

കേരളത്തിൽ നിന്ന് ആദ്യമായി ഒരു റിയൽ എസ്റ്റേറ്റ് കമ്പനി IPOയിലേക്ക് എത്തുകയാണ്. പ്രമുഖ മലയാളി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കേരളം ആസ്ഥാനമായ വീഗാലാൻഡ് ഡെവലപ്പേഴ്സ് ആണ് 210 കോടി രൂപ സമാഹരണലക്ഷ്യവുമായി പ്രഥമ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നത്. വണ്ടർലാ ഹോളിഡേയ്സ്, വി ഗാർഡ് എന്നിവയ്ക്ക് ശേഷമുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മൂന്നാമത്തെ ലിസ്റ്റഡ് സംരംഭമായി വീഗാലാൻഡ് ഡെവലപ്പേഴ്‌സ് മാറും. ഐ.പി.ഒയ്ക്ക് മുൻപ് കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 92% ഓഹരി പങ്കാളിത്തമുണ്ട്.
സെപ്റ്റംബർ 10-ന് തുടങ്ങുന്ന ഐ.പി.ഒ. 15 വരെ നീളും. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ഒൻപതിനാണ്. 130–140 രൂപ വരെയാണ് IPO പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് കമ്പനിയുടെ വാലുവേഷൻ ഏകദേശം 682.5 കോടി വരും. IPO പൂർണമായും പുതിയ ഓഹരികളുടെ ഇഷ്യൂ ആയിരിക്കും. നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സെയിൽ ഇതിൽ ഉൾപ്പെടുന്നില്ല.
സ്ഥാപന നിക്ഷേപകർക്കായുള്ള ആങ്കർ ബുക്ക് സെപ്റ്റംബർ 9ന് തുറക്കും. സെപ്റ്റംബർ 15ന് IPO അവസാനിച്ചതിന് ശേഷം സെപ്റ്റംബർ 16ന് ഷെയർ അലോട്ട്മെന്റ് പൂർത്തിയാക്കാനാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 18ന് വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ആരംഭിക്കാനാണ് സാധ്യത.
IPOയിലെ 50 ശതമാനം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIBs)-ക്കായി മാറ്റിവെച്ചിട്ടുണ്ട്. 35 ശതമാനം റീറ്റെയ്ൽ നിക്ഷേപകർക്കും ബാക്കി 15 ശതമാനം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവസ്റ്റേഴ്സിനുമാണ് (NIIs). ഒരു ലോട്ടിൽ 107 ഓഹരികളാണ് ഉൾപ്പെടുന്നത്. പരമാവധി പ്രൈസ് ബാൻഡ് ആയ ₹140 കണക്കാക്കിയാൽ ഒരു ലോട്ടിനു ₹14,980 ആണ് കുറഞ്ഞ നിക്ഷേപമായി വേണ്ടത്. റീറ്റെയ്ൽ നിക്ഷേപകർക്ക് പരമാവധി ₹1,94,740 വരെ നിക്ഷേപിക്കാനാകും. 107 ഓഹരികളുടെ ഗുണിതങ്ങളിലാണ് അധിക ബിഡിങ് നടത്തേണ്ടത്.
IPOയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ നിലവിലുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വികസനത്തിനാണ് ഉപയോഗിക്കുക.
ഏകദേശം 119.8 കോടി രൂപ നിലവിൽ പുരോഗമിക്കുന്ന പദ്ധതികളുടെ വികസനച്ചെലവിന്റെ ഒരു ഭാഗം വഹിക്കാൻ മാറ്റിവെക്കും. ശേഷിക്കുന്ന തുക ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.
2011ൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പ്രവേശിച്ച വീഗാലാൻഡ് ഡെവലപ്പേഴ്സ് വീഗാലാൻഡ് ഹോംസ് എന്ന ബ്രാൻഡിലാണ് കേരളത്തിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് പ്രോജക്ട്സ് വികസിപ്പിക്കുന്നത്.
കമ്പനി ഇതുവരെ 11.05 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 10 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 12 പദ്ധതികൾ പുരോഗമിക്കുകയാണ്. ഇതിന് പുറമെ വരാനിരിക്കുന്ന 3 പ്രോജക്ടുകൾ കൂടി കമ്പനിക്കുണ്ട്. ആദ്യഘട്ടത്തിൽ കമ്പനി ₹250 കോടി സമാഹരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് IPOയുടെ വലുപ്പം 210 കോടിയായി കുറച്ചു. SEBI 2026 ജൂണിൽ DRHP-ന് അനുമതി നൽകിയിരുന്നു. വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ IPO കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ നീക്കമാണ്.
കേരളം ആസ്ഥാനമായ റെസിഡന്റിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പൊതുവിപണിയിൽ നിന്ന് നേരിട്ട് മൂലധനം സമാഹരിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെ കമ്പനിക്ക് കൂടുതൽ വളർച്ചാ പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ ലഭിക്കുകയാണ് ലക്ഷ്യം.
കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കാലയളവിൽ കമ്പനിയുടെ വരുമാനം 30 ശതമാനത്തിലധികം വളർന്ന് 250.97 കോടിയിലെത്തി. ലാഭവും 30 ശതമാനത്തിലധികം വളർന്ന് 26.6 കോടി ആയി.
Content Highlights: Kerala’s Real Estate Market Gets Its First Big IPO: Veegaland Developers to Raise ₹210 Crore