ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്യാതെ സൂപ്പർ നായികയുമായി വിവാഹം; ബോളിവുഡിനെ അമ്പരപ്പിച്ച ധർമേന്ദ്ര-ഹേമമാലിനി പ്രണയം

19 -ാം വയസിൽ ആദ്യ വിവാഹം 34 -ാം വയസിൽ ബോളിവുഡ് ഡ്രീം ഗേളുമായി പ്രണയം, സിനിമയെ വെല്ലുന്ന റൊമാന്റിക് ഹീറോ ആയിരുന്നു ജീവിതത്തിൽ ധർമേന്ദ്ര

ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്യാതെ സൂപ്പർ നായികയുമായി വിവാഹം; ബോളിവുഡിനെ അമ്പരപ്പിച്ച ധർമേന്ദ്ര-ഹേമമാലിനി പ്രണയം
dot image

ഇന്ത്യൻ പ്രേക്ഷകരിലെ വിവിധ തലമുറകളെ ആവേശത്തിരയിലാഴ്ത്തിയ ഒട്ടനവധി ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ നൽകിയ സൂപ്പർ ഹീറോ ആയിരുന്നു ധർമേന്ദ്ര. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡിയും ആക്ഷനും പ്രണയവും വിരഹവും ധര്‍മേന്ദ്ര തകര്‍ത്തഭിനയിച്ചു. സിനിമ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രണയവും. ധർമേന്ദ്ര വിട വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ റിയല്‍ ലെെഫ് പ്രണയം വീണ്ടും ചർച്ചയാകുകയാണ്.

Dharmendra and Hema Malini

സിനിമയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ധര്‍മേന്ദ്രയുടെ ആദ്യ വിവാഹം കഴിഞ്ഞിരുന്നു. 1954 ല്‍ 19-ാം വയസില്‍ കുടുംബസുഹൃത്തിന്റെ മകളായ പ്രകാശ് കൗറുമായിട്ടായിരുന്നു ഈ വിവാഹം. ആ ബന്ധത്തില്‍ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും വിജേത, അജിത എന്നിങ്ങനെ രണ്ട് പെണ്‍മക്കളും ജനിച്ചു. എന്നാല്‍ പിന്നീട് ധര്‍മേന്ദ്രയുടെ ജീവിതത്തിലേക്ക് ഹേമമാലിനി കടന്നുവന്നു.

Dharmendra and Hema Malini

ബോളിവുഡ് സിനിമയിലെ ഡ്രീം ഗേള്‍ ആയിരുന്നു ഹേമമാലിനി. ധര്‍മേന്ദ്രയ്‌ക്കൊപ്പം 'തും ഹസീന്‍ മേം ജവാന്‍' എന്ന സിനിമയിലാണ് ഹേമമാലിനി ആദ്യമായി അഭിനയിക്കുന്നത്. ഹേമയ്ക്ക് 22 വയസ് മാത്രമായിരുന്നു അന്ന് പ്രായം. ധര്‍മേന്ദ്രയ്ക്ക് 34 വയസും. ഹേമമാലിനിയോട് കടുത്ത ആരാധനയും പ്രണയവും തോന്നിയ ധര്‍മേന്ദ്ര പിന്നീട് നിരവധി സിനിമകളിലേക്ക് നടിയെ ശുപാര്‍ശ ചെയ്തു. 28 ഓളം സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. ഷോലെ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ധര്‍മേന്ദ്രയുടെ പ്രണയം പരസ്യമാകുന്നത്.

Dharmendra and Hema Malini

ഹേമമാലിനിയ്ക്ക് ഒപ്പം അഭിനയിക്കുന്ന സീനുകളില്‍ റീടേക്കുകള്‍ എടുക്കാനായി അന്ന് യൂണിറ്റ് അംഗങ്ങള്‍ക്ക് പണം നല്‍കിയതായി പിന്‍കാലങ്ങളില്‍ ധര്‍മേന്ദ്ര തന്നെ തുറന്ന് പറഞ്ഞിരുന്നു. വിവാഹിതനും പിതാവുമായ ധര്‍മേന്ദ്രയുമായുളള ബന്ധത്തെ ഹേമയുടെ മാതാപിതാക്കള്‍ ശക്തമായി തന്നെ എതിര്‍ത്തിരുന്നു. പല നായകന്‍മാരും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരവധി വിവാഹാലോചനകള്‍ വന്നിട്ടും ധര്‍മേന്ദ്രയില്‍ ഹേമ ഉറച്ചു നിന്നു.

Dharmendra and Hema Malini

1980 ല്‍ ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താതെ തന്നെ ധര്‍മേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്തു. ഇവരുടെ ഈ വിവാഹം അന്ന് ബോളിവുഡിനെയാകെ ഞെട്ടിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും ഈ വിവാഹം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വിവാഹമോചനം നേടാത്തതും, രണ്ടാം വിവാഹത്തിന്റെ നിയമസാധുതയുമെല്ലാം പല ഘട്ടങ്ങളില്‍ ചര്‍ച്ചയായി. അഭ്യൂഹങ്ങളും പരന്നു. ധര്‍മേന്ദ്രയും ഹേമമാലിനിയും പല സമയങ്ങളിലായി രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നപ്പോള്‍ ഇവരുടെ വിവാഹത്തെ കുറിച്ച് എതിര്‍പാര്‍ട്ടികള്‍ ചോദ്യം ഉന്നയിച്ചു.

എന്നാല്‍ വിവാദങ്ങളുടെ കൊടുങ്കാറ്റിലും ഹേമമാലിനിയും ധര്‍മേന്ദ്രയും ഒന്നിച്ച് മുന്നോട്ടുപോയി. ഇരുവരുടെയും ദാമ്പത്യത്തില്‍ അഹാന ഡിയോള്‍, ഇഷാ ഡിയോള്‍ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളും ജനിച്ചു. ഇരുവരും സിനിമകളിലും സജീവമായി തുടര്‍ന്നു. ധര്‍മേന്ദ്രയുടെ ലാളിത്യവും ആത്മാര്‍ത്ഥതയുമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് ഹേമമാലിനി എപ്പോഴും അഭിമുഖങ്ങളില്‍ പറയാറുള്ളത്. സിനിമാകഥകളെ വെല്ലുന്ന റിയല്‍ ലൈഫ് പ്രണയജീവിതം ജീവിച്ച ബോളിവുഡ് നായകന്‍ വിട വാങ്ങുമ്പോള്‍ ഡ്രീംഗേളുമായുള്ള ആ പ്രണയകഥകള്‍ ഓര്‍ത്തെടുക്കുകയാണ് ആരാധകര്‍...

Content Highlights: Hema Malini and Dharmendra's love story and marriage are under discussion again

dot image
To advertise here,contact us
dot image