

വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് നിർണായക മത്സരത്തിൽ രാജസ്ഥാന് തുണയായത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഏഴുവിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്.
ലഖ്‌നൗ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. വൈഭവ് 38 പന്തിൽ നിന്ന് 93 റൺസുമായി വിജയശിൽപ്പിയായി. മത്സരത്തിലെ പ്രകടനത്തോടെ ഒട്ടേറെ റെക്കോഡുകളും താരം സ്വന്തമാക്കി.
ഏഴുഫോറും പത്ത് സിക്‌സറും വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നു. അതായത് 93 റൺസിൽ അഞ്ച് റൺസ് മാത്രമാണ് താരം ഓടിയെടുത്തത്. 88 റൺസും പിറന്നത് ബൗണ്ടറികളിൽ നിന്നാണ്.
സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വൈഭവ് ഒന്നാമതെത്തി. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 579 റൺസാണ് വൈഭവിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 563 റൺസുമായി മിച്ചൽ മാർഷാണ് രണ്ടാമത്. ഒരു ഐപിഎൽ സീസണിൽ 500 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്.
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്താനും വൈഭവിനായി. നിലവിൽ 53 സിക്‌സറാണ് വൈഭവ് ഈ സീസണിൽ നേടിയത്.
59 സിക്‌സർ നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ തലപ്പത്ത്. വൈഭവിന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ റെക്കോഡ് തകർക്കാനുള്ള സാധ്യതയുണ്ട്. ഏഴുസിക്സർ കൂടി നേടിയാൽ ഗെയ്ലിനെ മറികടന്ന് റെക്കോഡ് കുറിക്കാൻ താരത്തിനാകും. നേരത്തേ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ താരമായി വൈഭവ് മാറിയിരുന്നു.
content highlights:vaibhav-sooryavanshi-chasing-chris-gayle-ipl-sixes-record-