

മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇൻഡിസ്ട്രികളിലെ സൂപ്പർ താരങ്ങളിൽ പലർക്കും നിരാശ സമ്മാനിച്ച വർഷമാണ് 2025 . ബിഗ് ബജറ്റിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി. മുടക്കു മുതൽ പോലും തിയേറ്ററിൽ നിന്ന് നേടാൻ കഴിയാതെ ഇഴഞ്ഞ സിനിമകളും ഈ കൊല്ലം ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്കുള്ള പ്രകടനം കാഴ്ച്ച വെച്ച വർഷം കൂടിയാണ് 2025. കണക്കുകൾ പരിശോധിക്കുമ്പോൾ, മലയാളത്തിലും , തമിഴിലും, ഹിന്ദിയിലും, കന്നഡയിലും എല്ലാം പണം വാരിയത് മുഴുവൻ ചെറിയ ബജറ്റിൽ വന്ന ചിത്രങ്ങളാണ്.

താര മൂല്യത്തിന്റെ അകമ്പടിയോ, വമ്പൻ ബജറ്റോ ഇല്ലാതിരിന്നിട്ടും കഥയിലെ മികവ് കൊണ്ട് പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിന്ന് റെക്കോർഡ് കളക്ഷൻ നേടി. ബേസിൽ ജോസഫ് ചിത്രം പൊന്മാൻ അക്കൂട്ടത്തിൽ ഒന്നാണ്. ജോതിഷ് ശങ്കർ സംവിധാനത്തിൽ ജനുവരി 30 ന് ആയിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്. 3 കോടി ബജറ്റിൽ എത്തിയ ചിത്രം 18 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. തൊട്ട് പിന്നാലെ മലയാളത്തിൽ അടുത്ത ഹിറ്റ് അടിച്ചത് കുഞ്ചാക്കോ ബോബനാണ്. ജിത്തു അഷ്‌റഫ് സംവിധാനത്തിൽ 13 കോടി ബജറ്റിൽ എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ബോക്സ് ഓഫീസിൽ നിന്ന് 54 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്.

സൈജു കുറുപ്പ് , അർജുൻ അശോകൻ , തൻവി റാം എന്നിവർ പ്രധാനവേഷത്തിലെത്തിയ അഭിലാഷം എന്ന ചിത്രവും തിയേറ്റർ ഹിറ്റായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട മാർച്ച് മാസത്തിലെ ലിസ്റ്റിൽ ലാഭം നേടിയ സിനിമകളുടെ കൂട്ടത്തിൽ അഭിലാഷവും ഉണ്ടായിരുന്നു. ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായമായിരുന്നു സിനിമ നേടിയത്. പടക്കളം, റോന്ത്, സുമതി വളവ്, തലവര, ഫെമിനിച്ചി ഫാത്തിമ, പെറ്റ് ഡിക്ടറ്റീവ് തുടങ്ങിയ മലയാള ചിത്രങ്ങൾ എല്ലാം ലോ ബജറ്റിൽ എത്തി ഹിറ്റ് നേടിയ മലയാള സിനിമകളാണ്. ഇക്കൂട്ടത്തിലേക്ക് ലോകയെയും ഉൾപ്പെടുത്താം. 30 കോടിക്ക് മുകളിലാണ് ലോകയുടെ ബജറ്റെങ്കിലും സിനിമയുടെ ഫൈനൽ കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റും, ഹിറ്റ് റേഷ്യോ ആണ് സിനിമ നേടിയത്.

എന്നാൽ ഇക്കുറി ഫ്ലോപ്പുകളുടെ എണ്ണത്തിൽ മത്സരിച്ച ഇൻഡസ്‌ട്രികളായിരുന്നു തമിഴും ഹിന്ദിയും. 100 കോടി ബജറ്റിൽ എത്തിയ സൂപ്പർ സ്റ്റാർ സിനിമകൾ പോലും തിയേറ്ററിൽ തുടരെ പരാജയമായിരുന്നു. എന്നാൽ 10 കോടിയ്ക്ക് താഴെ നിർമാണ ചിലവിൽ പുറത്തിറങ്ങിയ ഒട്ടനവധി ചിത്രങ്ങൾ മികച്ച തിരക്കഥയുടെയും പ്രകടനങ്ങളുടെയും പിൻബലത്തിൽ തിയേറ്ററിൽ ആളെക്കൂട്ടി. വലിയ സ്കെയിൽ സിനിമകൾ എടുക്കുന്നതിൽ അല്ല പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ നിർമിക്കുന്നതിലാണ് കാര്യം എന്ന തിരിച്ചറിവ് ഇൻഡസ്ട്രികൾക്ക് നൽകിയ വർഷം കൂടിയായിരുന്നു 2025.
വെറും 8 കോടി ബജറ്റിൽ എത്തി 28 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ തമിഴ് സിനിമയാണ് കുടുംബസ്ഥൻ. രാജേശ്വർ കാളിസാമിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ ലഭിച്ചിരുന്നത്. ഇന്ന് തമിഴ് സിനിമയിലെ മുൻ നിര താരങ്ങളുടെ നിലയിലേക്ക് ഉയർന്ന പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത് 150 കോടിയ്ക്ക് മുകളിലാണ്. 37 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. 200, 300 കോടി ബജറ്റുകളിൽ സിനിമ എടുക്കുന്ന തമിഴ് സിനിമയെ സംബന്ധിച്ച് 37 കോടി ഒരു ലോ ബജറ്റാണ്. ഈ വർഷം രണ്ട് ഹിറ്റുകളാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. 35 കോടി ചിലവിൽ എത്തിയ ഡ്യൂഡ് ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു.


