

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതിന് ഇഡിയും സിബിഐയും ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ സുപ്രീം കോടതി വിലക്കി. സുപ്രീം കോടതി തീരുമാനമെടുക്കും വരെ കേസ് പരിഗണിക്കരുതെന്നാണ് അലഹബാദ് ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ഹര്‍ജിക്കാരനായ ബിജെപി പ്രവര്‍ത്തകനും അന്വേഷണ ഏജന്‍സികളും നിയമവിരുദ്ധമായി വേട്ടയാടുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം.
രാഹുല്‍ ഗാന്ധിക്കെതിരായ ആക്ഷേപം ഗൗരവതരമെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചു. ആക്ഷേപം ഗൗരവതരമെങ്കില്‍ എന്തിനാണ് നിശബ്ദരായിരുന്നത് എന്നായിരുന്ന ഇഡിയോട് സുപ്രീംകോടതിയുടെ ചോദ്യം. അന്വേഷണത്തിന് കോടതിയുടെ സഹായം ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ ആക്ഷേപങ്ങള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറുപടി നല്‍കി.
രാഹുല്‍ ഗാന്ധി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ സിബിഐയോടും ഇഡിയോടും അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അലഹബാദ് ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജു എതിര്‍ത്തു. പരാതിയിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരിശോധന നടക്കുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം ആയിട്ടില്ലെന്നും അതിനാല്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുതെന്നുമാണ് എസ് വി രാജു ആവശ്യപ്പെട്ടത്.
Content Highlights: The Supreme Court questioned why no action had been taken on a complaint against Rahul despite central agencies reportedly considering it serious. The court sought an explanation regarding the lack of action in the matter