ഒറ്റപ്പദവി കര്‍ശനമാക്കി ലീഗ്; മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നിർദ്ദേശം

സംഘടനാ ചുമതലകളില്‍ കൂടുതല്‍പേര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിക്കൂടിയാണ് നടപടി

ഒറ്റപ്പദവി കര്‍ശനമാക്കി ലീഗ്; മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നിർദ്ദേശം
dot image

കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍ദ്ദേശം നല്‍കിയത്.

ഇതോടെ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ടി.പി അഷറഫലി, ഫൈസല്‍ ബാബു തുടങ്ങി നിരവധി പേര്‍ പദവികള്‍ ഒഴിയേണ്ടി വരും. സംഘടനാ ചുമതലകളില്‍ കൂടുതല്‍പേര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒരാള്‍ക്ക് ഒരുപദവി എന്ന നിര്‍ദ്ദേശവുമായി സംസ്ഥാന കമ്മിറ്റി നേരത്തേതന്നെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരും ഉപാധ്യക്ഷരും സ്ഥിരം സമിതി അധ്യക്ഷരുമാകുന്നവര്‍ക്കടക്കം ഒറ്റപ്പദവി നിര്‍ദ്ദേശം ബാധകമാണ്. തദ്ദേശതലത്തിൽ ഇത് ഭാഗികമായെങ്കിലും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, എംപിമാരും എംഎൽഎമാരും പാർട്ടി ഭാരവാഹിത്വത്തിലും തുടരുന്ന സാഹചര്യത്തിലാണ് ഒറ്റപ്പദവി തീരുമാനം നടപ്പാക്കണമെന്ന നിർദ്ദേശം വീണ്ടും ഉയർന്നുവന്നത്.

Content Highlights: Muslim League has strengthened its one-post-one-person policy

dot image
To advertise here,contact us
dot image