വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപം, ടി ജി മോഹൻദാസിന്റെ വാക്കുകൾ അറപ്പുളവാക്കുന്നത്: അഞ്ജലി മേനോൻ

ജന്തർ മന്ദർ പ്രതിഷേധത്തിനെതിരെയായിരുന്നു ടി ജി മോഹൻദാസ് അധിക്ഷേപ പരാമർശം നടത്തിയത്

വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപം, ടി ജി മോഹൻദാസിന്റെ വാക്കുകൾ അറപ്പുളവാക്കുന്നത്: അഞ്ജലി മേനോൻ
dot image

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യമുയർത്തി വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ആർ എസ് എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ സംവിധായിക അഞ്ജലി മേനോൻ രംഗത്ത്.

ഏറ്റവും വൃത്തികെട്ട വിദ്വേഷ പ്രസംഗമാണ് ടി ജി മോഹൻദാസ് നടത്തിയത് എന്ന് അഞ്ജലി മേനോൻ പറഞ്ഞു. അറപ്പുളവാക്കുന്ന ഈ വാക്കുകളിൽ നിന്നും പൂർണമായി മുഖം തിരിക്കണമെന്നാണ് ആദ്യം കരുതിയത്, എന്നാൽ ഇവയ്‌ക്കെതിരെ സംസാരിച്ചേ മതിയാകൂ എന്ന് പിന്നീട് തോന്നിയെന്നും അവർ പറഞ്ഞു.

ഈ വീഡിയോയിൽ സംസാരിച്ചയാളും അത് റെക്കോർഡ് ചെയ്തയാളും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തവരും വീഡിയോയ്ക്ക് ലൈക്ക് ചെയ്തവരും അതിനെ പിന്തുണക്കുന്നവരുമടക്കം എല്ലാവരും വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണ് എന്നും അഞ്ജലി മേനോൻ പറഞ്ഞു. ഇത്തരം പ്രസ്താവനകളെ ഒരു തരത്തിലും അവഗണിക്കരുതെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രി ടി ജി മോഹൻദാസിനെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹൻദാസ് പറഞ്ഞത്. പ്രതിഷേധത്തിന് എത്തുന്നവർ കൂട്ടബലാത്സംഗം ചെയ്യപ്പെടാൻ ഇഷ്ടപ്പെടുന്നവരാണെന്നും ഇയാൾ പറഞ്ഞിരുന്നു.

'ജന്തർ മന്തറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകൾ ചിതറിയോടും. കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും' എന്നാണ് ടി ജി മോഹൻദാസ് പറഞ്ഞത്. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് പറയുന്നുണ്ട്.

ടി ജി മോഹൻദാസിനെതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര മന്ത്രിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയുടെ പരാതിയിൽ കേസെടുത്തിട്ടും കോൺഗ്രസ് ഭാരവാഹികൾ നൽകിയ പരാതി പരിഗണിച്ചില്ലെന്നും പൊലീസിലെ ഒരു വിഭാഗത്തിന്റെ ഇരട്ടത്താപ്പ് ആഭ്യന്തര വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നുമായിരുന്നു ആരോപണം. ടി ജി മോഹൻദാസിനെതിരായ പരാതിയിൽ അന്വേഷണത്തിന് മാത്രമാണ് നേരത്തെ നിർദേശം നൽകിയിരുന്നത്. സൈബൽ സെൽ ഐജി പി പ്രകാശിനായിരുന്നു അന്വേഷണ ചുമതല.

Content Highlights: Anjali Menon against T G Mohandas on his words against CJP Protesters. She says these kind of hate speech should called out.

dot image
To advertise here,contact us
dot image