ടെന്ന് വിപിൻ കൂട്ടിച്ചേർത്തു. ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉണ്ണി മുകുന്ദനെതിരെ മാനേജർ ഉന്നയിച്ചിരിക്കുന്നത്. നേരത്തെയും ഉണ്ണി മുകുന്ദനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. മുൻപ് ഒരു സംവിധായകനെ മർദ്ദിച്ചതിന്റെ പേരിലും ഒരു സിനിമ റിവ്യൂവറെ ഫോണിൽ വിളിച്ച് തെറി പറഞ്ഞതിന്റെ പേരിലും ഉണ്ണിക്കെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.
Content Highlights: Vipin Kumar complaint against Unni Mukundan