സ്റ്റീവും ഡസ്റ്റിനും മരിക്കില്ല, 1959ൽ തുടങ്ങിയ അപ്‌സൈഡ് ഡൗൺ; കത്തിക്കയറി സ്‌ട്രേഞ്ചർ തിംഗ്‌സ് തിയറികൾ

വെക്നയും മെെന്‍ഡ് ഫ്ളെയും മിലിട്ടറിയും തമ്മിലുള്ള റിയല്‍ കണക്ഷന്‍ ഫെെനല്‍ എപ്പിസോഡില്‍ കാണാമെന്ന് ഫാന്‍സ് പറയുന്നു

സ്റ്റീവും ഡസ്റ്റിനും മരിക്കില്ല, 1959ൽ തുടങ്ങിയ അപ്‌സൈഡ് ഡൗൺ; കത്തിക്കയറി സ്‌ട്രേഞ്ചർ തിംഗ്‌സ് തിയറികൾ
dot image

You Die, I Die - സ്‌ട്രേഞ്ചര്‍ തിംഗ്‌സ് ഫൈനല്‍ എപ്പിസോഡിന്റെ വോള്യം 2 ട്രെയിലര്‍ വന്നതില്‍ പിന്നെ എല്ലാവരുടെയും കണ്ണുടക്കിയിരിക്കുന്നത് ഈ ഡയലോഗിലാണ്. കാരണം ഫാന്‍സിന് അത്രയും പ്രിയപ്പെട്ട സ്റ്റീവും ഡസ്റ്റിനുമാണ് ആ ഡയലോഗ് പറയുന്നത്. ഇവര്‍ മരിക്കുമോ എന്ന പേടിയിലാണ് സ്‌ട്രേഞ്ചര്‍ തിംഗ്‌സ് ഫാന്‍സില്‍ ഭൂരിഭാഗവും. എന്നാല്‍ അങ്ങനെ പേടിക്കേണ്ട കാര്യമില്ലെന്നാണ് ചില ഫാന്‍ തിയറികള്‍ ഉറപ്പിച്ച് പറയുന്നത്. കാരണം, സ്‌ട്രേഞ്ചര്‍ തിംഗ്‌സിനെ പോലെ ട്വിസ്റ്റുകള്‍ക്കും സര്‍പ്രൈസുകള്‍ക്കും പേരുകേട്ട ഒരു സീരിസ് പ്രെഡിക്ടബിളാകില്ല എന്നാണ് ഇവരുടെ പക്ഷം. സ്റ്റീവും ഡസ്റ്റിനും മരിച്ചാല്‍ ഡഫര്‍ ബ്രദേഴ്‌സിനെയും നെറ്റ്ഫ്‌ളിക്‌സിനെയും വെറുതെ വിടില്ല എന്ന് പറയുന്ന കട്ട ഫാന്‍സും കമന്റുകളിലുണ്ട്.

ജൊനാഥന്‍ ബയേഴ്‌സിന്റെ മരണമാണ് ഫാന്‍സ് പറയുന്ന മറ്റൊരു തിയറി. വോള്യം ഒന്നില്‍ നാന്‍സി വീലറെ പ്രൊപ്പോസ് ചെയ്യാനായി ജൊനാഥന്‍ മോതിരം കരുതി വെക്കുന്നുണ്ട്. അപകടകരമായ സാഹചര്യത്തിലേക്ക് വില്ലിനെ പറഞ്ഞയക്കാനാകില്ലെന്ന പറയുന്ന ജോയ്‌സ് മൂത്ത മകനായ ജൊനാഥിന്റെ കാര്യത്തില്‍ ആ ഭയം കാണിക്കുന്നില്ല. ഈ സീനുകളെല്ലാം ജൊനാഥന്‍ മരിക്കുമ്പോള്‍ കാണികള്‍ക്ക് വലിയ ഇമോഷണല്‍ ഇംപാക്ട് തോന്നാനായി വെച്ചിരിക്കുന്നതാണെന്നാണ് തിയറി.

