ചുരുളഴിയാത്ത ഒരു നിഗൂഢ വനം: പോളണ്ടിലെ ക്രൂക്കഡ് ഫോറസ്റ്റ്

വനത്തിലെ 400 മരങ്ങളും ഒരേ ദിശയിലേക്ക് വളഞ്ഞു നിൽക്കുന്നു

ചുരുളഴിയാത്ത ഒരു നിഗൂഢ വനം: പോളണ്ടിലെ ക്രൂക്കഡ് ഫോറസ്റ്റ്
dot image

ഒരു വനത്തിൽ ആകെ 400 പൈൻ മരങ്ങൾ. എല്ലാം ഒരേപോലെ വളഞ്ഞുനിൽക്കുന്നു. കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നിഗൂഢത നിറഞ്ഞ ഈ വനം സ്ഥിതി ചെയ്യുന്നത് വടക്കുപടിഞ്ഞാറൻ പോളണ്ടിലാണ്. വളഞ്ഞ വനം അഥവാ Crooked Forest.

ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ വനങ്ങളിൽ ഒന്നാണ് പോളണ്ടിലെ നൊവെ ചർനോവോ (Nowe Czarnowo) ഗ്രാമത്തിനടുത്തുള്ള ഈ Crooked Forest. വനത്തിലെ എല്ലാ മരങ്ങളും ഒരേപോലെ വളഞ്ഞുനിൽക്കുന്ന ഈ കാഴ്ച ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തും. 1930കളിൽ നട്ടുപിടിപ്പിച്ചു എന്ന് കരുതപ്പെടുന്ന ഈ മരങ്ങളുടെ വളവ് ഇപ്പോഴും ശാസ്ത്രലോകത്തിന് ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.

Poland's Crooked Forest
Poland's Crooked Forest

എന്താണ് ക്രൂക്കഡ് ഫോറസ്റ്റിന്റെ പ്രത്യേകത?


ഒരു വനത്തിലെ ഒന്നോ രണ്ടോ മരങ്ങൾക്ക് വളവ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. സൂര്യപ്രകാശം, വളം തുടങ്ങി മരത്തിന്റെ അതിജീവനത്തിന് ആവശ്യമായവ ലഭ്യമാകാൻ മരം സ്വയം സ്വീകരിക്കുന്ന ചില അതിജീവന മാർഗങ്ങളിൽ ഒന്നാണ് വളവ്. എന്നാൽ ക്രൂക്കഡ് ഫോറസ്റ്റിലെ എല്ലാ മരങ്ങളും ഒരേ പോലെ വളഞ്ഞു നിൽക്കുന്നു എന്നതാണ് അത്ഭുതവും നിഗൂഢതയും സൃഷ്ടിക്കുന്ന വസ്തുത.

ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങൾ അവയുടെ ചുവട്ടിൽ നിന്നും ഏകദേശം 90 ഡിഗ്രി വടക്ക് ദിക്കിലേക്ക് വളഞ്ഞാണ് നിൽക്കുന്നത്. ഏകദേശം 3 മുതൽ 9 അടി വരെ നീളത്തിൽ ഇത്തരത്തിൽ വളഞ്ഞ ശേഷം മരങ്ങൾ വീണ്ടും മുകളിലേക്ക് കുത്തനെ വളരുന്നു. ഏറ്റവും രസകരമായ കാര്യം, ഈ പ്രത്യേക പ്രദേശത്തിന് പുറത്തുള്ള മരങ്ങളെല്ലാം സാധാരണ മരങ്ങളെപ്പോലെ നേരെയാണ് വളരുന്നത് എന്നതാണ്.

Curved Crooked Forest Poland
Curved Crooked Forest

എന്തുകൊണ്ട് ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങൾ വളഞ്ഞു നിൽക്കുന്നു?


ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങളുടെ വിചിത്രമായ വളവിന് പിന്നിൽ പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അനുമാനങ്ങൾ മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത്. അതിൽ ചിലത് ഇവയാണ്:

മനുഷ്യനിർമ്മിതം
ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങളുടെ പ്രായം കണക്കാക്കുമ്പോൾ വ്യക്തമാകുന്നത് ഇവ നട്ടുപിടിപ്പിച്ച വർഷം ഏതാണ്ട് 1930കളാണ്. മരങ്ങൾ കൃത്യമായ ദൂരത്തിൽ നിൽക്കുന്നതിനാൽ എന്തോ പ്രത്യേക ആവശ്യത്തിനായി ആരോ നട്ടുപിടിപ്പിച്ചതാണ് എന്ന് വ്യക്തമാണ്. പക്ഷെ എന്തോ കാരണത്താൽ ഇവർ പ്രസ്തുത സ്ഥലവും മരങ്ങളും ഉപേക്ഷിക്കുകയായിരുന്നു.

