

തിരുവനന്തപുരം: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനായി മുന്നൂറിലേറെ വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുകയാണ് എന്നാണ് വി വസീഫിൻ്റെ വിമർശനം. ന്യൂനപക്ഷ സമുദായത്തിലും ദളിത്- ആദിവാസി സമൂഹത്തിലും പെട്ട സാധാരണക്കാരായ മനുഷ്യരുടെ വീടുകള്‍ ഒരു രാത്രി വെളുക്കുമ്പോള്‍ ഇടിച്ചുനിരത്തുന്ന ബിജെപിയുടെ ബുള്‍ഡോസര്‍ രാജ് യുപിയിലും ഡല്‍ഹിയിലും കണ്ട് ഞെട്ടിയവരാണ് നമ്മളെന്നും അതേ ബുള്‍ഡോസര്‍ രാജ് കോണ്‍ഗ്രസ് സൗത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്നും വി വസീഫ് പറഞ്ഞു.
'മുവായിരത്തോളം മനുഷ്യര്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ട് പെരുവഴിയിലായി. അതില്‍ അഞ്ഞൂറ് കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ദരിദ്രരായ മുസ്ലിം മതവിഭാഗക്കാര്‍ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിക്കുന്ന പ്രദേശം. അവരുടെ കൈവശം റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളുമുണ്ട്. അവരെയാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ നേരംപുലരും മുന്‍പ് ഉറങ്ങിക്കിടക്കുന്നയിടത്ത് നിന്ന് കിടപ്പാടം പൊളിച്ച് ആട്ടിയോടിച്ചത്. നിയമപോരാട്ടം നടത്താന്‍ പോലും സാധ്യമാകാത്ത വിധം അവരുടെ രേഖകള്‍ ഭൂമിക്കടിയിലായി': വി വസീഫ് പറഞ്ഞു.
കോണ്‍ഗ്രസിന് ഇത് പുതിയ സംഭവമല്ലെന്നും സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ന്യൂനപക്ഷ വേട്ടയും ഹാഷിംപൂരില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ കൊന്നുതളളിയ മുസ്ലിങ്ങളും ദക്ഷിണ കന്നഡയിലെ നിലയ്ക്കാത്ത കലാപങ്ങളില്‍ ജീവന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരും അതിന് ഉദാഹരണങ്ങളാണെന്നും വസീഫ് പറഞ്ഞു. ഗണഗീതം അഭിമാനമായി പാടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചേര്‍ന്ന് ഭരിക്കുന്ന കര്‍ണാടകയിലാണ് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നത്. ധര്‍മസ്ഥലയില്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കോണ്‍ഗ്രസ് ഭരണത്തില്‍ എങ്ങനെ ഒത്തുതീര്‍പ്പാക്കി എന്ന് നാം കണ്ടതാണല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്-മൗദൂദി-ലീഗ് മുന്നണി ആഘോഷിക്കുന്ന അതേ സിദ്ധരാമയ്യ-ശിവകുമാര്‍ ടീമാണ് ഇതെല്ലാം ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി സംഘപരിവാര്‍ ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ തോളോട് തോള് ചേര്‍ന്നുനിന്ന് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തും അതേ അജണ്ടകള്‍ നടപ്പിലാക്കി ആര്‍എസ്എസിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ബാബറി പളളി പൊളിച്ച കാലം തൊട്ട് അങ്ങനെയാണല്ലോ എന്നും വി വസീഫ് കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റിയാണ് യെലഹങ്ക കൊഗിലു ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലേയും മുന്നൂറിലേറെ വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്കരണത്തിനുളള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പൊലീസ് മാര്‍ഷലും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു.
Content Highlights: Congress is implementing the Sangh Parivar bulldozer raj agenda says V vaseef