
വർഷങ്ങളായി ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിച്ച ജോജു ജോർജ് ഇപ്പോൾ നായകനായും വില്ലനായുമൊക്കെ മലയാള സിനിമയുടെ മുൻ നിരയിൽ നില ഉറപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയത്തിൽ മോഹൻലാലും മമ്മൂട്ടിയും സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് ജോജു ഇപ്പോൾ. മലയാള സിനിമയുടെ പാരമ്പര്യം വലുതാണെന്നും പണ്ടുകാലത്തെ സിനിമകൾ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും ജോജു ജോർജ് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ലാലേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഫാനാണ് ഞാന്‍. ലാലേട്ടനെ ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം സ്വാധീനം അദ്ദേഹത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അന്നത്തെ സിനിമകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ഭരതന്‍ സാര്‍, പദ്മരാജന്‍ സാര്‍, കെ.ജി. ജോര്‍ജ് സാര്‍ അങ്ങനെ എത്രയെത്ര ലെജന്‍ഡറിയായിട്ടുള്ള സംവിധായകരാണ് നമുക്ക് ഉണ്ടായിരുന്നത്. അത്രയും വലിയൊരു സിനിമാ കള്‍ച്ചറാണ് നമുക്ക് ഉള്ളത്. നമ്മുടെ സിനിമാ പാരമ്പര്യം അത്രക്ക് മഹത്തായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. അത് സത്യമായിട്ടുള്ള കാര്യമാണെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യും.
അങ്ങനെയുള്ള സംവിധായകരുടെ സിനിമകളില്‍ ലാലേട്ടനെപ്പോലെയും മമ്മൂക്കയെപ്പോലെയുമുള്ള നടന്മാര്‍ അഭിനയിച്ച് വെച്ചത് കണ്ടാണ് നമുക്ക് സിനിമയോട് താത്പര്യമുണ്ടായത്. അവരുടെ റോളും വളരെ വലുതാണ്. എന്റെ അഭിനയത്തില്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും സ്വാധീനമുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല,’ ജോജു ജോര്‍ജ് പറഞ്ഞു.
Content Highlights: Joju George says he was influenced by Mohanlal and Mammootty's acting