മരങ്ങളുടെ വളവിന്റെ കാര്യത്തിൽ കൂടുതലും വിശ്വസിക്കപ്പെടുന്നത് പ്രസ്തുത വളവ് മനുഷ്യനിർമ്മിതമാണ് എന്നതാണ്. 1930കളിൽ തടി ഉപയോഗിച്ച് കപ്പലുകളോ ഫർണിച്ചറുകളോ നിർമ്മിക്കാനായി അന്നത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരോ മറ്റോ ബോധപൂർവ്വം മരങ്ങൾ വളച്ചതായിരിക്കാം എന്നാണ് കരുതുന്നത്. കപ്പലുകളും മറ്റും നിർമ്മിക്കുന്നതിന് പ്രകൃതിദത്തമായി വളഞ്ഞ തടി മരപ്പണിക്കാർക്ക് ഏറെ ഉപകരിക്കുന്നവയാണ്. കൃത്രിമമായി തടിയിൽ വളവ് ഉണ്ടാക്കുന്നതിന് സമയവും അധ്വാനവും കൂടുതലായി ഉപയോഗിക്കേണ്ടി വരും. ഒരുപക്ഷെ സമയവും അധ്വാനവും ലഭിക്കാൻ ആയിരിക്കാം മരം തൈ ആയിരിക്കുമ്പോൾ തന്നെ മനുഷ്യനിർമ്മിതമായ വളവ് ഉണ്ടാക്കിയത് എന്നാണ് കരുതുന്നത്. എന്നാൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ആ ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയും പിന്നീട് മരങ്ങൾ അങ്ങനെ തന്നെ വളരുകയും ചെയ്തതാകാം എന്നതാണ് ഒരു അനുമാനം.

മഞ്ഞുവീഴ്ച
മറ്റൊരു കാരണമായി പറയുന്നത് കനത്ത മഞ്ഞുവീഴ്ചയാണ്. ചെറുപ്രായത്തിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായപ്പോൾ ഈ തൈകൾ മഞ്ഞിനടിയിൽപ്പെടുകയും മഞ്ഞിന്റെ ഭാരം കൊണ്ട് വടക്കോട്ട് വളഞ്ഞുപോകുകയും ചെയ്തതായിരിക്കാം എന്നതാണ് ഒരു വാദം. പക്ഷെ ഈ വാദത്തിനും കൃത്യമായ ശാസ്ത്രീയ തെളിവില്ല.

Crooked Forest Poland
Snow in Crooked Forest Poland

യുദ്ധടാങ്കുകൾ
ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങൾ നട്ടുപിടിപ്പിച്ചു എന്ന് കരുതപ്പെടുന്ന കാലം രണ്ടാം ലോകമഹായുദ്ധ കാലമാണ്. യുദ്ധത്തിനായി ക്രൂക്കഡ് ഫോറസ്റ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിലൂടെ വലിയ സൈനിക ടാങ്കുകൾ കടന്നുപോയിട്ടുണ്ടാകാം എന്നും ഇവയുടെ ചവിട്ടേറ്റ് തൈകൾ വളഞ്ഞുപോയതാകാം എന്നും ചിലർ കരുതുന്നു.

ഗുരുത്വാകർഷണം
ക്രൂക്കഡ് ഫോറസ്റ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഭൂഗുരുത്വാകർഷണ ബലത്തിലുണ്ടായ മാറ്റങ്ങൾ മരങ്ങളെ ഇത്തരത്തിലാക്കിയതാകാം എന്ന ശാസ്ത്രീയമല്ലാത്ത ചില സിദ്ധാന്തങ്ങളും നിലവിലുണ്ട്.

ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങളുടെ വളവിന് കാരണം എന്തുതന്നെ ആയാലും ഈ നിഗൂഢ വനം പോളണ്ടിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. 'കൃസിവി ലാസ്' (Krzywy Las) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ വനം ഒരു പ്രകൃതി സ്മാരകമായി ഇന്നും സംരക്ഷിക്കപ്പെടുന്നു. യുനെസ്കോ പദവി പോലുള്ള അംഗീകാരങ്ങൾ ഇല്ലെങ്കിലും, ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരെയും പ്രകൃതി സ്നേഹികളെയും ക്രൂക്കഡ് ഫോറസ്റ്റ് ആകർഷിക്കുന്നു. പ്രകൃതി ഭംഗി ആസ്വദിക്കാനും എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഉതകുന്ന ഫോട്ടോസ് എടുക്കാനും അവസരമൊരുക്കുന്ന ക്രൂക്കഡ് ഫോറസ്റ്റ് മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.

ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങളുടെ വളവിന്റെ യഥാർത്ഥ കാരണം മനുഷ്യന്റെ ഇടപെടലാണോ അതോ പ്രകൃതിയുടെ ലീലാവിലാസമാണോ എന്ന് ഇന്നും അജ്ഞാതമാണ്. ആ നിഗൂഢത തന്നെയാണ് ഈ വനത്തെ കൂടുതൽ സുന്ദരമാക്കുന്നതും.

Content Highlights: The Crooked Forest of Poland contains 400 pine trees uniquely curved at 90 degrees due to unknown historical causes.

dot image
To advertise here,contact us
dot image