

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ മുന്നേ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകള്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര തുടങ്ങിയത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ മോട്ടോര്‍സൈക്കില്‍ ഡയറീസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീകൃഷ്ണന് മേലുള്ള വിശ്വാസം എത്രയോ കാലമായി നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരം വരുന്നത് വരെ അത് തുടര്‍ന്നു. നായര്‍ സമുദായത്തിന് പോലും പ്രവേശനം നിയന്ത്രിതമായിരുന്നെന്ന് മന്നത്ത് പദ്മനാഭന്‍ അടക്കം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് അദ്ദേഹം വിശദീകരിച്ചത്.
മുമ്പ് പി ജയരാജന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഘട്ടത്തില്‍ ആര്‍എസ്എസിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായി ബാലസംഘം, മഹിളാ അസോസിയഷന്‍ എന്നിവയുടെ നേതൃത്വത്തിൽ സിപിഐഎം നേതൃത്വത്തിലുള്ള ക്ലബ്ബുകള്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ബാലഗോകുലം അടക്കം സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് ബദലായി ആയിരുന്നു അന്ന് സിപിഐഎം ഇങ്ങനെ ഒരു നീക്കം നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് കാരണമായേക്കും എന്ന് കണ്ട് പാര്‍ട്ടി പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ അറിയിച്ച് രംഗത്ത് വന്ന ഘട്ടത്തിലാണ് പി ജയരാജന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
Content Highlights: CPI(M) leader P Jayarajan described Krishna Jayanti processions as part of an RSS political strategy in Kerala. Speaking on the CPI(M) Kannur district committee’s podcast series ‘Motor Cycle Diaries’, he claimed the events were introduced to strengthen RSS influence among families and noted that Chathaya Dinam processions had previously been more prominent on Kerala’s streets.