
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശൗചാലയം സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും ജീര്‍ണ്ണിച്ച അവസ്ഥയില്‍. അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്കുള്ള പ്രവേശനം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സുരക്ഷാ ജീവനക്കാര്‍ വിലക്കി. സുരക്ഷിത അകലത്തില്‍ നിന്നുകൊണ്ട് റിപ്പോര്‍ട്ടിംഗ് ചെയ്യാമെന്ന് ആവശ്യപ്പെട്ടെങ്കിലും ആ ഭാഗത്തേക്ക് പ്രവേശനം അനുവദിച്ചില്ല.
കോണ്‍ക്രീറ്റ് ഭാഗം ഇളകി കമ്പികള്‍ പുറത്തുകാണുന്ന അവസ്ഥയിലാണ് കെട്ടിടത്തിന്റെ പലഭാഗങ്ങളും. സമാനമായ കെട്ടിടത്തിന്റെ എതിര്‍ഭാഗത്ത് കടകള്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം മറ്റുവാര്‍ഡിലേക്കുള്ള വഴിയും ഫിറ്റ്‌നെസ് ഇല്ലാത്ത ഇതേ കെട്ടിടത്തിലൂടെയാണ്.
കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്‌നസ് ഇല്ലായിരുന്നുവെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു. നിലവില്‍ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥ അറിയിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കും. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിലാവും റവന്യൂ സംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Content Highlights: Kottayam Medical College building Collapse Media access to the accident site was blocked