

മലയാളികളുടെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമായ 'തേന്മാവിന്‍ കൊമ്പത്ത്' 4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രിയദര്‍ശന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ലാണ് ചിത്രം റിലീസായത്.
മോഹന്‍ലാല്‍, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ചിത്രത്തിന്റെ ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങള്‍ക്കും പുതിയ ജീവന്‍ നല്‍കി ഡോള്‍ബി അറ്റ്‌മോസില്‍ മിക്‌സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.
മാറ്റിനി നൗ പങ്കുവച്ചിരിക്കുന്ന കുറിപ്പ്
പ്രിയപ്പെട്ട പ്രേക്ഷകരേ,
1994-ല്‍, പ്രണയവും നര്‍മ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ സംഗീതവും ഒത്തുചേര്‍ന്ന ഒരു സിനിമ നമ്മെ തേടിയെത്തി 'തേന്മാവിന്‍ കൊമ്പത്ത്'. നമ്മള്‍ ആ സിനിമ കണ്ടു ചിരിച്ചു… സങ്കടപ്പെട്ടു… അതിലെ ഓരോ പാട്ടുകളും നമ്മുടെ കല്യാണവീടുകളിലും ആഘോഷങ്ങളിലും പാടി, ആസ്വദിച്ചു. അങ്ങനെ, അറിയാതെ തന്നെ നമ്മള്‍ വളര്‍ന്നു. പക്ഷേ, എന്തോ… ആ സിനിമയ്ക്ക് നമ്മളോടൊപ്പം പ്രായമായില്ല.
ഇന്നും അതിലെ ഓരോ ഫ്രെയിമും, ഓരോ കഥാപാത്രവും, ഓരോ പാട്ടും, ഓരോ ചിരിയും നമ്മുടെ ഓര്‍മ്മകളില്‍ അതേ പുതുമയോടെ തന്നെയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി, ആ ഓര്‍മ്മകളെ വീണ്ടും വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഒരു യാത്രയിലായിരുന്നു ഞങ്ങള്‍ ' മാറ്റിനി നൗ'.
ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് 4Kയില്‍ സ്‌കാന്‍ ചെയ്ത്, അതിന്റെ സംഗീതത്തിനും ശബ്ദങ്ങള്‍ക്കും സ്‌നേഹത്തോടെ പുതിയൊരു ജീവന്‍ നല്‍കി, Dolby Atmos-ല്‍ മിക്‌സ് ചെയ്ത്, ഇതിഹാസതുല്യനായ സംവിധായകന്‍ പ്രിയദര്‍ശനും അദ്ദേഹത്തിന്റെ സംഘവും അന്ന് ഉദ്ദേശിച്ചതുപോലെ തന്നെ, ആ സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതെ ഞങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നു.
ഈ സിനിമയുടെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും, ഈ സെപ്റ്റംബറില്‍, കുറച്ചു നേരത്തേക്ക് അവര്‍ വീണ്ടും വലിയ സ്‌ക്രീനിലെത്തും. നമ്മെ വീണ്ടും ചിരിപ്പിക്കാന്‍…ആര്‍പ്പുവിളിപ്പിക്കാന്‍…ചിലപ്പോള്‍ കണ്ണുനിറയിക്കാനും… അവരോടൊപ്പം ഒരിക്കല്‍ കൂടി നമുക്ക് സഞ്ചരിക്കാം, ഒരിക്കല്‍ കൂടി 'തേന്മാവിന്‍ കൊമ്പത്ത്' കാണാം.
കുടുംബത്തെയും കൂട്ടി വരൂ! ഒരുമിച്ചിരുന്ന് ചിരിക്കാനും പാടാനും ഓര്‍മ്മകള്‍ പങ്കിടാനും വരൂ. ഈ സിനിമ പുറത്തിറങ്ങിയ കാലത്തിന് ശേഷം ജനിച്ചവരോട് ഒരു ചെറിയ അഭ്യര്‍ത്ഥന കൂടി ''നിങ്ങളുടെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും ഈ സിനിമയെ ഇത്രമേല്‍ സ്‌നേഹിച്ചത് എന്തുകൊണ്ടാണെന്ന്, നിങ്ങള്‍ക്കും അറിയേണ്ടേ? വരൂ, വന്ന് കണ്ടറിയൂ.'
'തേന്മാവിന്‍ കൊമ്പത്ത്' - 4K Dolby Atmos-ല്‍, ഈ സെപ്റ്റംബറില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍. ചില സിനിമകള്‍ വെറുമൊരു സിനിമയല്ല. അവ നമ്മുടെ ഓര്‍മ്മകളാണ്. നമ്മുടെ ബാല്യമാണ്. നമ്മുടെ കുടുംബത്തിന്റെ കഥകളാണ്. ചില സിനിമകള്‍ ഒരുമിച്ചിരുന്ന് തന്നെ കാണേണ്ടവയാണ്.
Content Highlights: Thenmavin Kombath' is set for a re-release. The film's re-release teaser has also been unveiled by the makers