

2030 ഫിഫ ലോകകപ്പ് ഫൈനലിന് ഏത് രാജ്യം ആതിഥേയത്വം വഹിക്കണമെന്നതിനെക്കുറിച്ച് റോയല്‍ മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫൗസി ലെക്ജ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ച് റയല്‍ മാഡ്രിഡ് മാനേജര്‍ ഹോസെ മൗറീന്യോ. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2030 ലെ ലോകകപ്പ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ശനിയാഴ്ച റയോ വയെക്കാനോയ്ക്കെതിരായ റയല്‍ മഡ്രിഡിന്റെ ലാ ലിഗ മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് മൗറീന്യോ ആഗ്രഹം പറഞ്ഞത്. നാല് വര്‍ഷത്തിന് ശേഷം നടക്കുന്ന ലോകകപ്പ് ഫൈനലിന് ഏത് വേദി നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മൗറീന്യോയോട് ചോദിക്കുകയുണ്ടായി. 'മത്സരം എവിടെ നടത്തണം എന്നതും മത്സരം എവിടെ നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നതും തമ്മില്‍ വ്യത്യാസമുണ്ട്' സ്പാനിഷ് മാധ്യമത്തോട് സംസാരിക്കവേ മൗറീന്യോ പറഞ്ഞു.
'ഫൈനല്‍ ലിസ്ബണില്‍ (പോര്‍ച്ചുഗല്‍) നടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ചില കളിക്കാര്‍ പന്തുകളിച്ച ഐതിഹാസികവും ചരിത്രപരവുമായ ഒരു സ്റ്റേഡിയത്തില്‍ കളി നടക്കാന്‍ സാധിക്കുമെങ്കില്‍… അത് ഇവിടെ തന്നെയായിരിക്കണം. ഇനി ഞാന്‍ ബെന്‍ഫിക്കയുടെ മാനേജരായിരുന്നെങ്കിലും ഇതുതന്നെയാകും പറയുക' -മൗറീന്യോ വ്യക്തമാക്കി.
2030 ലോകകപ്പ് ഫൈനല്‍ വേദിയെച്ചൊല്ലി ലെക്ജ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് മൗറീന്യേയുടെ ഈ പ്രതികരണം. വ്യാഴാഴ്ച ബൗസ്‌നികയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ, 2030 ലോകകപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യം ബെന്‍സ്ലിമാന്‍ പ്രവിശ്യയ്ക്ക് ലഭിക്കുമെന്ന് ലെക്ജ പ്രഖ്യാപിച്ചിരുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന 1,15,000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്രാന്റ് സ്റ്റേഡ് ഹസ്സന്‍ രണ്ടാമന്‍ സ്റ്റേഡിയമാണ് ഫൈനല്‍ വേദിയായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. എന്നിരുന്നാലും, ഈ അവകാശവാദം ഫിഫ ഉടന്‍ തന്നെ തള്ളിക്കളഞ്ഞു. 2030 ലെ ഫൈനല്‍ വേദിയെക്കുറിച്ച് മൊറോക്കോയ്ക്ക് യാതൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും, യോജ്യമായ സമയത്ത് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും ലോക ഫുട്‌ബോള്‍ ഭരണസമിതിയിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
content highlights: "I Wish the Final Takes Place in Lisbon": José Mourinho