മുറിഞ്ഞുപോയ ശേഷവും പല്ലിയുടെ വാല്‍ അനങ്ങുന്നത് എന്തുകൊണ്ട്?

പല്ലിയുടെ ശരീരത്തില്‍നിന്ന് പൂര്‍ണമായും വേര്‍പെട്ടിട്ടും വാല്‍ എങ്ങനെയാണ് ചലിക്കുന്നത്? അതിന് പിന്നില്‍ അതിശയകരമായ ഒരു ജൈവശാസ്ത്രമുണ്ട്

മുറിഞ്ഞുപോയ ശേഷവും പല്ലിയുടെ വാല്‍ അനങ്ങുന്നത് എന്തുകൊണ്ട്?
dot image

പല്ലിയുടെ വാല്‍ അതിന്റെ ശരീരത്തില്‍നിന്ന് വേര്‍പെട്ട ശേഷവും കുറച്ച് സമയം അനങ്ങിക്കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും അല്ലേ?.ശരീരത്തില്‍നിന്ന് വേര്‍പെട്ട ശേഷവും വാല്‍ എങ്ങനെയാണ് അനങ്ങുന്നതെന്നത് ആകാംഷയുണ്ടാക്കുന്ന കാര്യമാണ്. പല്ലിയുടെ ശരീരത്തിലെ ഒരു സവിശേഷ സംവിധാനമാണിതിന് കാരണം.

അപകടം തോന്നിയാല്‍ വാല്‍ ഉപേക്ഷിക്കും

പൂച്ചയോ പക്ഷിയോ മനുഷ്യനോ ആരെങ്കിലും ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമായി പല്ലികള്‍ക്ക് സ്വന്തം വാല്‍ ശരീരത്തില്‍നിന്ന് വേര്‍പെടുത്താന്‍ കഴിയും. ഈ കഴിവിനെ 'ഓട്ടോടോമി' (Autotomy) എന്നാണ് വിളിക്കുന്നത്.

പല്ലിയുടെ ശരീരത്തില്‍നിന്ന് വാല്‍ എവിടെയെങ്കിലും ക്രമരഹിതമായി മുറിഞ്ഞുപോകുന്നതല്ല. വാല്‍ വേര്‍പെടാന്‍ സഹായിക്കുന്ന പ്രത്യേക ഘടനകള്‍ പല്ലികളുടെ വാലില്‍ ഉണ്ട്. അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ വാല്‍ വേര്‍പെടുത്താനും വേഗത്തില്‍ രക്ഷപെടാനും പല്ലിക്ക് കഴിയും.

 lizard's tail keep moving

വാല്‍ മുറിഞ്ഞിട്ടും എങ്ങനെയാണ് അനങ്ങുന്നത്?

ഇതാണ് ഏറ്റവും കൗതുകകരമായ കാര്യം. വാല്‍ ശരീരത്തില്‍നിന്ന് വേര്‍പെട്ടാലും അതിലെ ഞരമ്പുകളുടെയും പേശികളുടെയും ചില പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിക്കുന്നില്ല. വാലിനുള്ളിലെ നാഡീകോശങ്ങള്‍ക്ക് കുറച്ചുസമയം സ്വതന്ത്രമായി വൈദ്യുത സിഗ്‌നലുകള്‍ സൃഷ്ടിക്കാനും പേശികളെ ഉത്തേജിപ്പിക്കാനും കഴിയും. അതുകൊണ്ടാണ് ശരീരത്തില്‍നിന്ന് വേര്‍പെട്ട വാല്‍ കുറച്ചുസമയം ശക്തമായി ചലിക്കുകയോ ഇഴയുന്നതുപോലെ തോന്നുകയോ ചെയ്യുന്നത്. ശരീരത്തില്‍നിന്നുള്ള നാഡീ നിയന്ത്രണവും ഊര്‍ജവിതരണവും ഇല്ലാതാകുന്നതോടെ ഈ ചലനം ക്രമേണ നിലയ്ക്കും.

