

ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ഡല്‍ഹി പൊലീസ് നടപടിയിലെ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് തടസപ്പെട്ടു. രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. പൊലീസ് എന്തിനാണ് ദേശിയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറിയതെന്നും യൂണിഫോം ഇല്ലാതെ ഉദ്യോഗസ്ഥര്‍ എത്തിയത് ഗൗരവതരമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്നലെ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കുന്നതിനായി ഡല്‍ഹി പൊലീസ് മഫ്തിയില്‍ എകെജി ഭവനില്‍ എത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ദേശിയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറിയത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. പൊലീസ് നടപടി ജനാധിപത്യത്തിന് അപമാനമാണ്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം എന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടത് എംപിമാര്‍ രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
എന്നാല്‍ സാധാരണ നടപടി മാത്രമാണ് എന്നായിരുന്നു വിഷയത്തില്‍ ജെ പി നദ്ദയുടെ ന്യായീകരണം. അടിയന്തരാവസ്ഥക്കാലത്ത് താന്‍ ക്ലാസ് മുറിയില്‍ നിന്ന് അറസ്റ്റിലായിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടിയെ ജെപി നദ്ദ ന്യായീകരിച്ചത്.
2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎം നീക്കം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ടും പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പൊലീസ് നടപടിയും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി.
Content Highlights: Parliament proceedings were disrupted following protests over the Delhi Police action against SFI leader Aishe Ghosh. Opposition members raised objections and demanded discussions on the issue, leading to disruptions in the House.