

മലയാളം, തമിഴ്, ഹിന്ദി ഇൻഡിസ്ട്രിയിലെ സൂപ്പർതാരങ്ങൾക്ക് 2025 അത്ര നല്ല വർഷമല്ലായിരുന്നു. എങ്കിലും ചില അപ്രതീക്ഷിത തിരിച്ചുവരവുകൾക്കും വിജയങ്ങൾക്കും ഈ വർഷം വഴിയൊരുക്കി. മലയാള സിനിമകളുടെ നെടുംതൂണുകളായ മമ്മൂട്ടിയിലേക്കും മോഹൻലാലിലേക്കും എത്തിയാൽ കയറ്റിറക്കത്തിന്റെ വർഷമായിരുന്നു 2025. തുടർച്ചയായുള്ള മോശം സിനിമകളിലൂടെയും പരാജയങ്ങളിലൂടെയും പിന്നിലേക്ക് പോയ മലയാളത്തിന്റെ മോഹൻലാൽ തിരിച്ചുവന്ന വർഷമായിരുന്നു 2025.
പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലൂടെ മോഹൻലാൽ 2025 ൽ അക്കൗണ്ട് തുറന്നു. ആദ്യ ദിനം തന്നെ 14 കോടി നേടിയ സിനിമ കേരളത്തിൽ നിന്നും 86 കോടി നേടി. ആഗോള ബിസിനസ് വഴി 325 കോടിയാണ് എമ്പുരാൻ സ്വന്തം പേരിലാക്കിയത്. റിലീസിന് പിന്നാലെ ഉടലെടുത്ത ചില വിവാദങ്ങൾ സിനിമയെ വിടാതെ പിന്തുടർന്നെങ്കിലും അതൊന്നും മോഹൻലാൽ സിനിമയെ പിന്നോട്ടടിച്ചില്ല.

തുടർന്നെത്തിയ തരുൺ മൂർത്തിയുടെ തുടരും മോഹൻലാലിലെ സ്റ്റാറിനെയും അഭിനേതാവിനെയും ഒരുപോലെ ചൂഷണം ചെയ്തു. നിറംമങ്ങിയെന്ന് കരുതിയ മോഹൻലാലിലെ അഭിനേതാവ് സർവ്വശക്തിയുമെടുത്ത് തുടരുമിലെ ബെൻസായി അവതരിച്ചു. മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി തുടരും. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്.

രണ്ട് റീ റിലീസ് സിനിമകളും മോഹൻലാലിന് ഇത്തവണ കൂട്ടുണ്ടായിരുന്നു- ഛോട്ടാ മുംബൈയും രാവണപ്രഭുവും. ആഘോഷങ്ങൾ തീർത്ത് രണ്ടു സിനിമകളും തിയേറ്റർ വിട്ടു. തൊട്ടുപിന്നാലെയെത്തിയ സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആ കൂട്ടുകെട്ടിന്റെ പേര് കാത്തു. 60 കോടിക്കും മുകളിലാണ് ഹൃദയപൂർവ്വത്തിന്റെ ആഗോള നേട്ടം. കേരളത്തിൽ നിന്ന് 41 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതിനിടയിൽ വന്ന ഭഭബയിലെയും കണ്ണപ്പയിലെയും അതിഥി വേഷങ്ങൾ മോഹൻലാലിന് നാണക്കേടുണ്ടാക്കി.
തുടർവിജയങ്ങളിലൂടെ കുതിപ്പ് തുടർന്ന് മമ്മൂട്ടിക്ക് 2025 ന്റെ തുടക്കം ചെറുതായൊന്ന് പാളി. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് സമ്മിശ്ര പ്രതികരണം നേടിയെങ്കിലും തിയേറ്ററിൽ ചലനമുണ്ടാക്കിയില്ല. തൊട്ടുപിന്നാലെ എത്തിയ ബസൂക്കയാകട്ടെ വർഷങ്ങൾക്കിപ്പുറമുള്ള മമ്മൂട്ടിയുടെ മോശം സിനിമയെന്ന ഖ്യാതിയോടെയാണ് തിയേറ്റർ വിട്ടത്. എന്നാൽ വർഷാവസാനം തേച്ചുമിനുക്കിയെടുത്ത അഭിനയത്തിന്റെ പുതിയ വില്ലൻ ഭാവങ്ങളുമായി മമ്മൂട്ടി തിരികെയെത്തി. കളങ്കാവൽ പ്രകടനമികവാലും സാമ്പത്തികമായും മുന്നിൽത്തന്നെ എത്തി. ഇനിയും വ്യത്യസ്തതകൾ മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കാം എന്ന സൂചന കൂടി ആയിരുന്നു കളങ്കാവൽ.

