

സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ മോഹൻലാൽ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം ഇപ്പോൾ റീറിലീസിനൊരുങ്ങുകയാണ്. 1989ൽ തിയേറ്ററുകളിലെത്തിയ ചിത്രം ഡോൾബി അറ്റ്മോസിൽ 4കെ ദൃശ്യഭംഗിയിൽ റീറിലീസിന് തയ്യാറാവുകയാണ്. മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന ചിത്രത്തിൽ സിനിമയുടെ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ- റിലീസിന് എത്തും.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. മോഹൻലാൽ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയർത്തിയ സിനിമ, കിരീടം എന്ന് കേൾക്കുമ്പോൾ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓർക്കുന്ന തലത്തിലേക്ക് ഉയർത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തിൽ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉൾപ്പെരുപ്പറിയുന്ന മാസ്റ്റർ സ്റ്റോറി ടെല്ലറുടെ, സിബി മലയിൽ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ, ജോൺസൺ എന്ന സംഗീത മാന്ത്രികന്റെ സിനിമ. സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ- തിലകൻ ഓൺസ്‌ക്രീൻ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകർത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസിൽ ഉറച്ചുപോയ മുൾക്കിരീടം ആണ് ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.
ജീവിതം മുഴുവൻ കരിനിഴൽ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയപ്പോൾ 'കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്' എന്ന രംഗം ഇന്നും മലയാളത്തിലെ വൈകാരിക തീവ്രതയുള്ള മികച്ച രംഗങ്ങളിലൊന്നാണ്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേർന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ. സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ. ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്‌മോസ് മിക്‌സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്‌ലർ കട്‌സ്: ഡോൺ മാക്‌സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പിആർഒ: പി.ശിവപ്രസാദ്.
Content Highlights: The legendary Malayalam film Kireedam, starring Mohanlal, is gearing up for a theatrical re-release 36 years after its original debut. Directed by Sibi Malayil and written by A. K. Lohithadas, the film remains one of the most celebrated classics in Malayalam cinema history. The re-release is expected to bring nostalgia to longtime fans while introducing the masterpiece to a new generation of movie lovers.