കേരളത്തിൽ നിന്ന് വരെ മികച്ച അഭിപ്രായവും കളക്ഷനും നേടിയ ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി. 7 കോടി ബജറ്റിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയ്ക്ക് അടുത്ത് കളക്ഷൻ നേടിയിരുന്നു. വയലൻസുകൾ നിറഞ്ഞു നിന്ന തമിഴ് സിനിമയിലേക്ക് തിരികെ ഫാമിലി ഇമോഷൻസും ദ്വയാർത്ഥ പദങ്ങൾ ഇല്ലാത്ത തമാശകളും കൊണ്ടുവന്നതാണ് ഇത്രയും വലിയ വിജയത്തിന്റെ ഒരു കാരണം. ശ്രീഗണേഷ് സംവിധാനം ചെയ്ത 3BHK ഈ പട്ടികയിൽ ഇടം നേടിയ സിനിമയാണ്. 10 കോടിയ്ക്ക് ഉള്ളിൽ നിർമിച്ച 3BHK എന്ന ചിത്രം ബോക്സ്ഓഫീസിൽ നിന്ന് വാരിയത് 20 കോടിയ്ക്ക് അടുത്താണ്. സിനിമയിലെ റിലേറ്റബിൾ ആയ കഥാമുഹൂർത്തങ്ങളും ശരത് കുമാറിന്റെയും സിദ്ധാർഥിന്റെയും ഗംഭീര പ്രകടങ്ങളും സിനിമയ്ക്ക് മുതൽ കൂട്ടായി. മാർഗം, മാമൻ, തലൈവൻ തലൈവി, ബാഡ് ഗേൾ, ബൈസൺ കാലമാടൻ, ആൺ പാവം പൊല്ലാത്, ആരോമലൈ തുടങ്ങിയ ചിത്രങ്ങളും തമിഴ് സിനിമയിൽ ഇക്കൊല്ലം വിജയം നേടിയ സിനിമകളാണ്.

ബോളിവുഡിൽ ഇക്കൊല്ലം വിജയിച്ച ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നത് മാത്രമാണ്. ഇതിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മുന്നിൽ എത്തിയത് പുതുമുഖങ്ങളുടെ ചിത്രമാണ്. മോഹിത് സൂരി സംവിധാനം ചെയ്ത സൈയര ആഗോളബോക്സ് ഓഫീസിൽ നിന്ന നേടിയത് 500 കോടിയ്ക്കും മുകളിലാണ്. 45 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ സിനിമ തിയേറ്റർ വിട്ടപ്പോൾ നേടിയത് ബജറ്റിന്റെ പത്ത് ഇരട്ടിയാണ്. സിനിമയ്ക്ക് എതിരെ ചില വിമർശനങ്ങൾ ഉയർന്നെങ്കിലും കേരളത്തിൽ ഉൾപ്പെടെ തിയേറ്ററിൽ ആളെ നിറയ്ക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയ താരങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് സൈയാര അടിച്ചെടുത്തത്.
നീരജ് ഗയ്‌വാൻ ഒരുക്കിയ ഹോംബൗണ്ടിന് മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടാൻ ആയെങ്കിലും സാമ്പത്തികമായി വിജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് സിനിമയെ തേടി എത്തുന്നത്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി സിനിമയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ധനുഷിന്റെ തേരെ ഇഷ്‌ക് മേം വരണ്ട് കിടന്ന് ബോളിവുഡിനെ ഉണർത്തിയ ചിത്രമായിരുന്നു. സിനിമയുടെ പ്രമേയത്തെ ക്കുറിച്ച് വിമർശനങ്ങൾ ഉയർനെകിലും 150 കോടിയോളമാണ് സിനിമ വാരികൂട്ടിയത്. തന്റെ മൂന്നാം ബോളിവുഡ് ചിത്രമായിരുന്നിട്ട് കൂടി തിയേറ്ററിൽ ആളെ കയറ്റാൻ ധനുഷിലെ സ്റ്റാറിന് ആയി.

കെജിഎഫിനും കാന്താരയ്ക്കും ശേഷം മലയാളത്തിൽ വരെ ഓളം സൃഷ്‌ടിച്ച കന്നഡ ചിത്രമായിരുന്നു സു ഫ്രം സോ. രാജ് ബി ഷെട്ടി പ്രധാനവേഷത്തിൽ എത്തിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ പി തുമിനാട് ആണ്. സംവിധായകനും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 5 കോടി ബജറ്റിൽ എത്തിയ ചിത്രം തിയേറ്ററിൽ നിന്ന് നേടിയത് 125 കോടിയ്ക്ക് മുകളിലാണ്. സിനിമയിലെ കോമഡിയും അവതരണവും പ്രേക്ഷകർക്ക് ഇടയിൽ വലിയ മതിപ്പാണ് ഉണ്ടായിക്കായത്.
Content Highlights: Low-budget films of 2025 that turned into super hits