എന്നാൽ പതിവിനെല്ലാം വിപരീതമായി തമിഴ് സിനിമയുടെ സൂപ്പർസ്റ്റാറുകൾക്ക് 2025 മറക്കാനാഗ്രഹിക്കുന്ന വർഷമായി. ലോകേഷ് കനകരാജ് ചിത്രം കൂലിയിലൂടെ ബോക്സ് ഓഫീസ് പിടിച്ചെടുക്കാൻ എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിന് കാലിടറി. ആഗോളതലത്തിൽ 500 കോടി നേടിയെങ്കിലും ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്നാണ് കൂലി നേടിയ പ്രതികരണങ്ങൾ, സൂപ്പർസ്റ്റാറിനും കിട്ടി കണക്കിന് ട്രോളുകൾ. നായകൻ എന്ന എവർക്ലാസിക് സിനിമയ്ക്ക് ശേഷം മണി രത്നവും - കമൽ ഹാസനും വീണ്ടും എത്തിയപ്പോൾ പ്രതീക്ഷകൾ ചെറുതൊന്നും അല്ലായിരുന്നു. എന്നാൽ ഇന്ത്യൻ 2വിന് ശേഷം കമൽ ഹാസന്റെ മോശം സിനിമകളുടെ പട്ടികയിൽ തഗ് ലൈഫ് മുന്നിൽ തന്നെ ഇരിപ്പുറപ്പിച്ചു. ചില്ലറട്രോളൊന്നുമല്ല കമൽ ഹാസനും സിനിമയ്ക്കും ലഭിച്ചത്. 50 കോടി പോലും കടക്കാനാകാതെ തഗ് ലൈഫ് കൂപ്പുകുത്തി.

വിജയം ഉണ്ടായെങ്കിലും തമിഴകത്തിന്റെ തല അജിത്തിന് 2025 ൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വർഷത്തിന്റെ തുടക്കത്തിൽ വിടാമുയർച്ചി എന്ന ആക്ഷൻ ഡ്രാമ സിനിമയുമായി എത്തിയ അജിത്തിന് അടിതെറ്റി. പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന് മാത്രമല്ല നടന്റെ പ്രകടനത്തിനും പഴികേട്ടു. എന്നാൽ ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ കഷ്ടിച്ച് എത്താൻ സിനിമയ്ക്ക് സാധിച്ചു. പിന്നാലെയെത്തിയ ഗുഡ് ബാഡ് അഗ്ലി അജിത് ആരാധകരെ മാത്രം ത്രസിപ്പിച്ച കെട്ടുകാഴ്ചയായി. തിയേറ്ററിൽ ആരവം ഉണ്ടാക്കിയെങ്കിലും പ്രതികരണങ്ങളിൽ സിനിമ പിറകോട്ട് പോയി. തമിഴകത്തിന്റെ ദളപതി വിജയ്‌ക്ക് ഈ വർഷം സിനിമകൾ ഇല്ലാതിരുന്നത് തമിഴ് സിനിമയുടെ 2025 ലെ കളക്ഷനെ ബാധിച്ചു എന്ന് ഒരു പ്രമുഖ തിയേറ്റർ ഉടമ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്കുള്ള മറ്റൊരു തെളിവായി.

