കെസിഎല്‍ ക്രിക്കറ്റ്; സെമി ഫൈനല്‍ ലൈനപ്പായി

ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് എന്നിവരാണ് സെമിയിലെത്തിയ ടീമുകള്‍

കെസിഎല്‍ ക്രിക്കറ്റ്; സെമി ഫൈനല്‍ ലൈനപ്പായി
dot image

കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് മൂന്നുവിക്കറ്റ് ജയം. ആദ്യ ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 19.5 ഓവറില്‍ 140 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുന്‍പേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി.എസ്. വിനില്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ കെ.ആര്‍. രോഹിത് മടങ്ങി. പത്ത് റണ്‍സെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറില്‍ അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകര്‍പ്പന്‍ സിക്‌സറുകളുമായി തുടങ്ങിയ ഇമ്രാന്‍, അഭിജിത് പ്രവീണിന്റെ പന്തില്‍ സച്ചിന്‍ ബേബിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.

അഞ്ചാം വിക്കറ്റില്‍ എസ്. ഷാരോണും ഷോണ്‍ റോജറും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 14 റണ്‍സെടുത്ത ഷാരോണിനെ പുറത്താക്കി അജ്‌നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത മുഹമ്മദ് ഇനാന്‍, സിബിന്‍ ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ഷോണ്‍ റോജറെയും പ്രസൂണ്‍ പ്രസാദിനെയും ഒരേ ഓവറില്‍ പുറത്താക്കി അജ്‌നാസ് ടൈറ്റന്‍സിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഒടുവില്‍ ഒന്‍പതാം വിക്കറ്റില്‍ ബിജു നാരായണനും ആസിഫ് സലാമും ചേര്‍ത്ത 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടൈറ്റന്‍സിനെ 140-ല്‍ എത്തിച്ചത്. ആസിഫ് സലാം 16 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്തു. 25 പന്തുകളില്‍ നിന്ന് 37 റണ്‍സുമായി ബിജു നാരായണന്‍ പുറത്താകാതെ നിന്നു. ഷോണ്‍ റോജര്‍ 24 പന്തില്‍ നിന്ന് 27 റണ്‍സ് നേടി ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്നും വിനില്‍, അഭിജിത് പ്രവീണ്‍, സിബിന്‍ ഗിരീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പിയൂടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീണു.മുഹമ്മദ് ഇര്‍ഷാദിന്റെ പന്തുകളില്‍ ആകാശ് പിള്ളയും സച്ചി ബേബിയും അക്കൗണ്ട് തുറക്കാതെ മടങ്ങി.മൂന്നാം വിക്കറ്റില്‍ മുഹമ്മദ് ആസറുദ്ദീനും അരുണ്‍.കെ.എയും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അരുണിനെ പുറത്താക്കി ഇര്‍ഷാദ് ആലപ്പിക്ക് വീണ്ടും പ്രഹരം എല്‍പ്പിച്ചു.തുടര്‍ന്നെത്തിയ അക്ഷയിയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 24 റണ്‍സ് പിറന്നു.എന്നാല്‍ 19 റണ്‍സെടുത്ത അസര്‍ പുറത്തായത് ആലപ്പിക്ക് തിരിച്ചടിയായി.തൊട്ട് പിറകെ അഭിജിത്ത് പ്രവീണും അക്ഷയിയും കൂടി മടങ്ങയതോടെ ആറിന് 71 റണ്‍സെന്ന നിലയിലായിരുന്നു ആലപ്പി. അഭിജിത്ത് പ്രവീണ്‍ 5 റണ്‍സും അക്ഷയ് 19 റണ്‍സുമെടുത്തു.തുടര്‍ന്ന് 8-ാം വിക്കറ്റില്‍ സിബിന്‍ ഗിരീഷും ശ്രീരുപും ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് ആലപ്പിക്ക് വിജയമൊരുക്കിയത്. ഇരുവരും 31 റണ്‍സ് വീതം നേടി. വിജയത്തിന് തൊട്ടരികെ ശ്രീരൂപ് പുറത്തായെങ്കിലും ഏഴ് പന്ത് ബാക്കി നല്‍ക്കെ ആലപ്പി വിജയത്തിലെത്തി.തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി മുഹമ്മദ് ഇര്‍ഷാദ് നാല് വിക്കറ്റും പി.നാസല്‍, ആസിഫ് സലാം എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി.

Also Read:


നാളെ നടക്കുന്ന ആദ്യ സെമിയില്‍ ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ആലപ്പി റിപ്പിള്‍സ് നാലാം സ്ഥാനക്കാരായ കാലിക്കറ്റിനെ നേരിടും.

content highlights: Kerala Cricket League (KCL): Semi-Final Lineup Confirmed

dot image
To advertise here,contact us
dot image