ജുവൽ മേരി മരിച്ചെന്ന വ്യാജ വാർത്ത, തന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ലെന്ന് നടി

'ഞാന്‍ മരണം കാത്തു കിടക്കുകയാണ് എനിക്ക് അനങ്ങാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്. പക്ഷെ നമ്മള്‍ ഫിനിഷ്ഡ് അല്ല'

ജുവൽ മേരി മരിച്ചെന്ന വ്യാജ വാർത്ത, തന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ലെന്ന് നടി
dot image

നടിയും അവതാരകയുമായ ജുവൽ മേരിക്ക് 2023ലാണ് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കും വിധേയയായ താരം കാൻസറിനെ പൂർണ്ണമായും തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായി താൻ മരിച്ചു പോയെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണെന്നും എന്നാൽ ചത്തിട്ടില്ലെന്നും പറയുകയാണ് ജുവൽ മേരി. ഈയ്യടുത്ത് ഒരു പരിപാടിയില്‍ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് ജുവല്‍ മേരി സംസാരിച്ചിരുന്നു. ഈ വാര്‍ത്തയെയാണ് സോഷ്യൽ മീഡിയ വളച്ചൊടിക്കപ്പെട്ടത്. ഇതിൽ പ്രതികരിച്ച് വീഡിയോ പങ്കിട്ടിരിക്കുകയാണ് നടി.

'രണ്ട് ദിവസമായി എന്റെ ശ്രദ്ധയില്‍പെട്ടിട്ടുള്ളൊരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ വിഡിയോ. ചത്തിട്ടില്ല മക്കളേ ഞാന്‍ ചത്തിട്ടില്ല. രണ്ട് ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാന്‍ മരണം കാത്തു കിടക്കുകയാണ് എനിക്ക് അനങ്ങാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്. പക്ഷെ നമ്മള്‍ ഫിനിഷ്ഡ് അല്ല. 2023 ല്‍ എനിക്ക് വന്ന കാന്‍സറിനെക്കുറിച്ച് കേരള കാന്‍ എന്ന പരിപാടിയില്‍ സംസാരിക്കേണ്ടി വന്നു.

ആ വാക്കുകളെടുത്ത് ഇപ്പോള്‍ ഞാന്‍ അങ്ങനെയാണ് എന്ന ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷന്‍സ് കൊടുത്ത്, എന്നെ കൊല്ലാന്‍ തയ്യാറെടുക്കുന്ന ഓണ്‍ലൈന്‍ സഹോദരന്മാരോട്, എന്‌റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ ജീവനോടെയുണ്ട്. ജീവിതം അതിന്റെ പൂര്‍ണതയോടു കൂടി തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്, ജീവിക്കുകയാണ്. ഇനി ആ വാര്‍ത്ത അങ്ങ് വിട്ടേര്. എന്നെ സ്‌നേഹിക്കുന്ന ഒുപാട് പേര് എനിക്ക് വേണ്ടി ടെന്‍ഷന്‍ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും പറ്റിയില്ല. അപ്പോള്‍ നിങ്ങള്‍ ഹാപ്പിയായിരിക്കുക,'ജുവല്‍ മേരി പറഞ്ഞു. അതേസമയം, തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് നേരത്തെ തന്നെ ജുവൽ പറഞ്ഞിരുന്നു.

Content Highlights: Actress Jewel Mary has reacted to fake news circulating online about her alleged death. Addressing the rumours, the actress confirmed that she is alive and appealed to social media users to verify information before sharing it.

dot image
To advertise here,contact us
dot image