ശബരിമല പാതകള്‍ക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ്, സീസണ് മുമ്പേ പണി പൂര്‍ത്തിയാക്കും; മന്ത്രി പി കെ ബഷീര്‍

2021 മുതല്‍ ശബരിമല റോഡുകളില്‍ പല കാരണങ്ങളാല്‍ വീഴ്ചകള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി

ശബരിമല പാതകള്‍ക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ്, സീസണ് മുമ്പേ പണി പൂര്‍ത്തിയാക്കും; മന്ത്രി പി കെ ബഷീര്‍
dot image

തിരുവനന്തപുരം: ശബരിമല പാതകള്‍ക്ക് 550 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രത്യേക പാക്കേജ് അനുവദിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമലയ്ക്ക് അനുവദിക്കുന്നത്. തീര്‍ത്ഥാടന സീസണിന് മുമ്പുതന്നെ പാതകളുടെ മൊത്തം വികസനം പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.

നിലക്കലും പമ്പയിലും ശബരിമല ദേവസ്വം നേരത്തെ നടത്തിയിരുന്ന ജോലികള്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു. ഇതിനായി 15 കോടി രൂപയാണ് അനുവദിച്ചത്. 2021 മുതല്‍ ശബരിമല റോഡുകളില്‍ പല കാരണങ്ങളാല്‍ വീഴ്ചകള്‍ ഉണ്ടായിരുന്നു. മുന്‍ സീസണുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വളരെ ഗൗരവത്തോടെ കാണുകയും, വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായി മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും തീര്‍ത്ഥാടക സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുമാണ് പാക്കേജില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

മുന്‍ വര്‍ഷങ്ങളിലെ പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രാഷ് ബാരിയര്‍, സ്പീഡ് ബ്രേക്കര്‍, റിഫ്‌ലക്ടര്‍, സൈന്‍ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കും. വാഹനങ്ങളുടെ കാഴ്ചയും സുരക്ഷയും ഉറപ്പാക്കാന്‍ റോഡിന്റെ ഇരുവശങ്ങളിലെയും മരച്ചെടികള്‍ നീക്കം ചെയ്യുന്നതിനും ശബരിമല മേഖലയിലെ സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും മണ്ഡല സീസണിന് മുമ്പ് പൂര്‍ത്തിയാക്കുന്നതിനും പാക്കേജില്‍ നിര്‍ദേശമുണ്ട്.

മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവൃത്തികള്‍ നടത്തുകയും, പുരോഗതി ഇടയ്ക്കിടെ അവലോകനം ചെയ്ത് തീര്‍ത്ഥാടന സീസണിന് മുമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. മുന്‍കൂട്ടിയുള്ള ആസൂത്രണം മൂലം ഈ തവണ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രവൃത്തികളുടെയും പൂര്‍ത്തീകരണം, ഗുണനിലവാര പരിശോധന, സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന എന്നിവ അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. ഈ കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.

Content Highlights: Kerala government approves ₹550 crore package to upgrade Sabarimala roads and infrastructure ahead of the pilgrimage season

dot image
To advertise here,contact us
dot image