

ദുബായിലെ ജിയോസ്പെഷ്യൽ സർവേ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടത്തുന്നതിനായി സ്മാർട്ട് റോബോട്ടുകളെ വിന്യസിച്ച് ദുബായ് മുനിസിപ്പാലിറ്റി. LiDAR സാങ്കേതികവിദ്യയും സ്മാർട്ട് ക്യാമറകളും ഉപയോഗിക്കുന്ന ഈ സംവിധാനം മനുഷ്യൻ്റെ പരിമിതമായ ഇടപെടലോടെ കൃത്യമായ ലൊക്കേഷൻ ഡാറ്റ ശേഖരിക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
കൃത്യമായ കോ-ഓർഡിനേറ്റുകൾ, പനോരമിക് ചിത്രങ്ങൾ, വീഡിയോ, ത്രിമാന (3D) ഡാറ്റ എന്നിവ തുടർച്ചയായി ശേഖരിക്കാൻ ഈ റോബോട്ടിന് കഴിയും. ഈ വിവരങ്ങൾ ദുബായുടെ സ്പേഷ്യൽ ഡാറ്റാബേസുകൾ പുതുക്കി നിലനിർത്തുന്നതിനും അടിസ്ഥാനസൗകര്യ പദ്ധതികൾ, ആസ്തി മാനേജ്മെന്റ്, നഗരാസൂത്രണം, സർക്കാർ തീരുമാനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനും ഉപയോഗിക്കുമെന്നും അധികൃതർ പറഞ്ഞു. സഞ്ചരിക്കാനും പ്രവേശിക്കാനും പ്രയാസമുള്ള സ്ഥലങ്ങളിൽ ജീവനക്കാർ പോകേണ്ടതിന് പകരം ഇത്തരത്തിൽ ഉള്ള റോബോട്ടുകളെ ഉപയോഗപ്പെടുത്താൻ സാധിക്കും.
യുഎഇ പൗരന്മാർക്കായുള്ള വാദി അൽ അമർദി ഹൗസിംഗ് പദ്ധതിയിൽ സ്മാർട്ട് റോബോട്ട് ഇതിനകം മികച്ച ഫലങ്ങൾ കൈവരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. പൂർത്തിയായ വീടുകളുടെ അന്തിമ സർവേയും സർവേ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുമാണ് ഇത് ഉപയോഗിച്ചിരുന്നത്. ജിയോസ്പെഷ്യൽ ഡാറ്റ ശേഖരണത്തിന്റെ വേഗതയും കൃത്യതയും വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റോബോട്ട് അവതരിപ്പിച്ചതെന്ന് ജിഐഎസ് സെന്റർ വിഭാഗം ഡയറക്ടർ എഞ്ചിനീയർ മെയ്ത അൽ നുഐമി പറഞ്ഞു. സ്മാർട്ട് സർവേ സാങ്കേതികവിദ്യ ഫീൽഡ് പ്രവർത്തനങ്ങളെ ആധുനികവത്കരിക്കാനും ഡാറ്റ ശേഖരണം വേഗത്തിലാക്കാനും സ്പേഷ്യൽ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കാനുമുള്ള അവസരം ഒരുക്കുമെന്ന് സർവേ വകുപ്പ് ഡയറക്ടർ എഞ്ചിനീയർ സയീദ് അൽ ഫലസി വ്യക്തമാക്കി. പല സർവേ ഉപകരണങ്ങളെയും ഏകോപിപ്പിച്ചാണ് റോബോട്ട് കെട്ടിടങ്ങളുടെയും മറ്റ് ആസ്തികളുടെയും വിശദമായ ഡിജിറ്റൽ രേഖകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പനോരമിക് ചിത്രങ്ങളും കൃത്യതയുള്ള 3ഡി പോയിന്റ് ക്ലൗഡ് ഡാറ്റയും ഈ റോബോട്ടിക് സംവിധാത്തിലൂടെ ലഭ്യമാകുന്നു. ഇതുവഴി കെട്ടിടങ്ങളുടെ പുറംഭാഗങ്ങൾ ഉൾപ്പെടെ കൂടുതൽ സമഗ്രമായ ദൃശ്യവിവരങ്ങൾ സർവേയർമാർക്ക് ലഭിക്കും.
പരമ്പരാഗത ദ്വിമാന (2D) സർവേ ഡാറ്റയിൽ നിന്ന് 3D മോഡലുകളിലേക്കുള്ള ഈ മാറ്റം എഞ്ചിനീയറിംഗ്, നഗരാസൂത്രണം, മറ്റ് ജിയോസ്പേഷൽ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രയോജനകരമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഭാവിയിലെ പദ്ധതികളിലും ഈ ഡാറ്റ പുനരുപയോഗിക്കാനാകുന്നതിനാൽ ഓരോ സർവേയുടെയും ദീർഘകാല മൂല്യം വർധിക്കുമെന്നും കൂടുതൽ വിശ്വസനീയമായ വിവരങ്ങളോടെ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlight: Dubai Municipality has deployed smart robots equipped with LiDAR technology and intelligent cameras to conduct geospatial surveys and collect highly accurate spatial data with minimal human intervention.