

ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടൻ ആണ് അർജുൻ സർജ. നടന്റേതായി പുറത്തുവന്ന ആക്ഷൻ സിനിമകൾ എല്ലാം കേരളത്തിൽ ഉൾപ്പെടെ ഹിറ്റാണ്. ഇപ്പോഴിതാ ബാലതാരമായി ഹിന്ദിയില്‍ അഭിനയിച്ചപ്പോഴുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍. ആജ് കെ ഷോലെ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മകളാണ് താരം പങ്കുവച്ചത്. അന്ന് കരയുന്ന രംഗത്ത് ചിത്രീകരിക്കാനായി സംവിധായകന്‍ രാജേന്ദ്ര സിങ് തന്നെ അടിച്ചുവെന്നാണ് അര്‍ജുന്‍ പറയുന്നത്. എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്.
'സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ആദ്യദിവസം തന്നെ സംവിധായകനില്‍ നിന്നും ഞാന്‍ അടി വാങ്ങി. അതില്‍ കഥാപാത്രമാകുന്നൊരു പയ്യന്‍ മരിക്കുന്നുണ്ട്. ആ സീന്‍ ആണ് എടുക്കുന്നത്. കരഞ്ഞ് അഭിനയിക്കാന്‍ സംവിധായകന്‍ പറയുന്നുണ്ട്. എനിക്ക് പറ്റുന്നുമില്ല. ഒപ്പമുള്ളവര്‍ ഓരോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ട്. എനിക്ക് ചിരി നിയന്ത്രിക്കാനും പറ്റുന്നില്ല. സംവിധായകന്‍ അടുത്ത് വന്ന് കവിളില്‍ ഒരൊറ്റ അടി. ഞെട്ടിപ്പോയി. കണ്ണ് ചുവന്ന് കണ്ണീര് വന്നു. ഡയറക്ടറെ അടിക്കണം എന്ന ഘട്ടം വരെ ഞാന്‍ എത്തി. പക്ഷേ എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോ കറക്ടായി. ഷോട്ട് എടുക്കാന്‍ സംവിധായകന്‍ പറയുകയായിരുന്നു', അർജുന്റെ വാക്കുകൾ.
ബ്ലാസ്റ്റ് എന്ന ആക്ഷൻ സിനിമയാണ് ഇപ്പോൾ തിയേറ്ററിൽ എത്തിയ അർജുൻ ചിത്രം. ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്.പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. കളക്ഷൻ വമ്പൻ കുതിപ്പാണ് സിനിമ നടത്തുന്നത്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 34കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 27 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം ഏഴ് കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു. മെയ് 29 മുതല്‍ 31 വരെ നീളുന്ന ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ബ്ലാസ്റ്റാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം 3 നെ അടക്കം പിന്നിലാക്കിക്കൊണ്ടാണ് ബ്ലാസ്റ്റ് വാരാന്ത്യത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കളക്ഷന്‍ സ്വന്തമാക്കിയത്.
Content Highlights: Actor Arjun Sarja shared an intense behind-the-scenes experience from his career, revealing that a director once slapped him during a scene to bring out a genuine emotional reaction. He admitted that the moment was so intense it made him feel like retaliating, highlighting the extremes sometimes involved in filmmaking.