100 കോടി മുതൽ 300 കോടി വരെ: തെന്നിന്ത്യൻ തിയേറ്ററുകളിൽ 'മമിത തരംഗം'

ഓരോ വര്‍ഷവും അഭിനയിക്കുന്ന സിനിമകള്‍ എല്ലാം 100 കോടിയും 300 കോടിയും തുടര്‍ച്ചയായി വാരിക്കൂട്ടി തെന്നിന്ത്യൻ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മമിത ബൈജു

100 കോടി മുതൽ 300 കോടി വരെ: തെന്നിന്ത്യൻ തിയേറ്ററുകളിൽ 'മമിത തരംഗം'
dot image

തെന്നിന്ത്യന്‍ സിനിമാ ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ ഒരു പേര് മാത്രമേ മുഴങ്ങിക്കേള്‍ക്കുന്നുള്ളൂ, മമിതാ ബൈജു.. ചുരുങ്ങിയ കാലം കൊണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ഉയര്‍ന്ന്, തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബുകളുടെ റാണിയായി താരം മാറിയിരിക്കുന്നു. ഒരു ചിത്രം 100 കോടി അടിച്ചാല്‍ ബിഗ് ഹിറ്റ് എന്ന് വിളിക്കാം.. പക്ഷേ ഓരോ വര്‍ഷവും അഭിനയിക്കുന്ന സിനിമകള്‍ എല്ലാം 100 കോടിയും 300 കോടിയും തുടര്‍ച്ചയായി വാരിക്കൂട്ടിയാല്‍ അതിനെ എന്താണ് വിളിക്കേണ്ടത്? 'മമിത മാജിക്'

'പ്രേമലു'വിലെ റീനുവായി വന്ന് കേരള ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ മമിത, ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ 'ലക്കി ചാം' ആയിരിക്കുകയാണ്. മലയാളത്തിലെ വമ്പന്‍ വിജയത്തിന് ശേഷം മമിത തമിഴിലാണ് പടര്‍ന്നുകയറിയത്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ ആണ് നേടുന്നത്.

mamitha biju - instagram post

ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ റോളുകളിലും നിന്ന മമിതയുടെ കരിയര്‍ മാറുന്നത് ഗിരീഷ് എ ഡിയുടെ സൂപ്പര്‍ ശരണ്യയിലൂടെയാണ്. അതില്‍ നായികയുടെ കൂട്ടുകാരിയായി എത്തിയ സോന എന്ന കഥാപാത്രം വാരിക്കൂട്ടിയ കയ്യടികള്‍ കുറച്ചൊന്നുമല്ല. പിന്നീട് മമിതയുടെ തലവര മൊത്തത്തില്‍ മാറ്റുന്നതും, എല്ലാവരും ആഘോഷിക്കുന്ന ആ ഗിരീഷ് എ ഡി ചിത്രം തന്നെ, പ്രേമലു. 2024-ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി എന്ററ്റൈനര്‍ ചിത്രം അന്ന്, ആഗോളതലത്തില്‍ 135 കോടിയോളം രൂപയാണ് നേടിയത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നായകന്‍ നസ്ലെന്‍ ആയിരുന്നു. എത്രമാത്രം നസ്‌ലെന്റെ സച്ചിന് സിനിമയില്‍ പ്രാധാന്യം ഉണ്ടോ അത്രയും തന്നെ മമിതയുടെ റീനുവും സിനിമയ്ക്ക് ആവശ്യമായിരുന്നു. സ്വന്തമായി സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമുള്ള റീനുവായി മമിത സ്‌ക്രീനില്‍ ജീവിച്ചു. ആ കഥാപാത്രത്തിന്റെ ഓരോ ഇമോഷന്‍സും ഏറ്റവും സ്വാഭാവികമായി സ്‌ക്രീനില്‍ പകര്‍ത്തി. ഒരു റൊമാന്റിക് ചിത്രം എന്നതില്‍ ഉപരി യങ്‌സ്റ്റേഴ്‌സിന് പെട്ടന്ന് തന്നെ റീനുവിനെയും സച്ചിനെയും കണക്ട് ആയി എന്നതും സിനിമയുടെ വിജയത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്.

ഈ ചിത്രത്തിന് ശേഷം തമിഴില്‍ ബാക്ക് ടു ബാക്ക് പ്രോജക്ടുകളായിരുന്നു നടിയെ തേടി എത്തിയത്. തൊട്ട് അടുത്ത വര്‍ഷം പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച 'ഡ്യൂഡ്' എന്ന ചിത്രം തമിഴ്നാട്ടിലും വിദേശത്തും വന്‍ ചലനമുണ്ടാക്കി, 113 കോടി നേടിയിരുന്നു. റിബല്‍ എന്ന തമിഴ് ചിത്രത്തില്‍ മമിത നേരത്തെ വേഷമിട്ടിരുന്നെങ്കിലും ആ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നില്ല.

