Top

'ന്യൂജെന്‍ സിനിമാക്കാരെ ഇഷ്ടം, പക്ഷേ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' അവരെ വച്ച് ചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്നു'; എം മുകുന്ദന്‍

മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

11 Feb 2022 4:14 AM GMT
ഫിൽമി റിപ്പോർട്ടർ

ന്യൂജെന്‍ സിനിമാക്കാരെ ഇഷ്ടം, പക്ഷേ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ അവരെ വച്ച് ചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്നു; എം മുകുന്ദന്‍
X

പുതുതലമുറയില്‍പ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പികണമെന്ന നയമാണ് തനിക്കുള്ളതെന്ന് തിരക്കഥാകൃത്ത് എം മുകുന്ദന്‍. പക്ഷേ തന്റെ ചെറുകഥയായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുമ്പോള്‍ പുതിയ ആള്‍ക്കാരെ വച്ച് ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും എം മുകുന്ദന്‍ പറഞ്ഞു. സിനിമ ചെയ്യാന്‍ പുതുതലമുറയിലെ പലരും തന്നെ സമീപിച്ചിരുന്നുവെന്നും പിന്നീട് മുതിര്‍ന്ന സംവിധായകന്‍ ഹരികുമാര്‍ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല സിനിമകളുടെയും തിരക്കഥയുടെ ആദ്യഘട്ടത്തില്‍ സഹായിച്ചിരുന്നെങ്കിലും മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. അദ്ദേഹത്തിന്റെ, ദൈവത്തിന്റെ വികൃതികള്‍ എന്ന കഥ സിനിമയായപ്പോള്‍ തിരക്കഥയില്‍ സഹായിച്ചിരുന്നു.

'വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. വളരെ രസകരമായി ഇരുപത് മിനിറ്റില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷെ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് സിനിമയുടെ പൂര്‍ണതിയിലേക്കെത്തിക്കുന്നത്'.-എം മുകുന്ദന്‍ പറഞ്ഞു

സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരിടവേളക്ക് ശേഷം ആന്‍ ആഗസ്റ്റിന്റെ മടങ്ങിവരവ് കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍. അഴകപ്പന്‍ നിര്‍വഹിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Next Story