

ഭീം പേയ്മെന്റ്‌സ് ആപ്പിന്റെ ഇടപാടുകളില്‍ വന്‍ വളര്‍ച്ച. 2026 സാമ്പത്തിക വര്‍ഷത്തില്‍ 301% വളര്‍ച്ച രേഖപ്പെടുത്തി. ദിവസേന ചെയ്യുന്ന സാധാരണ പണമിടപാടുകള്‍ക്കെല്ലാം കൂടുതല്‍ ആളുകള്‍ ഭീം ആപ്പിനെ ആശ്രയിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. കച്ചവട സാധനങ്ങള്‍ വാങ്ങല്‍, ഹോട്ടല്‍/ഭക്ഷണ ചെലവുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്‍ പേയ്മെന്റുകള്‍ എന്നിവയ്‌ക്കെല്ലാം ആളുകള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതായി എന്‍പിസിഐ അറിയിച്ചു.
കമ്പനി പറഞ്ഞതനുസരിച്ച്, ആപ്പിലെ മാസാവസാന ഇടപാടുകള്‍ 2025 ഏപ്രിലിലെ 5.93 കോടി ഇടപാടുകളില്‍ നിന്ന് 2026 മാര്‍ച്ചില്‍ 21.6 കോടിയായി ഉയര്‍ന്നു. അതായത് ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ മൂന്നു മടങ്ങിലധികം വളര്‍ച്ചയാണ് നേടിയത്. 2026 ഏപ്രിലില്‍ മാത്രം, ആപ്പ് വഴി 22.49 കോടി ഇടപാടുകള്‍ നടന്നു. ഇതിന്റെ മൊത്തം മൂല്യം 26,040 കോടി രൂപയായിരുന്നു.
പശ്ചിമ ബംഗാള്‍, ഭീം ആപ്പ് ഉപയോഗം വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നായി മാറി. അവിടെ 2026 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന ഇടപാടുകളില്‍ 71 ശതമാനവും ബിസിനസ് പേയ്മെന്റുകളായിരുന്നു. അതായത്, ഉപഭോക്താക്കള്‍ കടകളിലേക്കും വ്യാപാരികളിലേക്കും നേരിട്ട് നടത്തിയ ഡിജിറ്റല്‍ പേയ്മെന്റുകളാണ് അവ.
ഉപയോക്താക്കള്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള പുതിയ പേയ്മെന്റ് സൗകര്യങ്ങള്‍ കൂടുതലായി സ്വീകരിച്ചു വരികയാണ്. കൂടുതല്‍ ആളുകളിലേക്ക് ആപ്പ് എത്തിക്കുന്നതിനായി, ഇപ്പോള്‍ ഈ ആപ്പ് ബംഗാളി ഉള്‍പ്പെടെ 15ലധികം പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. കൂടാതെ, ഗ്രാമപ്രദേശങ്ങളിലും അര്‍ധനഗര പ്രദേശങ്ങളിലുമുള്ള കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന രീതിയില്‍ ആപ്പ് മെച്ചപ്പെടുത്തിയിട്ടുണ്ട്.
Content Highlights: BHIM app recorded a massive 301% growth in FY26 transaction volumes as users increasingly adopted new UPI-based payment features across India