ഡ്യൂഡില്‍ കുരല്‍ എന്ന മമിത വേഷമിട്ടത്. തമിഴകത്തെ രണ്ടാം ചുവടുവെപ്പില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ മമിതയ്ക്ക് സാധിച്ചു. കോമഡി രംഗങ്ങളില്‍ ക്യൂട്ടായും, രണ്ടാം പകുതിയിലെ ഇമോഷണല്‍ രംഗങ്ങളില്‍ കയ്യടക്കത്തോടെയുള്ള മികച്ച പ്രകടനവുമാണ് മമിത ഈ സിനിമയില്‍ കാഴ്ച വെച്ചത്. തമിഴ് സിനിമയില്‍ മമിതയ്ക്ക് ശക്തമായ ഒരു അടിത്തറയിട്ടു നല്‍കിയ കഥാപാത്രമാണ് 'ഡ്യൂഡി'ലെ കുരലരസി. തമിഴില്‍ സ്വന്തമായി ഡബ്ബ് ചെയ്തതും തമിഴ് മക്കള്‍ക്ക് മമിതയെ പ്രിയപ്പെട്ടവളാക്കി.

photo credit :mamitha angelic

തുടര്‍ന്ന് ദളപതി വിജയ് നായകനായ 'ജന നായകന്‍' ചിത്രത്തിലും പ്രധാന വേഷത്തിലെത്തി ബോക്‌സ് ഓഫീസില്‍ 300 കോടിയിലധികം കളക്ഷന്‍ നേടി മമിത തിളങ്ങി. വിജയ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ അനുജത്തിയായിട്ടാണ് മമിത ഈ ചിത്രത്തില്‍ അഭിനയിച്ചത്. വെറുമൊരു അനിയത്തി വേഷമായിരുന്നില്ല ഇത്. ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുന്ന പ്രധാന വൈകാരിക മുഹൂര്‍ത്തങ്ങള്‍ മമിതയുടെ കഥാപാത്രമായി ദിവ്യയെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. മമിതയിലെ ആക്ഷന്‍ സ്റ്റാറിനെ കണ്ടതും ഈ സിനിമയില്‍ ആയിരുന്നു.

ഏറ്റവും ഒടുവില്‍ സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന തമിഴ് ചിത്രവും മമിതയുടെ അക്കൗണ്ടില്‍ ഒരു തകര്‍പ്പന്‍ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് കേവലം 2 ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ നേടിയാണ് സിനിമ ചരിത്രം സൃഷ്ടിച്ചത്. തിയേറ്ററില്‍ തികച്ചും എനര്‍ജെറ്റിക്കായ എന്‍ട്രിയോടെ എത്തുന്ന മാഡി എന്ന കഥാപാത്രത്തെ മമിത വളരെ സ്വാഭാവികതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് കൈവിട്ടാല്‍ ക്രിഞ്ചായി പോകുമായിരുന്ന കഥാപാത്രത്തെ അസാമാന്യ കരുതലോടെയാണ് മമിത പ്രസന്റ് ചെയ്തത്. സൂര്യയും രാധികയും രവീണ ടണ്ഡനും നാസറുമടക്കമുള്ള സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം കോമഡി ടൈമിങ്ങില്‍ മമിത കട്ടയ്ക്ക് ഒപ്പം നില്‍ക്കുന്നുണ്ടായിരുന്നു.

mamaitha biju photo- instagram

തമിഴില്‍ ബാക്ക്-ടു-ബാക്ക് കോടി ക്ലബ്ബുകള്‍ തികയ്ക്കുന്ന മമിത ബൈജുവിന്റെ അടുത്ത പടം മലയാളത്തിലാണ്. പ്രേമലുവിന്റെ വിജയത്തിന് ശേഷം മമിതാ ഗിരീഷ് എ ഡിയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്'. നിവിന്‍ പോളി ആണ് സിനിമയിലെ നായകന്‍. നിവിന്‍ പോളിയുടെ 'ജസ്റ്റിന്‍' എന്ന കഥാപാത്രവും മമിത ബൈജുവിന്റെ 'ആഷ്ലി' എന്ന കോളേജ് വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള രസകരമായ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചനകള്‍. ഗിരീഷ് എ ഡിയുടെ ഫീല്‍ ഗുഡ് യൂണിവേഴ്‌സില്‍ വീണ്ടുമെത്തുമ്പോള്‍ ബെത്ലഹേം കുടുംബ യൂണിറ്റും മമിതയ്ക്ക് കോടി ക്ലബ്ബുകള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കാം…

Content Highlights:  Mamitha Baiju has emerged as a notable presence in South Indian cinema, with films featuring the actress consistently making a strong impact at the box office and reaching ₹100 crore and ₹300 crore milestones.

dot image
To advertise here,contact us
dot image