

മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി ചിത്രം 'പ്രേമം' ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവി ആയിരുന്നു നായിക. കേരളത്തിലുടനീളം സിനിമ തരംഗം സൃഷ്ടിച്ചിരുന്നു.2015-ൽ പുറത്തിറങ്ങിയ 'പ്രേമം' 175 ദിവസത്തോളം തിയേറ്ററുകളിൽ തകർത്തോടി. ഏകദേശം 73 കോടി രൂപ കളക്ഷൻ നേടിയ ചിത്രം പിന്നീട് തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
ഇപ്പോഴിതാ പ്രേമത്തിന് ശേഷം സായ് പല്ലവിമയുമായി വീണ്ടും ഒന്നിക്കേണ്ടതായിരുന്നുവെന്ന് പറയുകയാണ് നിവിൻ പോളി. ബെത്‌ലഹേം കുടുംബ യൂണിറ്റിന് മുൻപ് ഗിരീഷ് എ ഡി വീണ്ടസും ഈ കോംബോയിൽ ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നുവെന്ന് പറയുകയാണ് നിവിൻ. സിനിമ മുടങ്ങാൻ ഉണ്ടായ കാരണവും നിവിൻ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സായ് പല്ലവിയുടെ കൂടെ ഒരു പടം കൂടി ചെയ്യാൻ എല്ലാവരും പറയുമായിരുന്നു. ഗിരീഷ് എ ഡിയുമായി ആദ്യത്തെ ഡിസ്കഷനിൽ സായ് പല്ലവിയുടെ കൂടി ഉള്ള സിനിമ ആയിരുന്നു ചെയ്യാൻ ഇരുന്നത്. പ്രൈമറി ഡിസ്കഷനിൽ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി - സായ് പല്ലവി സിനിമ ചെയ്യണം എന്നായിരുന്നു. സായ് പല്ലവിയും ഓക്കേ ആയിരുന്നു. പിന്നെ പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയതാണ്; നിവിൻ പോളി പറഞ്ഞു.
അതേസമയം, 305 കോടി കളക്ഷനുമായി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് ഔദ്യോഗികമായി നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടിട്ടില്ല. ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോസ് ഉണ്ട്. വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം തന്നെ ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു.
നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്‍ഷം റിലീസായ സര്‍വ്വം മായ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മല്‍ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായിട്ടുണ്ട്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
Content Highlights: Nivin Pauly has spoken about the unmade film associated with director Girish AD and Sai Pallavi. The actor discussed the project and the proposed collaboration involving the three names.