ലാലേട്ടന്‍റെ 2025: കോടികളുടെ എമ്പുരാന്‍; നമ്മുടെ ബെന്‍സും സന്ദീപും; പിന്നെ മറക്കാന്‍ കൊതിക്കുന്ന കണ്ണപ്പ, ഭഭബ

'പടിക്കൽ കൊണ്ട് വന്ന് കലം ഉടച്ചല്ലോ ലാലേട്ടാ', ഇക്കൊല്ലം മോഹൻലാലിന് ഹിറ്റുകൾ മാത്രമല്ല ഫ്ളോപ്പുകളും ഉണ്ട്

ലാലേട്ടന്‍റെ 2025: കോടികളുടെ എമ്പുരാന്‍; നമ്മുടെ ബെന്‍സും സന്ദീപും; പിന്നെ മറക്കാന്‍ കൊതിക്കുന്ന കണ്ണപ്പ, ഭഭബ
dot image

കേവലം രണ്ട് സിനിമകള്‍ മാത്രമാണ് ഇറങ്ങിയതെങ്കിലും മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര മികച്ച വർഷമായിരുന്നില്ല 2024. പില്‍ക്കാലത്ത് സമ്മിശ്രപ്രതികരണങ്ങള്‍ നേടിയെങ്കിലും തിയേറ്ററുകളില്‍ വന്‍ പരാജയമായ ചിത്രമായി മാറിയ മലൈക്കോട്ടെ വാലിബന്‍, ആദ്യ സംവിധാന സംരഭമായ ബറോസ് എന്നിവയായിരുന്നു നമ്മുടെ സ്വന്തം ലാലേട്ടന്‍റേതായി ആ വർഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും അദ്ദേഹത്തിനുണ്ടാക്കിയ നാണക്കേട് ചില്ലറയായിരുന്നില്ല.

Mohanlal

എന്നാല്‍, 2024 ലെ ഈ തുടർ പരാജയങ്ങളെ തിയേറ്ററുകളില്‍ നിന്നും പ്രേക്ഷക മനസ്സുകളില്‍ നിന്നും ഒരു പോലെ മായ്ച്ച് കളയാന്‍ സാധിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ പിറന്ന വർഷമാണ് 2025. തുടർ വിജയങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹത്തെ തേടി ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം എത്തിയ വർഷം കൂടിയാണ് കടന്നുപോകുന്നത്.

പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലൂടെയാണ് മോഹൻലാൽ 2025 ൽ അക്കൗണ്ട് തുറക്കുന്നത്. ആദ്യ ദിനം തന്നെ 14 കോടി നേടിയ സിനിമ കേരളത്തിൽ നിന്ന് നേടിയത് 86 കോടിയാണ്. ആഗോള ബിസിനസ് വഴി 325 കോടിയും എമ്പുരാൻ സ്വന്തം പേരിലാക്കി. റിലീസിന് പിന്നാലെ ഉടലെടുത്ത ചില വിവാദങ്ങൾ സിനിമയെ വിടാതെ പിന്തുടർന്നെങ്കിലും അതൊക്കെ ഒരു തരത്തില്‍ ചിത്രത്തിന്‍റെ കളക്ഷന് ഗുണകരമായി മാറുകയായിരുന്നു.

Mohanlal Movies hit 2025

തുടർന്നെത്തിയ തരുൺ മൂർത്തിയുടെ തുടരും മോഹൻലാലിലെ താരത്തേയും അഭിനേതാവിനെയും ഒരുപോലെ ചൂഷണം ചെയ്തു. നിറംമങ്ങിയെന്ന് കരുതിയ മോഹൻലാലിലെ അഭിനേതാവ് സർവ്വശക്തിയുമെടുത്ത് തുടരുമിലെ ബെൻസായി അവതരിച്ചു. മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി തുടരും മാറി. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്.

രണ്ട് റീ റിലീസ് സിനിമകളും മോഹൻലാലിന് ഇത്തവണ കൂട്ടുണ്ടായിരുന്നു- ഛോട്ടാ മുംബൈയും രാവണപ്രഭുവും. ആഘോഷങ്ങൾ തീർത്ത് രണ്ടു സിനിമകളും തിയേറ്റർ വിട്ടു. തൊട്ടുപിന്നാലെയെത്തിയ സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആ കൂട്ടുകെട്ടിന്റെ പേര് കാത്തു. 60 കോടിക്കും മുകളിലാണ് ഹൃദയപൂർവ്വത്തിന്റെ ആഗോള നേട്ടം. കേരളത്തിൽ നിന്ന് 41 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍.

Mohanlal

അഭിമാനകരമായ ഈ നേട്ടങ്ങള്‍ക്ക് ഇടയിലും മറക്കാന്‍ ആഗ്രഹിക്കുന്ന ചില പരാജയ ചിത്രങ്ങളിലും അദ്ദേഹം ഈ വർഷം പോയി തലവെച്ചിട്ടുമുണ്ട്. സാമ്പത്തികമായി പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വൃഷഭയായിരിക്കും പരാജയത്തില്‍ മുന്നില്‍ നില്‍ക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം തിയേറ്ററിൽ ഏകദേശം തകർന്ന് അടിഞ്ഞു കഴിഞ്ഞു. തെലുങ്കിലൊരുങ്ങിയ ചിത്രം ആദ്യദിനം ഇതുവരെ ഒരു കോടി പോലും കളക്ഷന്‍ നേടിയിട്ടില്ലെന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മോശം ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചതെന്ന് വരെ വാർത്തകളുണ്ട്. നന്ദകിഷോർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഏകദേശം 200 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. ഈ പോക്കാണെങ്കില്‍ മുടക്ക് മുതല്‍ പോലും ചിത്രത്തിന് തിരിച്ച് പിടിക്കാന്‍ സാധിച്ചേക്കില്ല.

Mohanlal Movies

ഈ വർഷം തന്നെ ജൂണിൽ എത്തിയ തെലുങ്ക് ചിത്രം കണ്ണപ്പയ്ക്കും സമാന വിധിയാണ് ഉണ്ടായത്. വിഷ്ണു മഞ്ജു നായകനായി എത്തിയ ബിഗ് ബഡ്‌ജറ്റ്‌ സിനിമയാണ് കണ്ണപ്പ. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായാണ് മോഹൻലാൽ സിനിമയിൽ വേഷമിട്ടത്. 200 കോടി ബജറ്റിലെത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 44 കോടിയാണ് നേടിയത്. വമ്പൻ പരാജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത 'ഭ ഭ ബ' എന്ന സിനിമയിലെ മോഹൻലാൽ വേഷത്തിനും വിമർശനങ്ങൾ ഉണ്ട്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മോഹൻലാലിന്റെ സിനിമയിലെ വേഷത്തിലും ആരാധകരിൽ പലരും സംതൃപതരല്ല. അതേസമയം, ഡിസംബറില്‍ റിലീസാകുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമാകുന്നതും ചർച്ചയാകുന്നുണ്ട്. ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബറോസ്, എന്നീ സിനിമകളും തിയേറ്ററിൽ വമ്പൻ ഫ്ലോപ്പാണ് ഉണ്ടാക്കിയത്. ഇരു ചിത്രങ്ങളും മോഹൻലാലിൻറെ കരിയറിൽ ഏറ്റവും ഹൈപ്പിൽ എത്തിയ പടങ്ങൾ ആയിരുന്നു.

Content Highlights: Mohanlal’s 2025 Triumph: Empuran and Thudarum Set New Records as Planned Collaboration with Dileep Falls Through

dot image
To advertise here,contact us
dot image