Top

'ഹണി ബീയും വൈറ്റ് മിസ്ചീഫും ഇനി സിംഗപ്പൂര്‍ കമ്പനിക്ക് സ്വന്തം'; യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ 32 ബ്രാന്‍ഡുകള്‍ വാങ്ങി

ഹേവാർഡ്‌സ്, ഓൾഡ് ടാവേൺ, വൈറ്റ്-മിസ്‌ചീഫ്, ഹണി ബീ, ഗ്രീൻ ലേബൽ, റൊമാനോവ് തുടങ്ങിയ ബ്രാൻഡുകൾ പ്രീമിയം ബ്രാൻഡുകളായും മാറും

31 May 2022 9:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹണി ബീയും വൈറ്റ് മിസ്ചീഫും ഇനി സിംഗപ്പൂര്‍ കമ്പനിക്ക് സ്വന്തം; യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ 32 ബ്രാന്‍ഡുകള്‍ വാങ്ങി
X

ഹണി ബീ, വൈറ്റ്-മിസ്‌ചീഫ്, ഓൾഡ് ടാവേൺ തുടങ്ങിയ ജനപ്രിയ മദ്യ ബ്രാൻഡുകൾ ഇനി സിംഗപ്പൂര്‍ കമ്പനിക്ക് സ്വന്തം. പ്രമുഖ മദ്യ നിര്‍മാണക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ 32 ബ്രാന്‍ഡുകളാണ് ഇന്ത്യൻ വ്യവസായി രവി ഡിയോളിന്റെ ഉടമസ്ഥതയിലുള്ള ഇൻബ്രൂ ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. ജനപ്രിയ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതിലൂടെ ഇൻബ്രൂവിന് ഇന്ത്യയിലെ പ്രധാന മദ്യ വിതരണ കമ്പനിയാകാൻ കഴിയും. മാത്രമല്ല ഹേവാർഡ്‌സ്, ഓൾഡ് ടാവേൺ, വൈറ്റ്-മിസ്‌ചീഫ്, ഹണി ബീ, ഗ്രീൻ ലേബൽ, റൊമാനോവ് തുടങ്ങിയ ബ്രാൻഡുകൾ പ്രീമിയം ബ്രാൻഡുകളായും മാറും.

ബ്രിട്ടീഷ് ബിവറേജസ് ആൻഡ് ആൽക്കഹോൾ കമ്പനിയായ ഡിയാജിയോയുടെ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ 32 മദ്യ ബ്രാൻഡുകൾ 820 കോടി രൂപയ്ക്കാണ് ഇൻബ്രൂവ് സ്വന്തമാക്കിയത്. 5 വര്‍ഷത്തേക്ക് ബാഗ്‌പൈപ്പര്‍, ബ്ലൂ റിബാന്‍ഡ് അടക്കം 12 ബ്രാന്‍ഡുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശവും ഇന്‍ബ്രൂ ഇതുവഴി നേടിയിട്ടുണ്ട്. അതേസമയം മക്‌ഡൊവെല്‍സ്, ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്നീ ബ്രാന്‍ഡുകള്‍ യുണൈറ്റഡ് സ്പിരിറ്റ് നിലനിർത്തി. തെരഞ്ഞെടുത്ത ജനപ്രിയ ബ്രാൻഡുകളുടെ വിൽപ്പനയും ഫ്രാഞ്ചൈസി കരാറും ഇൻബ്രൂവിനൊപ്പം ഒപ്പുവച്ചുവെന്ന് സംയുക്ത പ്രസ്താവനകളിലൂടെയാണ് കമ്പനികൾ അറിയിച്ചത്.


വർഷം അവസാനിക്കുന്ന പാദത്തിൽ സെപ്തംബർ 30 ന് കരാർ ഇടപാടുകൾ പൂർത്തീകരിക്കാനാണ് കമ്പനി പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ജനപ്രിയ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ബ്രാൻഡുകൾക്ക് 750മില്ലി ബോട്ടിലിന് ശരാശരി 400 രൂപയിൽ താഴെയാണ് വില. ഇവ കൂടാതെ സ്ട്രാഡിൽ വിസ്കി, റം, ബ്രാണ്ടി, വോഡ്ക, ജിൻ എന്നിവയും ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നു.


വിൽപന പൂർത്തിയാകുന്നതിലൂടെ ബ്രാൻഡുകളുമായി ബന്ധപ്പെട്ട ബിസിനസ്സ് സ്ഥാപനങ്ങൾ, ജീവനക്കാർ, ഫാക്ടറികൾ, അനുബന്ധ പെർമിറ്റുകൾ എന്നിവയും ഇൻബ്യൂവിന് കീഴിൽ വരും. മില്ലർ, കാർലിംഗ്, ബ്ലൂ മൂൺ, കോബ്ര എന്നീ ബിയർ ബ്രാന്റുകൾ ഉത്പാദിപ്പിക്കുന്നതും വിൽപന നടത്തുന്നതുമായ മൊൾസൺ കൂർസിന്റെ ഇന്ത്യയിലുള്ള വിൽപനയും കഴിഞ്ഞവർഷം ഇൻബ്രൂ ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു.

Story Highlights: 'Honey Bee and White Mischief are now owned to Singaporean company'; Borrowed 32 brands of United Spirits

Next Story