സ്പാനിഷ് താരം മാര്‍ക്കോസ് യോറെന്റെ വിരമിച്ചു

ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്

സ്പാനിഷ് താരം മാര്‍ക്കോസ് യോറെന്റെ വിരമിച്ചു
dot image

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരുമാസം മാത്രം പിന്നിടുമ്പോള്‍ സ്പാനിഷ് മധ്യനിര താരവും ലോകകപ്പ് ജേതാവുമായ മാര്‍ക്കോസ് യോറെന്റെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്‌പെയിന്‍ ദേശീയ ടീമിനായി 27 മുതിര്‍ന്ന മത്സരങ്ങളിലാണ് ഈ അത്ലറ്റിക്കോ മാഡ്രിഡ് താരം കളത്തിലിറങ്ങിയത്. തന്റെ വിടവാങ്ങല്‍ കുറിപ്പില്‍, 'വളരെ ചിന്തിച്ച്, പൂര്‍ണമനസ്സോടെ ഞാന്‍ എടുത്ത തികച്ചും വ്യക്തിപരമായ തീരുമാനമാണിത്' എന്ന് 31-കാരനായ താരം വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ ഫലം തന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, 'ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും, ഞങ്ങള്‍ കിരീടം നേടിയാലും ഇല്ലെങ്കിലും ഞാന്‍ ഈ തീരുമാനം മുന്‍പേ എടുത്തിരുന്നതാണ്' എന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമായും മധ്യനിരയില്‍ കളിക്കുന്ന യോറെന്റെ, ഈ ലോകകപ്പില്‍ ദേശീയ ടീമിനായി റൈറ്റ് ബാക്ക് പൊസിഷനിലാണ് കളത്തിലിറങ്ങിയത്. യുറഗ്വായ്ക്കെതിരായ സ്‌പെയിനിന്റെ 1-0 വിജയത്തില്‍ അലക്‌സ് ബയേന നേടിയ ഗോളിന് വഴിയൊരുക്കിയത് യോറെന്റെയായിരുന്നു.

തന്റെ ചെറുപ്പകാലത്തുതന്നെയുള്ള ഈ വിരമിക്കലിനെക്കുറിച്ച് ലാ ലിഗ താരമായ യോറെന്റെ സംസാരിച്ചു: 'എനിക്ക് ഇനിയും പ്രായമുണ്ടെന്നും, മികച്ച പ്രകടനം തുടര്‍ന്നാല്‍ ഈ ജേഴ്‌സിയില്‍ ഇനിയും വര്‍ഷങ്ങളോളം കളിക്കാന്‍ സാധിക്കുമെന്നും എനിക്കറിയാം' -അദ്ദേഹം പറഞ്ഞു. 'പലര്‍ക്കും ഈ തീരുമാനം പെട്ടെന്ന് മനസ്സിലായെന്ന് വരില്ല, ഞാന്‍ പുറത്തുനിന്നാണ് ഇതുകാണുന്നതെങ്കിലും ഒരുപക്ഷേ എനിക്കും അത് മനസ്സിലാകുമായിരുന്നില്ല' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ടീമിലെ സഹതാരങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്. 'ഞാന്‍ അനുഭവിച്ചതെല്ലാം, പ്രത്യേകം പറഞ്ഞുയാല്‍ ഈ കഴിഞ്ഞ 52 ദിവസങ്ങള്‍ ഞാന്‍ നെഞ്ചിലേറ്റും. സ്‌പെയിനിനെ മുന്‍നിരയില്‍ എത്തിക്കാന്‍ അവസാന നിമിഷം വരെ പോരാടിയ ഒരു മികച്ച കൂട്ടായ്മയായിരുന്നു അത്. അവര്‍ അത് കൃത്യമായി നിറവേറ്റുകയും ചെയ്തു' -യോറന്റെ പറഞ്ഞു.


നിലവില്‍ അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്ന യോറെന്റെ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ക്ലബ്ബുമായി കരാര്‍ നീട്ടിയത്. 2027 വരെ ക്ലബ്ബുമായി കരാറുണ്ടെങ്കിലും, 'തുറന്നു പറഞ്ഞാല്‍ അത്ലറ്റിക്കോ മഡ്രിഡില്‍ വെച്ചുതന്നെ വിരമിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

content highlights: Spanish Midfielder Marcos Llorente Announces Retirement From Professional Football

dot image
To advertise here,contact us
dot image