
സ്പൈ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ലോകത്തെമ്പാടും നിരവധി സിനിമകൾ വന്നിട്ടുണ്ട്. പല രാജ്യങ്ങളിലെ ചാരന്മാർ നടത്തിയ ത്രില്ലിങ്ങായ മിഷനുകളും അവരുടെ ജീവിതവും യാതനകളും ആസ്പദമാക്കിയുള്ള സിനിമകൾക്ക് ആരാധകരും ഏറെയാണ്. ഹോളിവുഡിൽ ഉൾപ്പെടെ വളരെ പ്രശസ്തമായ ഈ ഴോണറില്‍ ഇപ്പോൾ ഇന്ത്യയിലും നിരവധി ഉണ്ടാകുന്നുണ്ട്. റാസി, വിശ്വരൂപം, ബേബി തുടങ്ങി നിരൂപക പ്രശംസ നേടിയ സിനിമകളും ഒപ്പം യഷ് രാജ് ഫിലിംസിന്റേതായി പുറത്തിറങ്ങുന്ന സ്പൈ യൂണിവേഴ്‌സ് പോലെ കൊമേർഷ്യൽ സിനിമകളും ഈ ഴോണറിന്റെ ഭാഗമാണ്. ഇപ്പോഴിതാ ബോളിവുഡിന്റെ ഭാഗമാകാൻ വീണ്ടുമൊരു സ്പൈ ചിത്രമെത്തുകയാണ്. യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു ധീര വനിതയുടെ കഥയാണ് ഇത്തവണ സിനിമയാകുന്നത്. നീര ആര്യ എന്ന സ്പൈയുടെ കഥയാണ് ഇത്തവണ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ആരാണ് നീര ആര്യ? എന്തൊക്കെയാണ് അവർ നടത്തിയ പ്രവർത്തനങ്ങൾ?
സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യ വനിതാ ചാരയാണ് നീര ആര്യ. സ്വാതന്ത്ര്യ സമര സേനാനിയായ അവർ സുഭാഷ് ചന്ദ്ര ബോസിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കുകയും നിരവധി മിഷനുകളിൽ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 1902 മാർച്ച് 5 ന് ബാഗ്പത് ജില്ലയിലെ ഖേകഡ ഒരു കുടുംബത്തിലാണ് നീര ആര്യ ജനിച്ചത്. നീര ആര്യയുടെ പിതാവ് പ്രശസ്ത ബിസിനസുകാരനായിരുന്ന സേത്ത് ഛജ്ജുമാൽ ആയിരുന്നു.
കൊൽക്കത്തയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ നീര തുടർന്ന് ആസാദ് ഹിന്ദ് ഫൗജിലെ റാണി ഝാൻസി റെജിമെന്റിൽ വനിത സൈനികയായി പ്രവേശനം നേടി. ഇതിനെ ഒരു ജോലിയായി മാത്രം കണക്കാക്കിയ നീരയുടെ അച്ഛന്‍ അവള്‍ക്ക് അനുയോജ്യനായ വരനെ തിരയാന്‍ തുടങ്ങിയിരുന്നു. വെെകാതെ ബ്രിട്ടീഷ് ആർമി ഓഫീസർ ശ്രീകാന്ത് ജയ് രഞ്ജൻ ദാസുമായി നീരയുടെ വിവാഹം നടന്നു. അന്ന് ശ്രീകാന്ത് ഇന്ത്യയിൽ സിഐഡി ഇൻസ്പെക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. എന്നാൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിലെ നീരയുടെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞ ശ്രീകാന്ത് ബോസിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി നീരയെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തു. ഇത് അവരുടെ വിവാഹജീവിതത്തിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്.
ഒരു നാൾ ബോസിനെ കാണാനായി നീര പോകുന്ന നേരത്ത് ശ്രീകാന്ത് അവളെ പിന്തുടരുകയും ബോസിനെ വധിക്കാനായി വെടിയുതിർക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം രക്ഷപ്പെട്ടു. അയാളുടെ ലക്ഷ്യം ബോസാണെന്ന് മനസിലാക്കിയ നീര ഭർത്താവായ ശ്രീകാന്തിനെ കുത്തികൊലപ്പെടുത്തി. ഇതിന്റെ ശിക്ഷയായി ബ്രിട്ടീഷ് സർക്കാർ അവരെ ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിൽ തടവിന് വിധിക്കുകയും ചെയ്തു.
