'മുൻപ് ഹിന്ദിയിലൊക്കെ ചെയ്യാൻ പോയതാ..' അല്ലു അർജുൻ- ബേസിൽ പടം എന്തായി ? മറുപടി നൽകി നടൻ

'ഹിന്ദിയില്‍ ഒരു സിനിമ പ്ലാന്‍ ചെയ്തു. അത് നടന്നില്ല, രണ്ട് വര്‍ഷം പോയി. ആ ട്രോമയിൽ നിന്നാണ് അതിരടി ഉണ്ടാകുന്നത്'

'മുൻപ് ഹിന്ദിയിലൊക്കെ ചെയ്യാൻ പോയതാ..' അല്ലു അർജുൻ- ബേസിൽ പടം എന്തായി ? മറുപടി നൽകി നടൻ
dot image

കരിയറില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ബേസില്‍ ജോസഫ് എന്ന പേര് ഇന്ന് മറുഭാഷാ സിനിമാപ്രേമികള്‍ക്കും പരിചിതമാണ്. മിന്നല്‍ മുരളിയുടെ സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല തങ്ങളെ അമ്പരപ്പിച്ച ഒരു അഭിനേതാവ് എന്ന നിലയിലും. തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായി സൂപ്പർ ഹീറോ ഫാന്റസി ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കറങ്ങി തിരിയാൻ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ അല്ലയോ അർജുൻ സിനിമയെക്കുയർച്ച് ബേസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'അല്ലു അർജുനെ വച്ച് സിനിമയെടുക്കാൻ പോകുവാണോ ?'. എന്നായിരുന്നു ബേസിലിനോടുള്ള അവതാരകന്റെ ചോദ്യം. "അതിന്റെ കാര്യങ്ങൾ ഒന്നും ആയിട്ടില്ല. എന്തെങ്കിലും നടക്കുമ്പോൾ ഞാൻ പറയാം. നടന്നിട്ടേ ഞാൻ പറയുകയുള്ളൂ. അല്ലാതെ ഒന്നും പറയാൻ പറ്റില്ല.
മുൻപ് ഹിന്ദിയിലൊക്കെ ചെയ്യാൻ പോയതാ. ഒന്നും നടന്നിട്ടില്ലല്ലോ. നടക്കുമ്പോഴേ ഇതൊക്കെ നടന്നു എന്ന് പറയാൻ പറ്റുകയുള്ളൂ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ. അല്ലു അർജുനോ രൺവീർ സിങ്ങോ രജനികാന്തോ കമൽ ഹാസനോ ആരാണെങ്കിലും". - ബേസിൽ പറഞ്ഞു. ചാറ്റ് വിത്ത് ഭക്തൻ എന്ന ചാറ്റ് ഷോയിൽ ആയിരുന്നു പ്രതികരണം.

ഹിന്ദിയിൽ പ്ലാൻ ചെയ്ത സിനിമ നടക്കാതിരുന്ന ട്രോമയിൽ നിന്നാണ് അതിരടി ഉണ്ടായതെന്ന് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലും ബേസിൽ പറഞ്ഞിരുന്നു. 'ഒരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടെങ്കില്‍ കുറച്ചും കൂടെ ഈസിയായി, കുറച്ചൂടെ ഫ്രീഡത്തോടെ സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയിരുന്നു. പക്ഷെ അതിന് കൃത്യമായ പ്ലാന്‍ ഒന്നുമില്ലായിരുന്നു. പിന്നെ അരുണും പോള്‍സനുമൊക്കെയായി ഒരു സിനിമ മലയാളത്തില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. അതു നടന്നില്ല. പിന്നീട് ഹിന്ദിയില്‍ ഒരു സിനിമ പ്ലാന്‍ ചെയ്തു അതിനു വേണ്ടി രണ്ട് വര്‍ഷത്തോളം ചിലവഴിച്ചു പക്ഷെ അതു നടന്നില്ല. അങ്ങിനെയൊരു സാഹചര്യത്തിലെ നിരാശയില്‍ ട്രോമയില്‍ നിന്നുമാണ് അതിരടി എന്ന സിനിമയിലേക്ക് എത്തിയത്'-ബേസില്‍ പറഞ്ഞു.

മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.

കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: Allu Arjun has addressed ongoing curiosity about the so-called “Basil” film project during a recent interaction. The actor responded briefly, indicating that discussions around the project are still in an early or uncertain stage, with no confirmed developments to announce yet.

dot image
To advertise here,contact us
dot image