സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്, നിര്‍ണായകം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് അപ്പീല്‍

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്, നിര്‍ണായകം
dot image

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ഇ ഡി അന്വേഷണത്തിനെതിരായ സിഎംആര്‍എല്‍ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും. സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് അപ്പീല്‍.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യം. അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ഇതിനിടെ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഡയറക്ടര്‍ രാഹുല്‍ നവീന്റെ സാന്നിധ്യത്തില്‍ രാവിലെ കൊച്ചി സോണല്‍ ഓഫീസിലാണ് ഉന്നത തല യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സിഎംആര്‍എല്ലിന്റ അപ്പീലില്‍ ഹൈക്കോടതി വിധി അനുകൂലമായാല്‍ വീണ ടി-ക്ക് അടക്കം സമന്‍സ് അയക്കുന്നതിലും തീരുമാനം ഉണ്ടാകും.

സിഎംആര്‍എല്ലിന്റെ അപ്പീല്‍ തിങ്കളാഴ്ച പരിഗണിച്ച കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. ഇതുവരെ സിഎംആര്‍എല്‍-എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ഇ ഡി നടപടികള്‍ കോടതി തടയുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വിജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്.

Content Highlights: The High Court is set to deliver a crucial order today on the appeal in the CMRL–Exalogic case, making it a key day in the ongoing legal proceedings

dot image
To advertise here,contact us
dot image