ജയിലിൽ കഴിഞ്ഞ സമയത്ത്, ഐഎൻസി നേതാക്കളെക്കുറിച്ചും പ്രത്യേകിച്ച് സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയാൽ ജാമ്യം നൽകാമെന്ന വാഗ്ദാനവുമായി പലരും എത്തിയിരുന്നു. എന്നാലും നീര ആ വാഗ്ദാനങ്ങളിൽ വീണില്ല. കൊടിയ പീഡനങ്ങളായിരുന്നു നീരയ്ക്ക് ജയിലയിൽ അനുഭവിക്കേണ്ടി വന്നത്. ആന്‍ഡമാനിലെ നിരന്തര പീഢനങ്ങളില്‍ ബ്രസ്റ്റ് റിപ്പര്‍ ഉപയോഗിച്ച് അവരുടെ സ്തനങ്ങളില്‍ പോലും മുറിവുകളുണ്ടാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 'സ്തനങ്ങള്‍ മുറിച്ച് കളയാനായിരുന്നു അവര്‍ വന്നത് എന്നാല്‍ കൊടിലിന് മൂര്‍ച്ചയില്ലാതിരുന്നതിനാല്‍ അവര്‍ക്കത് മുറിക്കാന്‍ കഴിഞ്ഞില്ല, പക്ഷെ മുറിവേല്‍പ്പിക്കാന്‍ കഴിഞ്ഞു.' നീര ആര്യ തന്റെ ആത്മകഥയില്‍ വ്യക്തമാക്കി. പീഡനങ്ങൾക്കിടയിലും നീര രാജ്യത്തോടുള്ള സ്നേഹവും വിശ്വാസവും കൈവിട്ടില്ല.
ഒടുവിൽ നീര ആസാദ് ഹിന്ദ് ഫൗജിന്റെ ആദ്യ വനിതാ സ്പൈ ആയി മാറി. സുഭാഷ് ചന്ദ്ര ബോസ് നേരിട്ടാണ് ഈ പദവിയും ഉത്തരവാദിത്തവും നീരയ്ക്ക് കൈമാറിയത്. തുടർന്നുള്ള കാലഘട്ടത്തിൽ ഐഎൻഎയ്ക്ക് നിരവധി സംഭാവനകളാണ് നീര നടത്തിയത്. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ നീര പൂക്കൾ വിറ്റാണ് ഉപജീവനം നടത്തിയതെന്ന് പറയപ്പെടുന്നു. 1998 ജൂലൈ 26 നാണ് നീര ആര്യ അന്തരിക്കുന്നത്.
കന്നഡ നടിയും സംവിധായികയുമായ രൂപ അയ്യരാണ് ഇപ്പോൾ നീര ആര്യ ബിയോപിക് സംവിധാനം ചെയ്യുന്നത്. മുഖപുത (2010), ചന്ദ്ര (2013 ) തുടങ്ങിയ സിനിമകൾ ഇതിന് മുൻപ് രൂപ സംവിധാനം ചെയ്തിട്ടുണ്ട്. നീര ആര്യ ബിയോപിക് നീര അയ്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ദേശീയ അവാർഡ് ജേതാവായ എഴുത്തുകാരൻ വരുൺ ഗൗതം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'ഒരു പത്രപ്രവർത്തകന്റെ കണ്ണിലൂടെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. നീരയെക്കുറിച്ചും 1940 കളിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ചുമുള്ള ആധികാരിക വിവരങ്ങൾ ലഭിക്കാൻ ഞാൻ നിരവധി പുസ്തകങ്ങൾ റഫർ ചെയ്തിട്ടുണ്ട്. അവരുടെ ജന്മസ്ഥലമായ ഖേകഡയിൽ ചെന്ന് ഞാൻ നിരവധി ആളുകളെ കണ്ടു. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രശസ്തരായവരെ കൂടാതെ, രാജ്യത്തിനായി ജീവിതം സമർപ്പിച്ച നിരവധി സ്വാതന്ത്ര്യ സമര സേനാനികളുണ്ട്. ഭാവി തലമുറകൾ അവരെ കുറിച്ച് കൂടി അറിയണം, മനസിലാക്കണം. അതിന് ഈ സിനിമ സഹായിക്കുമെന്ന് കരുതുന്നു. അതുതന്നെയാണ് ഈ കഥ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം', എന്നാണ് സിനിമയെക്കുറിച്ച് രൂപ അയ്യർ പറഞ്ഞത്.
Content Highlights: First Woman Spy Neera Arya and her movie