അച്ഛന് ഓറൽ കാൻസർ, വേദനയുള്ളപ്പോള്‍ പോലും എനിക്കൊപ്പം റെക്കോര്‍ഡിങിന് വന്നിരുന്നു; കെഎസ് ചിത്ര

'അച്ഛന്റെ കണ്ണീരുകണ്ട് പാടാൻ കഴിഞ്ഞില്ല' ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം പങ്കിട്ട് കെ എസ് ചിത്ര

അച്ഛന് ഓറൽ കാൻസർ, വേദനയുള്ളപ്പോള്‍ പോലും എനിക്കൊപ്പം റെക്കോര്‍ഡിങിന് വന്നിരുന്നു; കെഎസ് ചിത്ര
dot image

അച്ഛന്റെ സ്‌നേഹവും ത്യാഗങ്ങളും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണെന്ന് ഗായിക കെ എസ് ചിത്ര. ഓറൽ കാൻസറിന്റെ വേദന അനുഭവിച്ചിരുന്ന സമയത്തുപോലും റെക്കോർഡിങുകൾക്ക് അച്ഛൻ ഒപ്പം വരുമായിരുന്നുവെന്ന് ചിത്ര പറയുന്നു. 'അനുരാഗി' എന്ന സിനിമയിലെ പാട്ടിന്റെ റെക്കോർഡിങിനിടെ പെയിൻ കില്ലർ കഴിച്ചാണ് അച്ഛൻ കൂടെ എത്തിയതെന്ന് ചിത്ര പറഞ്ഞു. റിപ്പോട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അച്ഛന് ഓറല്‍ കാന്‍സര്‍ ആയിരുന്നു. അതിന്റെ വേദനയുള്ളപ്പോള്‍ പോലും എനിക്കൊപ്പം റെക്കോര്‍ഡിങിന് കൂടെ വരുമായിരുന്നു. ഒരാള്‍ കൂടെയില്ലാതെ ഞാന്‍ പോകില്ലായിരുന്നു. ഇപ്പോഴും ഞാന്‍ അങ്ങനെയാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ പേടിയാണ്. അഭിപ്രായം ചോദിക്കാന്‍ കൂടെ ഒരാള്‍ വേണം. സാരിയെടുക്കുമ്പോള്‍ പോലും ഞാന്‍ അങ്ങനെയാണ്.

അനുരാഗി എന്ന സിനിമയിലെ പാട്ടിന്റെ റെക്കോര്‍ഡിങിനും അച്ഛന്‍ കൂടെ വന്നിരുന്നു. പെയിന്‍ കില്ലര്‍ കഴിച്ചിട്ടാണ് അച്ഛന്‍ വന്നത്. ഞാന്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കും. അച്ഛന്‍ എന്റെ കൂടെ വോയ്‌സ് റൂമില്‍ തന്നെയുണ്ടാകും. അച്ഛന്റെ എന്തെങ്കിലുമൊരു ആക്ഷനില്‍ നിന്നും എനിക്ക് മനസിലാകും ഞാന്‍ പാടുന്നത് അച്ഛന് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നത്.

ഇടയ്ക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അച്ഛന്റെ കണ്ണില്‍ നിന്നും കണ്ണീര് വരുന്നതാണ്. അപ്പോഴേക്കും മരുന്നിന്റെ ഇഫക്ട് കഴിഞ്ഞിരുന്നു. വേദന കൊണ്ടാണ്. അത് എന്റെ മനസില്‍ കൊണ്ടു. എനിക്ക് വേണ്ടിയല്ലേ ഇത്രയും വേദന സഹിച്ച് ഇവിടെ ഇരിക്കുന്നത്? അന്ന് ഞാന്‍ പറഞ്ഞു, അച്ഛന്റെ വിഷമം കണ്ടുകൊണ്ട് എനിക്ക് പാടാന്‍ പറ്റില്ല, ഇത് വേണ്ട, വിധിച്ചിട്ടുള്ളത് മതി. ഇത്രയൊക്കെ പാടിയല്ലോ അത് മതി. നമുക്ക് പോകാം തിരിച്ച് നാട്ടിലേക്ക് എന്ന് പറഞ്ഞു. അതിന് ശേഷം അച്ഛന്‍ എന്റെ കൂടെ വന്നിട്ടില്ല. അത് എന്നെ അത്രത്തോളം വിഷമിപ്പിച്ചുവെന്ന് മനസിലാക്കിയിട്ടാണ്. പിന്നെ എന്റെ അമ്മയോ കസിന്‍ ബ്രദറോ ആണ് കൂടെ വന്നിരുന്നത്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ നിലയിലെത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം അച്ഛന്റെ സാക്രിഫൈസുകള്‍ ആണ്', കെ എസ് ചിത്ര പറയുന്നു.

Content Highlights: K.S. Chithra recalled her father’s dedication and support, saying he accompanied her to recording sessions even while enduring the pain of oral cancer. Her emotional words have touched fans and gone viral.

dot image
To advertise here,contact us
dot image