Stranger things

വെക്‌ന വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രമാണെന്ന് വില്‍ ബയേഴ്‌സിനെ അവതരിപ്പിച്ച നോവ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ഹെന്റിയില്‍ നിന്നും വെക്‌നയായി മാറുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം അവസാന ഭാഗത്തില്‍ വരുമെന്നാണ് കാണികളെല്ലാം പ്രതീക്ഷിക്കുന്നത്. മൈന്‍ഡ് ഫ്‌ളെയറിന്റെ മേജര്‍ ജനറലാണോ വെക്‌ന അതോ വില്ലിനെ പോലെ പെട്ടുപോയ ആളാണോ എന്നെല്ലാം ഈ എപ്പിസോഡില്‍ കാണാം. മാക്‌സ് ഓടിയൊളിക്കുന്ന മലയിടുക്കിലേക്ക് നോക്കി ഹെന്റി ഭയത്തോടെ നില്‍ക്കുന്നത് എന്തിനാണെന്നും അവസാന എപ്പിസോഡുകളില്‍ ഉണ്ടാകും. മൈന്‍ഡ് ഫ്‌ളെയറിനെ കുറിച്ച് വിചാരിച്ചുവെച്ചതെല്ലാം തെറ്റായിരുന്നു എന്ന് ഡസ്റ്റിന്‍ ട്രെയിലറില്‍ പറയുന്നത് കഥയില്‍ വമ്പന്‍ ട്വിസ്റ്റ് വന്നേക്കാം എന്നതിന്റെ സൂചനയാണെന്ന് കരുതുന്നവരും ഉണ്ട്.

മാക്‌സ് കാണുന്ന ഹെന്റിയുടെ ഒരു ഓര്‍മയില്‍ ജോയ്‌സും സ്റ്റീവ് ഹാരിങ്ടണിന്റെ അച്ഛനും ഹോപ്പറുമെല്ലാം വരുന്നുണ്ട്. ഈ സമയത്ത് കാണിക്കുന്ന വര്‍ഷം 1959 ആണ്. അതുകൊണ്ട് തന്നെ 1959 ല്‍ നടന്ന സംഭവങ്ങളെ കുറിച്ച് കൂടി സീരിസ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോക്കിന്‍സില്‍ അപ്‌സൈഡ് ഡൗണിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് ഒരുപക്ഷെ ആ സമയത്തായിരിക്കാം എന്നാണ് ഒരു വിഭാഗം പറയുന്നത്.

സ്‌ട്രേഞ്ചര്‍ തിംഗ്‌സ് ദ മോണ്ടാക് പ്രോജക്ട് എന്ന കോണ്‍സ്പിരസി തിയറിയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് അമേരിക്ക സൈക്കോളിജിക്കല്‍ ആയുധങ്ങള്‍ നിര്‍മിക്കാനായി നടത്തിയ രഹസ്യ പ്രോജക്ടായിരുന്നു എന്നാണ് ഗൂഢാലോചന തിയറികളില്‍ പറയുന്നത്. ഇതിനെ പറ്റി ചില പുസ്തകങ്ങളും ഡോക്യുമെന്ററികളും ചിത്രങ്ങളുമെല്ലാം വന്നിട്ടുണ്ട്. സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ ദ മോണ്ടാക്ട് പ്രോജക്ട് എന്നായിരുന്നു എന്നും ചില റിപ്പോര്‍ട്ടുകളിലുണ്ട്. അതുകൊണ്ട് തന്നെ സീരിസിന്റെ അവസാനം പ്രതിസ്ഥാനത്ത് പട്ടാളമാകും എന്നാണ് പലരുടെയും നിഗമനം.