അതായത് വേര്‍പെട്ടതിന് ശേഷവും വാലിന് ജീവനുണ്ട് എന്നല്ല ഇതിന്റെ അര്‍ഥം. ശരീരത്തില്‍നിന്ന് വേര്‍പെട്ട ശേഷവും ചില നാഡീ-പേശീ പ്രവര്‍ത്തനങ്ങള്‍ കുറച്ചുസമയം തുടരുന്നതാണ് ചലനത്തിന് കാരണം.

 lizard's tail keep moving

വാല്‍ വേര്‍പെടുത്തി പല്ലി അക്രമണത്തില്‍നിന്ന് രക്ഷപെടുന്നത് എങ്ങനെ

വാല്‍ ഉപേക്ഷിക്കുന്നതിലൂടെ പല്ലിക്ക് ലഭിക്കുന്ന പ്രധാന നേട്ടം രക്ഷപ്പെടാനുള്ള അവസരമാണ്. വേര്‍പെട്ട വാല്‍ ശക്തമായി ചലിക്കുന്നത് ഉപദ്രവിക്കാന്‍ വരുന്ന ജീവിയുടെ ശ്രദ്ധ അതിലേക്ക് തിരിക്കാന്‍ സഹായിക്കാം. വേട്ടക്കാരന്‍ ആ ചലിക്കുന്ന വാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ പല്ലിക്ക് ഓടി രക്ഷപ്പെടാന്‍ അവസരം ലഭിക്കും. വാല്‍ നഷ്ടപ്പെടുന്നത് ബുദ്ധിമുട്ടാണെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഒരു പ്രതിരോധ തന്ത്രമാണിത്.

നഷ്ടപ്പെട്ട വാല്‍ വീണ്ടും വളരുമോ?

നഷ്ടപ്പെട്ട വാല്‍ പിന്നീട് ഭാഗികമായി വളരാറുണ്ട്. എന്നാല്‍ പുതുതായി വളരുന്ന വാല്‍ പഴയതിന്റെ കൃത്യമായ പകര്‍പ്പായിരിക്കണമെന്നില്ല. പുതിയ വാലിന്റെ ആകൃതി, നിറം, ഘടന എന്നിവയില്‍ വ്യത്യാസമുണ്ടാകാം. ആദ്യ വാലിലെ എല്ലുകള്‍ക്ക് പകരം പുനര്‍വളര്‍ച്ചയില്‍ വ്യത്യസ്തമായ ഘടനകള്‍ രൂപപ്പെടുകയും ചെയ്യും.

 lizard's tail keep moving

വാല്‍ വീണ്ടും വളരാന്‍ പല്ലിയുടെ ശരീരത്തിലെ വലിയ തോതിലുള്ള ഊര്‍ജവും സമയവും ആവശ്യമാണ്. അതുകൊണ്ടുതന്നെ വാല്‍ നഷ്ടപ്പെടുന്നത് ചെറിയ കാര്യമല്ല. എങ്കിലും അപകടമുണ്ടാകുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ വാല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്നതാണ് കൂടുതല്‍ ഗുണകരമായ തന്ത്രം.

പ്രകൃതിയുടെ അതിശയകരമായ രക്ഷാമാര്‍ഗം

ശരീരത്തില്‍നിന്ന് വേര്‍പെട്ട ശേഷവും പല്ലിയുടെ വാല്‍ അനങ്ങുന്നത് കാണുമ്പോള്‍ അത് വിചിത്രമായി തോന്നാം. എന്നാല്‍ അതിന് പിന്നില്‍ പല്ലിയുടെ അതിജീവനത്തിനായി രൂപപ്പെട്ട സങ്കീര്‍ണമായ ഒരു ജൈവസംവിധാനമാണ്. അപകടം - വാല്‍ വേര്‍പെടുത്തല്‍ - വേര്‍പെട്ട വാലിന്റെ ചലനം - വേട്ടക്കാരന്റെ ശ്രദ്ധ തിരിക്കല്‍ - പല്ലിയുടെ രക്ഷപ്പെടല്‍. അങ്ങനെ ജീവന്‍ നിലനിര്‍ത്താന്‍ പ്രകൃതി ഒരുക്കിയ അതിശയകരമായൊരു തന്ത്രമാണിത്.

Content Highlights :How does a lizard's tail move even after completely detaching from its body? There is fascinating biology behind it.

dot image
To advertise here,contact us
dot image