'ക്യാപ്റ്റൻ കൂൾ' ഇനി ധോണിക്ക് സ്വന്തം; ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കി ഇതിഹാസനായകൻ

ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ നാലുമാസത്തിനകം ഉന്നയിക്കാം

dot image

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരവും ഇതിഹാസ നായകനുമായ മഹേന്ദ്ര സിങ് ധോണിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ക്യാപ്റ്റന്‍ കൂള്‍. ക്രിക്കറ്റില്‍ ഏത് സമ്മര്‍ദ്ധഘട്ടത്തിലും ഗ്രൗണ്ടില്‍ ശാന്തനായി പെരുമാറുന്നതിനാണ് ധോണിക്ക് ഈ പേര് ലഭിച്ചത്. ഇപ്പോഴിതാ ഈ പേരിന് ട്രേഡ്മാര്‍ക്ക് സ്വന്തമാക്കാനൊരുങ്ങുകയാണ് എം എസ് ധോണി.

ട്രേഡ്‌മാര്‍ക്കുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലിലാണ് ധോണി ക്യാപ്റ്റൻ കൂള്‍ തനിക്ക് മാത്രമായി ലഭിക്കണമെന്ന് അപേക്ഷ നൽകിയിരിക്കുന്നത്. ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ നാലുമാസത്തിനകം ഉന്നയിക്കാം. എതിര്‍പ്പുകളില്ലെങ്കിൽ ക്യാപ്റ്റൻ കൂൾ എന്ന പേര് ഉപയോ​ഗിക്കാൻ ധോണിക്ക് മാത്രമായി അവസരം ലഭിക്കും. സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററുകള്‍, കോച്ചിങ് സര്‍വീസുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ക്യാപ്റ്റന്‍ കൂൾ എന്ന പേര് ധോണിക്ക് ഉപയോ​ഗിക്കാനും കഴിയും.

ഇന്ത്യയ്ക്കായി മൂന്ന് ഐസിസി കിരീടങ്ങൾ നേടി നൽകിയ നായകനാണ് ധോണി. 2007ൽ ട്വന്റി 20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫി കിരീടവും ധോണി ഇന്ത്യയ്ക്കായി സ്വന്തമാക്കി. കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ച് ഐപിഎൽ കിരീടവും രണ്ട് ചാംപ്യൻസ് ലീ​ഗ് ട്വന്റി 20 കിരീടവും ധോണിയുടെ നായകമികവിൽ നേടാൻ കഴിഞ്ഞതാണ്.

Content Highlights: MS Dhoni files for trademark of iconic nickname Captain Cool

dot image
To advertise here,contact us
dot image