

ഏറെ നാളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ഗീതു മോഹൻദാസാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ യഷ്.
'ഇതൊരു റോളർ- കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. എന്നാൽ അതേസമയം, ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേ കാണുമ്പോൾ ഒരു ബിഗ്- സ്‌കെയിൽ സിനിമ മാത്രമായി തോന്നുമെങ്കിലും, അതിന്റെ ഉള്ളിൽ ശക്തമായ വികാരങ്ങളുണ്ട്. തിയേറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്നുപോകും. 'ഇതെന്തായിരുന്നു!' എന്നാകും അവരുടെ പ്രതികരണം', യഷിന്റെ വാക്കുകൾ.
കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സുമാണ് ചിത്രം നിര്‍മിക്കുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമാകോൺ 2026 വേദിയിൽ ചിത്രം അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണം ലഭിച്ചതിന്റെ പശ്ചാതലത്തിൽ ചിത്രത്തിന് കൂടുതൽ വലിയ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകൾ തുറന്നതായാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനെ തുടർന്നാണ് റിലീസ് മാറ്റിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രം അതിന്റെ അർഹമായ വലിയ സ്‌കെയിലിൽ തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിലീസ് പ്ലാൻ തയ്യാറാക്കുന്നതെന്ന് അണിയറ പ്രവർത്തകരും വ്യക്തമാക്കി.
Content Highlights: Actor Yash has shared his excitement about the upcoming film Toxic, saying audiences may be left surprised after watching it. He hinted that the movie will offer a distinctive cinematic experience and leave viewers with a strong reaction.