ബിർമിങ്ഹാമിലെ ഇരട്ട സെഞ്ച്വറി; ശുഭ്മൻ ​ഗിൽ സ്വന്തം പേരിലാക്കിയത് നിരവധി റെക്കോർഡുകൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണ് ​ഗിൽ എ‍ഡ്ജ്ബാസ്റ്റണിൽ അടിച്ചെടുത്തത്

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. 387 പന്തുകൾ നേരിട്ട് 30 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം ശുഭ്മൻ ​ഗിൽ 269 റൺസാണ് നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 587 എന്ന മികച്ച സ്കോറിലെത്തിക്കാനും ​ഗില്ലിന് സാധിച്ചു. ഇതിനിടെയിൽ ​ഗിൽ സ്വന്തം പേരിൽ കുറിച്ചത് നിരവധി റെക്കോർഡുകളാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ ബാറ്റർമാരിൽ ഏഴാം സ്ഥാനത്താണ് ശുഭ്മൻ ​ഗിൽ. 319 റൺസ് നേടിയ വിരേന്ദർ സെവാ​ഗ് ആണ് ഈ നേട്ടത്തിൽ മുന്നിലുള്ളത്. 2008ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സേവാ​ഗ് ചരിത്രം കുറിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണ് ​ഗിൽ എ‍ഡ്ജ്ബാസ്റ്റണിൽ അടിച്ചെടുത്തത്. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്‍ലി നേടിയ പുറത്താകാതെ 254 റൺസെന്ന നേട്ടം ​ഗിൽ പഴങ്കഥയാക്കി.

ഇം​ഗ്ലണ്ടിൽ ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണ് ​ഗിൽ നേടിയതെന്നത് മറ്റൊരു ചരിത്രം. 2004ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരെ സച്ചിൻ തെണ്ടുൽക്കർ നേടിയ പുറത്താകാതെ 241 റൺസെന്ന റെക്കോർഡാണ് ​ഗിൽ തിരുത്തിയെഴുത്തിയത്.

എവേ രാജ്യത്ത് ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ നേടിയ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് ​ഗിൽ. മുമ്പ് 2004ൽ മുൾട്ടാനിൽ സെവാ​ഗ് നേടിയ 309 റൺസും അതേ പരമ്പരയിൽ റാവൽപിണ്ടിയിൽ രാഹുൽ ദ്രാവിഡ് നേടിയ 270 റൺസുമാണ് എവേ രാജ്യത്ത് ഇന്ത്യൻ ബാറ്റർമാർ നേടിയ വ്യക്തി​ഗത സ്കോറുകൾ.

ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് ​ഗിൽ. ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരവും ​ഗിൽ തന്നെയാണ്. 25 വയസും 298 ദിവസവും പ്രായമുള്ളപ്പോഴാണ് ​ഗില്ലിന്റെ നേട്ടം. 23 വയസും 39 ദിവസവും പ്രായമുള്ളപ്പോൾ ഇരട്ട സെ‍ഞ്ച്വറി മുൻ നായകൻ മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഈ നേട്ടത്തിൽ ​​ഗില്ലിന് മുമ്പിലുള്ളത്. 25 വയസിൽ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട സെഞ്ച്വറി നേട്ടമാണ് ​ഗില്ലിന്റെ പേരിലായ മറ്റൊരു റെക്കോർഡ്. നേരത്തെ 2023ൽ ന്യൂസിലാൻഡിനെതിരെ ​ഗിൽ ഏകദിന ക്രിക്കറ്റിലും ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

Content Highlights: Full list of records broken by Shubman Gill during 269-run innings against England

dot image
To advertise here,contact us
dot image