

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു.
ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഷോ വലിയ ആഘോഷങ്ങളോടെ വരവേൽക്കുകയാണ് മല്ലു അർജുൻ ആരാധകർ.
സിനിമയുടെ ആദ്യ ദിന കളക്ഷൻ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രീമിയര്‍ ഷോയടക്കം ആദ്യദിവസം 20 ലക്ഷത്തിനടുത്താണ് ഹാപ്പി സ്വന്തമാക്കിയത്. സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് സ്‌ക്രീൻ കൗണ്ട് കൂട്ടാനും സാധ്യതയുണ്ട്. എറണാകുളം സവിത തിയേറ്ററിൽ ആണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിച്ചത്. തിയേറ്ററിന് അകത്തുനിന്നുള്ള സിനിമയുടെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും വിഡിയോകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാട്ടുകൾക്കൊത്ത് ഡാൻസ് കളിക്കുകയും ഡയലോഗുകൾ ഏറ്റുപറയുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോ ട്രെൻഡിങ്ങിലാണ്.
4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. നേരത്തെ അല്ലുവിൻ്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് സിനിമ പുറത്തിറങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.
Content Highlights: Happy is a 2006 Telugu romantic action comedy starring Allu Arjun and Genelia D’Souza, directed by A. Karunakaran. The film later gained cult popularity, especially in Kerala, despite an average initial box office performance.