

ബെത്ലഹേം കുടുംബ യൂണിറ്റിലെ നായക കഥാപാത്രം ജസ്റ്റിനും ഗ്ലിക്‌സണും സംവിധായകന്‍ ഗിരീഷ് എ ഡിയുടെ പരിചയത്തിലുള്ളവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന് തിരക്കഥാകൃത്ത് കിരണ്‍ ജോസി. എന്നാല്‍ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന ഗ്ലിക്‌സണ്‍ എന്ന ക്യാരക്ടര്‍ ആരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതല്ലെന്നും ആ പേര് സംവിധായകന്റെ പരിചയത്തിലുള്ള ആളില്‍ നിന്നും എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കിരൺ.
‘ജസ്റ്റിന്‍ എന്ന് പറയുന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ പരിചയത്തിലുള്ള ആളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായതാണ്. പൂര്‍ണമായും അങ്ങനെയല്ലെങ്കിലും പക്ഷേ ആ പ്രചോദനം ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ചേട്ടന്‍ ഫിഗര്‍ ആ കഥാപാത്രത്തിലുണ്ടായിരുന്നു. മറ്റ് കഥാപാത്രങ്ങളൊന്നും തന്നെ ഒരാളെ കണ്ടിട്ട് എഴുതിയതല്ല'.
'ഗ്ലിക്‌സണ്‍ എന്ന പേര് മാത്രം എടുത്തു എന്നാണ് എന്റെ അറിവ്. ഈ ക്യാരക്ടര്‍ ആദ്യം ഉണ്ടായിരുന്നില്ല. ഗിരീഷേട്ടന്റെ വേര്‍ഷനില്‍ ഗ്ലിക്‌സണ്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങള്‍ എഴുതാനിരുന്നപ്പോഴാണ് പിള്ളേരുടെ ഗ്യാങ്ങില്‍ ഒരാള്‍ക്ക് ആഷ്‌ലിയോട് ക്രഷ് തോന്നിയാല്‍ നന്നായിരിക്കും എന്ന ഐഡിയ വന്നത്. ഗിരീഷേട്ടന്റെ പരിചയക്കാരന്റെ പരിചയക്കാരനാണ് ഗ്ലിക്‌സണ്‍. ആ പേരെടുത്ത് ഇങ്ങോട്ടിട്ടതാണ്. അല്ലാതെ ഒരാളില്‍ നിന്നും ഇന്‍സ്പയറായി എഴുതിയത് ഒന്നുമല്ല', കിരൺ കൂട്ടിച്ചേർത്തു.
അതേസമയം, ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി ജൈത്രയാത്ര തുടരുകയാണ്. നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ആഗോള തലത്തിൽ 300 കോടിയിലധികം രൂപ നേടി മുന്നേറുകയാണ്. നിവിൻ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം ഭാവനാ സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് പതിപ്പുകളിലൂടെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും വലിയ വിജയം കൈവരിച്ചു. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മൽ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക ഘടകമായിട്ടുണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
Content Highlights: Bethlehem Kudumba Unit Sctript writer Kiran Josi talks about characters in the movie