Stranger Things

വില്ലിന്റെ ക്യാരക്ടറിന് യഥാര്‍ത്ഥത്തില്‍ ഓരോ സീസണിലും സംഭവിച്ചത് എന്തായിരുന്നു എന്ന് വിശദമായി അറിയാനാണ് പലരും ആഗ്രഹിക്കുന്നത്. വില്ലും എലവനും എയ്റ്റുമെല്ലാം ചേര്‍ന്ന് വെക്‌നക്കെതിരെ പോരാടും എന്ന് ഉറപ്പിച്ച് കരുതുന്നവരും ഉണ്ട്. വില്ലിന് ലഭിച്ച ശക്തിയെ കുറിച്ച് വെക്‌നയ്ക്ക് അറിവുണ്ടാകുമെന്നും അങ്ങനെയാണെങ്കില്‍ വില്ലിന് യഥാര്‍ത്ഥത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഹോക്കിന്‍സിനെ രക്ഷിക്കാനായി നില്‍ക്കാനാകുമോ എന്നും പലരും ടെന്‍ഷനടിക്കുന്നുണ്ട്. ആദ്യ സീസണില്‍ വില്ലിനെ വെക്‌ന തട്ടിക്കൊണ്ടുപോകുന്നത് ഇലവന്‍ വീടിന്റെ ഡോര്‍ തുറന്ന് കൊടുത്തത് കൊണ്ടാണോ എന്നും ചോദ്യങ്ങളുണ്ട്.

അപ്‌സൈഡ് ഡൗണില്‍ എങ്ങനെ മിലിട്ടറി ബേസ് സൃഷ്ടിച്ചു എന്നാണ് മറ്റൊരു ചോദ്യം. 8 ന്റെ ഇല്യൂഷന്‍ സൃഷ്ടിക്കാനുള്ള കഴിവ് ഉപയോഗിച്ച് അപ്‌സൈഡ് ഡൗണിലെ മിലിട്ടറി ബേസ് വെക്‌നയില്‍ നിന്നും മറച്ചുവെക്കുകയായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. വെക്‌നയും മിലിട്ടറിയും തമ്മില്‍ ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ സാധ്യത കുറവാണെന്ന് പറയുന്നവരും ഉണ്ട്. അപ്‌സൈഡ് ഡൗണിലെ വന്‍മതില്‍ എന്താണെന്ന് അറിയാനാണ് മറ്റ് ചിലരുടെ ആകാംക്ഷ. അത് വെക്‌ന ഭയക്കുന്ന മലയിടുക്കിന്റെ മറ്റൊരു രൂപമാണോ അതെന്നും ചോദ്യങ്ങളുണ്ട്.

വില്ലിന് മൈക്കിനോടുള്ള ഇഷ്ടം, റോബിനും കാമുകിയും, മാക്‌സും ലൂക്കസും, മൈക്കും ഇലവനും, ഹോപ്പറും ജോയ്‌സും, ജൊനാഥനും നാന്‍സിയും അങ്ങനെ തുടങ്ങി നിരവധി പ്രണയബന്ധങ്ങള്‍ക്ക് എന്താകും സംഭവിക്കുക എന്ന് അറിയാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. എന്തായാലും സ്‌ട്രേഞ്ചര്‍ തിംഗ്‌സ് അവസാനത്തേക്ക് അടുക്കുമ്പോള്‍ ആവേശം ഓരോ ദിവസവും പതിന്മടങ്ങായി വര്‍ധിക്കുകയാണ്.

stranger things

അഞ്ചാമത്തെ സീസണിന്റെ ആദ്യ വോള്യം നവംബര്‍ 26 ന് പുറത്തുവന്നിരുന്നു. ക്രിസ്മസ് സ്‌പെഷ്യല്‍ ആയി ഡിസംബര്‍ 25 നായി സീരിസിന്റെ അടുത്ത വോളിയം പുറത്തിറങ്ങുന്നത്. ഇതില്‍ മൂന്ന് എപ്പിസോഡുകളാകും ഉണ്ടാകുക. ഡിസംബര്‍ 31 പാതിരാത്രി അഥവാ ജനുവരി ഒന്നിനാണ് അവസാന എപ്പിസോഡ് എത്തുക. ഇത് രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള എപ്പിസോഡായിരിക്കും.

Content Highlights: Stranger Things: What does the Fan theories say about final season

dot image
To advertise here,contact us
dot image