

ത്രില്ലര്‍ സിനിമകള്‍ക്ക് എക്കാലത്തും ആരാധകർ ഏറെയാണ്. ഒരുപാട് മികച്ച ത്രില്ലർ ചിത്രങ്ങളുള്ള ഇൻഡസ്ട്രിയാണ് മലയാളം. മലയാളത്തിലെ ആ നിരയിലേക്ക് പുതിയ ഒരു ത്രില്ലർ ചിത്രം കൂടി വന്ന് ചേർന്നിരിക്കുകയാണ്, പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിലെ ഓരോ പെർഫോമൻസുകൾക്കും വലിയ കയ്യടിയാണ് ഉയരുന്നത്. നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിച്ചു എന്നാണ് കമന്റുകൾ.
വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
പൊലീസ് സേനയ്ക്കുള്ളിൽ നിലനിൽക്കുന്ന വിവിധ പ്രശ്‌നങ്ങൾക്കൊപ്പം ഓരോ കഥാപാത്രത്തിനും പല ലെയറുകൾ നൽകിയാണ് സിനിമയൊരുക്കിയിരിക്കുന്നത് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. വളരെ കൃത്യമായി ഒരുക്കിയ സ്‌ക്രിപ്റ്റും അതിനോട് ചേർന്ന് നിൽക്കുന്ന മേക്കിങ്ങുമാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ് എന്നും സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റുകളിലുണ്ട്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'.
മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Content Highlights: Pradhama Drishtya Kuttakkar movie gets good response from audience