

ബെംഗളൂരു: ആഫ്രിക്കയിലെ വിവിധ സ്വർണ ഖനന കമ്പനികളിലും മറ്റ് ബിസിനസ് സ്ഥാപനങ്ങളിലും കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയും കുടുംബാംഗങ്ങളും ഓഹരികൾ സ്വന്തമാക്കിയെന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച അന്വേഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇഡിയുടെ നടപടി. സെപ്റ്റംബർ 9, 10 തീയതികളിൽ സതീഷ് ജാർക്കിഹോളിയുമായും കുടുംബാംഗങ്ങളുമായും അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം നടത്തിയ പരിശോധനയിൽ വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് ഇ ഡി അറിയിച്ചിരിക്കുന്നത്.
ആഫ്രിക്കയിലെ ഖനന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉൾപ്പെടെ നിരവധി വിദേശ സ്ഥാപനങ്ങളിൽ മന്ത്രിയ്ക്കും കുടുംബാംഗങ്ങൾക്കും ഓഹരി പങ്കാളിത്തം ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയെന്നാണ് ഇഡിയുടെ അവകാശവാദം. കോംഗോയിലെ എൽഡൊറാഡോ മൈനിങ് റിസോഴ്‌സസ്, സാംബിയയിലെ നവ ഔറം മൈനിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരുകളും അന്വേഷണ ഏജൻസി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോംഗോ ആസ്ഥാനമായുള്ള സ്വർണ ഖനന കമ്പനിയായ മാഗ്നിറ്റ്യൂഡ് സ്റ്റാർ എസ്എആർഎല്ലിൽ സതീഷ് ജാർക്കിഹോളി ഏകദേശം 40 ശതമാനം ഓഹരി സ്വന്തമാക്കിയതായും ഇഡി ആരോപിച്ചു. ആഫ്രിക്കയിൽ ഖനന ആസ്തികൾ കൈവശമുള്ള മറ്റ് നിരവധി വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.
ജാർക്കിഹോളി കുടുംബത്തിന്റെ വിദേശ നിക്ഷേപങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. സതീഷിന്റെ മകളും ചിക്കോടി എംപിയുമായ പ്രിയങ്ക ജാർക്കിഹോളി, മകൻ രാഹുൽ ജാർക്കിഹോളി, സഹോദരി മഹാദേവി മഞ്ജുനാഥ് എന്നിവരും വിദേശ സ്ഥാപനങ്ങളിൽ ഓഹരികൾ സ്വന്തമാക്കിയതാതായാണ് ഇ ഡി ആരോപിക്കുന്നത്. കോംഗോയിലെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും ചെലവുകളും ‘അനധികൃത മാർഗങ്ങളിലൂടെ’ പണമായി നടത്തിയതായും ഇഡി ആരോപിച്ചു. വിദേശ ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ തെളിവുകളും ലഭിച്ചതായി അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
സതീഷ് ജാർക്കിഹോളിയുടെ ഓഫീസ് സ്റ്റാഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടന്നിരുന്നു. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി), പേഴ്സണൽ അസിസ്റ്റന്റ് മലഗൗഡ പാട്ടീൽ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ജാർക്കിഹോളിയുമായി അടുപ്പമുള്ള രാജു ദരഗ്ഷെട്ടി, വിത്തൽ പ്രസന്നവർ, ഗിരീഷ് സോൻവാൽക എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടന്നു. കർണാടക പൊതുമരാമത്ത് വകുപ്പിന്റെ ഒരു ടെൻഡർ സ്വന്തമാക്കുന്നതിനായി ‘വൻതുക കൈക്കൂലി’ നൽകിയതായി ഇഡി ആരോപിക്കുന്ന സ്വകാര്യ കമ്പനിയായ ഭാരത് വാണിജ്യ ഈസ്റ്റേൺ പ്രൈവറ്റ് ലിമിറ്റഡിലും (ബിവിഇപിഎൽ) പരിശോധന നടത്തി. ഈ പണം പിന്നീട് വിദേശ ആസ്തികൾ സ്വന്തമാക്കുന്നതിനായി ഉപയോഗിച്ചതായാണ് ഇ ഡി ആരോപിക്കുന്നത്.
കർണാടക പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കരാറുകാരിൽനിന്ന് കൈക്കൂലി പിരിച്ചെടുത്തതുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയിൽ കണ്ടെത്തിയതായും ഇഡി ആരോപിക്കുന്നുണ്ട്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 3.3 കോടി രൂപയും യുഎസ് ഡോളറും യൂറോയും ഉൾപ്പെടെയുള്ള ഏകദേശം 15 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തുനിന്നും എത്ര തുക വീതമാണ് പിടിച്ചെടുത്തതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല. വിദേശ നിക്ഷേപങ്ങളുടെ സ്വഭാവം, നിക്ഷേപത്തിനുള്ള പണത്തിന്റെ ഉറവിടം, വിദേശ ഖനന കമ്പനികളും കർണാടക പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളുമായി ബന്ധപ്പെട്ട ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ഇ ഡി അറിയിച്ചു.
ഇഡിയുടെ ആരോപണങ്ങളിൽ മന്ത്രി സതീഷ് ജാർക്കിഹോളിയോ കുടുംബാംഗങ്ങളോ പരിശോധനയിൽ പേരുള്ള മറ്റ് വ്യക്തികളോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കർണാടക മുഖ്യമന്ത്രി ഡി ക. ശിവകുമാർ മന്ത്രിക്കെതിരായ ഇഡിയുടെ ആരോപണങ്ങൾ തള്ളി. പരിശോധനയും ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം.
Content Highlights: The Enforcement Directorate has alleged that Karnataka Minister Satish Jarkiholi and his family have stakes in gold mining companies in Africa.