ലിഫ്റ്റും എസ്കലേറ്ററും സോളാർ സംവിധാനങ്ങളും ഉണ്ടാകും; മസ്‌കറ്റിൽ അത്യാധുനിക കാൽനട മേൽപ്പാലങ്ങൾ വരുന്നു

എല്ലാ വിഭാഗം ആളുകൾക്കും ആയാസരഹിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം.

ലിഫ്റ്റും എസ്കലേറ്ററും സോളാർ സംവിധാനങ്ങളും ഉണ്ടാകും; മസ്‌കറ്റിൽ അത്യാധുനിക കാൽനട മേൽപ്പാലങ്ങൾ വരുന്നു
dot image

ഒമാൻ തലസ്ഥാനമായ മസ്‌കറ്റ് നഗരത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക രൂപകൽപ്പനയിലുള്ള മേൽപ്പാലങ്ങൾ നിർമ്മിക്കാൻ അധികൃതർ. പരിസ്ഥിതി സൗഹൃദവും മികച്ച വാസ്തുവിദ്യാ മികവും സമന്വയിപ്പിച്ചാണ് ഈ പുതിയ പാലങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പകൽസമയത്തെ ഉപയോഗം പരമാവധി എളുപ്പമാക്കാൻ തണൽ നൽകുന്ന മേൽക്കൂരകളും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന സംവിധാനങ്ങളും പാലങ്ങളിൽ ഉണ്ടായിരിക്കും.

എല്ലാ വിഭാഗം ആളുകൾക്കും ആയാസരഹിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം. ഇതിനായി ലിഫ്റ്റുകളും എസ്കലേറ്ററുകളും മേൽപ്പാലങ്ങളിൽ സജ്ജീകരിക്കും. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സോളാർ പാനലുകളാണ് പാലങ്ങളിലെ ലൈറ്റിംഗിനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്. ഇത് ഊർജ്ജ ഉപഭോഗം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും സഹായിക്കും.

കാൽനടയാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഈ പദ്ധതിക്ക് സാധിക്കും. 2025-ൽ മാത്രം മസ്‌കറ്റിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 89 കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റോഡ് മുറിച്ചുകടക്കൽ കൂടുതൽ സുരക്ഷിതമാക്കാൻ മുനിസിപ്പാലിറ്റി രംഗത്തെത്തിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ രേഖകൾ ശേഖരിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഒമ്പത് ആണ്. സെപ്റ്റംബർ 22 ആണ് ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി. അന്നേ ദിവസം തന്നെ ടെൻഡറുകൾ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Muscat is set to introduce modern pedestrian overpasses equipped with lifts, escalators and solar-powered systems. The infrastructure projects aim to improve pedestrian safety, accessibility and convenience across the city.

dot image
To advertise here,contact us
dot image