

2026 കേരള ബോക്സ് ഓഫീസിന് ഒരു നല്ല സമയമായി തുടരുകയാണ്. നിരവധി ഹിറ്റ് സിനിമകൾ ആണ് ഇതുവരെ മലയാളത്തിൽ നിന്ന് വന്നിട്ടുള്ളത്. അതേസമയം, നിരവധി അന്യഭാഷാ സിനിമകളും ഇത്തവണ കേരള ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി സിനിമകൾ കോടികളാണ് കേരളത്തിൽ നിന്ന് കൊയ്തത്.
രൺവീർ സിംഗ് ചിത്രം ധുരന്ദർ 2 വമ്പൻ ഓപ്പണിങ്ങിനൊപ്പം ഗംഭീര കളക്ഷൻ ആണ് കേരളത്തിൽ നിന്ന് വാരിക്കൂട്ടിയത്. 45 ദിവസം കൊണ്ട് 19.22 കോടിയാണ് ധുരന്ദർ 2 വിന്റെ കേരള കളക്ഷൻ. ഗംഭീര അഭിപ്രായം ആണ് സിനിമ നേടിയതും. ചിത്രത്തിലെ രൺവീറിന്റെ പ്രകടനവും ചർച്ചയായിരുന്നു. റയാൻ ഗോസ്‌ലിംഗ് നായകനായി എത്തിയ ഹോളിവുഡ് ചിത്രം പ്രൊജക്റ്റ് ഹെയിൽ മേരിക്കും കേരളത്തിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. സയൻസ് ഫിക്ഷൻ ഴോണറിൽ എത്തിയ സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും നല്ല അഭിപ്രായങ്ങൾ ആണ് ലഭിച്ചത്. 5.46 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. ഫിൽ ലോർഡ്, ക്രിസ് മില്ലർ എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. ഡ്രൂ ഗോഡ്ഡാർഡ് ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്.
മൈക്കൽ ജാക്‌സണിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തുവന്ന മൈക്കൽ ജാക്സൺ എന്ന ചിത്രവും കേരളത്തിൽ നിന്ന് വലിയ കളക്ഷൻ നേടിയിരുന്നു. 3.87 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. അൻ്റോയിൻ ഫുക്വ ആണ് സിനിമ സംവിധാനം ചെയ്തത്. ജാഫർ ജാക്‌സൺ, നിയ ലോംഗ്, ജൂലിയാനോ വാൽഡി, കെയ്‌ലിൻ ഡറൽ ജോൺസ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 858 മില്യൺ ആണ് സിനിമ നേടിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യ നായകനായി എത്തിയ കറുപ്പ് കേരളത്തിൽ റെക്കോർഡ് കളക്ഷൻ ആണ് നേടിയത്. 20 ദിവസം കൊണ്ട് 14.21 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടി മറികടന്നുകഴിഞ്ഞു. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രവുമാണ് കറുപ്പ്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ അത് വെറും 4 ദിനം കൊണ്ട് കറുപ്പ് ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യ, ഇന്ദ്രൻസ്, തൃഷ, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വലിയ കയ്യടികൾ നേടുന്നുണ്ട്.

ഇപ്പോഴിതാ ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രവും കേരളത്തിൽ നിന്ന് വലിയ കളക്ഷൻ ആണ് നേടുന്നത്. 6.36 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്.പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. കളക്ഷൻ വമ്പൻ കുതിപ്പാണ് സിനിമ നടത്തുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 34കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 27 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. ഇതിന് പുറമെ ഹോളിവുഡ് ചിത്രങ്ങളായ ദി മമ്മിയും സൂപ്പർ മാരിയോ ഗാലക്സി എന്നീ സിനിമകളും കേരളത്തിൽ നിന്ന് വലിയ കളക്ഷൻ നേടിയിരുന്നു.
Content Highlights: The Kerala box office witnessed a diverse mix of successful releases, with Malayalam films sharing the spotlight with major non-Malayalam titles. Projects associated with Ranveer Singh, Suriya and Michael Jackson attracted significant audience attention, contributing to a vibrant theatrical market across the state.