കാർത്തിക് സുബ്ബരാജിനൊപ്പം കളം മാറ്റിചവിട്ടാൻ ഒരുങ്ങിയ സൂര്യയ്ക്ക് പിന്നെയും കാലിടറി. പ്രതീക്ഷകളുടെ വമ്പൻ ഭാരവുമേറി എത്തിയ റെട്രോ ആക്ഷൻ സീനുകളും മികച്ച ആദ്യ പകുതികൊണ്ടും മാത്രം ഓർമിക്കപ്പെട്ട സിനിമയായി. സൂപ്പർതാരപദവിയിലേക്ക് കുതിച്ചുകയറുന്ന ധനുഷിനും ശിവകാർത്തികേയനും 2025 നല്ല ഓർമയായില്ല. 'നിലാവുക്കു എൻ മേൽ എന്നടി കോപം', 'ഇഡ്ലി കടൈ' എന്നീ സംവിധാന സംരംഭവുമായി എത്തിയെങ്കിലും പഴകിത്തേഞ്ഞ മെലോഡ്രാമയ്ക്കും പാസത്തിനും അപ്പുറം രണ്ട് സിനിമകൾക്കും ചലനമുണ്ടാക്കാനായില്ല.
തെലുങ്ക്-തമിഴ് ചിത്രം 'കുബേര'യാകട്ടെ തെലുങ്കിൽ മാത്രം വിജയത്തിലൊതുങ്ങി. എന്നാൽ ധനുഷിന് ആശ്വാസവിജയമായി ഹിന്ദി ചിത്രം 'തേരെ ഇഷ്‌ക് മേം' എത്തി. ഹിറ്റുകൾ ഇല്ലാതെകിടന്ന ബോളിവുഡിലേക്ക് തന്റെ വക ഒരു 100 കോടി ധനുഷ് നൽകി. എആർ മുരുഗദോസിന്റെ കംബാക്ക് ചിത്രമെന്ന അവകാശവാദവുമായി എത്തിയ 'മദ്രാസി' സമ്മിശ്ര പ്രതികരണങ്ങൾക്കിടയിൽ കൂപ്പുകുത്തി. ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ നേടിയെങ്കിലും തമിഴ്നാട്ടിൽ മദ്രാസിക്ക് കാര്യമായൊന്നും നേടാനായില്ല.

ബോളിവുഡിലാകട്ടെ ഷാരൂഖ് ഖാൻ കളത്തിലിറങ്ങാതെ നിന്നപ്പോൾ സൽമാൻ ഖാനും ആമിർ ഖാനും ഓരോ സിനിമയുമായി എത്തി. എആർ മുരുഗദോസിന്റെ 'സിക്കന്ദർ' സൽമാൻ ഖാന്റെ ഫ്ലോപ്പുകളുടെ ലിസ്റ്റിലെ മറ്റൊരു സിനിമയായി മാറിയപ്പോൾ 'സിതാരെ സമീൻ പർ' എന്ന വിജയചിത്രം തുടർച്ചയായുള്ള പരാജയങ്ങളിൽ നിന്ന് ആമിർ ഖാനെ രക്ഷിച്ചു. അപ്പോഴും 'കൂലി'യിലെ അതിഥി വേഷം നടന് ട്രോളുകൾ നേടികൊടുക്കുകയും ചെയ്തു. ഒരു കാമിയോ ഉൾപ്പെടെ അഞ്ച് സിനിമകൾ ആയിരുന്നു അക്ഷയ് കുമാറിന്റേതായി 2025 ൽ എത്തിയത്.
ഇതിൽ കേസരി ചാപ്റ്റർ 2, ജോളി എൽഎൽബി 3, പ്രകടനം കൊണ്ടും ആഖ്യാനരീതികൊണ്ടും അക്ഷയ് കുമാറിന് രക്ഷയായപ്പോൾ 'ഹൗസ്ഫുൾ 5', 'സ്കൈ ഫോഴ്സ്' എന്നിവ കളക്ഷന്റെ പേരിൽ മാത്രം ഓർമിക്കപ്പെടുന്ന സിനിമകളായി. മൂന്ന് സിനിമകളായിരുന്നു ഇത്തവണ അജയ് ദേവ്ഗണിന്റെതായി എത്തിയത്. ഇതിൽ 243.06 കോടിയുമായി 'റെയ്ഡ് 2' വമ്പൻ നേട്ടം കൊയ്തപ്പോൾ 'സൺ ഓഫ് സർദാർ 2' , 'ദേ ദേ പ്യാർ ദേ 2' എന്നീ ചിത്രങ്ങൾ കൂപ്പുകുത്തി.

വമ്പൻ സിനിമകളുമായി 2026 ലും ഈ സൂപ്പർസ്റ്റാറുകൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇത്തവണയും പ്രതീക്ഷകൾക്ക് കുറവൊന്നുമില്ല. 2025 ൽ കൈവിട്ട വിജയങ്ങൾ അടുത്ത വർഷം സൂപ്പർസ്റ്റാറുകൾക്ക് തിരികെപ്പിടിക്കാനാകട്ടെ.
Content Highlights: Mammootty to Salman Khan and Mohanlal- Superstar movies box office wrap up 2025