

ഉപഭോക്താവിന്റെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് സ്വമേധയാ പണം പിന്‍വലിച്ച് സ്വര്‍ണ വായ്പ അടച്ചതില്‍ കാനറ ബാങ്കിന് പിഴ ചുമത്തി. പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍, പരാതിക്കാരിക്ക് 35,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കേസിന്റെ ചെലവായും നല്‍കാന്‍ വിധിച്ചു. ബാങ്കിന്റെ നടപടി അനധികൃതമാണെന്ന് കണ്ടെത്തിയാണ് നടപടി.
പ്രസിഡന്റ് വിനയ് മേനോന്‍ വി, അംഗങ്ങളായ വിദ്യ എ, കൃഷ്ണന്‍കുട്ടി എന്‍ കെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരിയുടെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് സ്വര്‍ണ വായ്പ അക്കൗണ്ടിലേക്ക് 53,463 രൂപ പിന്‍വലിച്ചത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഇത് കരാര്‍ ലംഘനവും ബാങ്കിന്റെ സേവനത്തിലെ വീഴ്ചയുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
വായ്പയ്ക്ക് മതിയായ സുരക്ഷയായി സ്വര്‍ണം പണയം വെച്ച സാഹചര്യത്തില്‍ ബാങ്കിന്റെ ബാങ്കേഴ്‌സ് ലിയന്‍ അവകാശം പ്രയോഗിക്കുന്നതും, പ്രത്യേകിച്ച് വായ്പയുടെ കാലാവധി അവസാനിക്കുന്ന ദിവസം ഞായറാഴ്ചയായതിനാല്‍ അന്ന് തന്നെ പണം പിന്‍വലിച്ചത് ന്യായീകരിക്കാനാകില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
പരാതിക്കാരി 2023 മാര്‍ച്ച് 10ന് കാനറ ബാങ്കില്‍ നിന്ന് 90,000യുടെ സ്വര്‍ണ വായ്പ എടുത്തിരുന്നു. വായ്പയുടെ കാലാവധി 2024 മാര്‍ച്ച് 10ന് അവസാനിക്കേണ്ടതായിരുന്നു. വായ്പ പുതുക്കാന്‍ വാര്‍ഷിക പലിശയായ ഏകദേശം 10,000 രൂപ അടച്ചാല്‍ മതിയെന്നായിരുന്നു ഉപഭോക്താവിന്റെ ധാരണ. കാലാവധി അവസാനിക്കുന്ന ദിവസം ഞായറാഴ്ച ആയതിനാല്‍ അടുത്ത പ്രവൃത്തി ദിവസമായ മാര്‍ച്ച് 11ന് ബാങ്കിലെത്തി പലിശ അടച്ച് വായ്പ പുതുക്കാനായിരുന്നു തീരുമാനം.
എന്നാല്‍ മാര്‍ച്ച് 10ന് തന്നെ ബാങ്കിന്റെ കമ്പ്യൂട്ടര്‍ സംവിധാനം ഉപഭോക്താവിന്റെ അനുമതിയില്ലാതെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് 53,464 ഡെബിറ്റ് ചെയ്ത് സ്വര്‍ണ വായ്പ അക്കൗണ്ട് ക്ലോസ് ചെയ്തു.
അടുത്ത ദിവസം ബാങ്കിനെ സമീപിച്ചപ്പോള്‍ പുതിയ സ്വര്‍ണ വായ്പ അനുവദിക്കുകയും ഡെബിറ്റ് ചെയ്ത തുക വീണ്ടും അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും ചെയ്തുവെന്ന് അറിയിച്ചു. ബാങ്ക് സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ഉപഭോക്താവ് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ നിയമച്ചെലവും ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
Content Highlights: Palakkad District Consumer Commission held Canara Bank liable for deficiency in service after it debited ₹53,464 from a customer’s savings account without consent to close a gold loan, and ordered the bank to pay ₹35,000 compensation along with ₹10,000 litigation costs