

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന നീറ്റ് യു ജി പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചേര്‍ച്ച ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്തും. പുതിയ തിയതി പിന്നീട് അറിയിക്കും. കുട്ടികള്‍ക്ക് പുതിയ ഹാള്‍ടിക്കറ്റ് ഉടന്‍ വിതരണം ചെയ്യും. ഒരിക്കല്‍ പരീക്ഷ എഴുതിയതിനാല്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റെയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു. ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നും ഏജന്‍സി വ്യക്തമാക്കി. റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുനല്‍കാമെന്നും എന്‍ടിഎ അറിയിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്. രാജസ്ഥാനിലെ സിഖറില്‍ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ചോദ്യപേപ്പറിന് യഥാര്‍ത്ഥ നീറ്റ് പരീക്ഷയുടെ ചോദ്യങ്ങളുമായി വലിയ തോതില്‍ സാമ്യമുളളതായി കണ്ടെത്തി. ഇതോടെയാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. 720 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 600 മാര്‍ക്കിന്റെ ചോദ്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. ചോദ്യങ്ങളിലെ ഓപ്ഷനുകളുടെ ക്രമം പോലും സമാനമായിരുന്നു. ചോദ്യപേപ്പര്‍ ഇരുപതിനായിരം മുതല്‍ നാല്‍പ്പതിനായിരം രൂപ വരെ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റതായും പറയപ്പെടുന്നുണ്ട്. കേസില്‍ ഇതുവരെ അമ്പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: Question paper leak; NEET UG exam cancelled; new date to be announced soon